സർക്കാർ ഇടപെടണം
തിരുവനന്തപുരം: മെരിറ്റ് മാർക്കുള്ള സംവരണ വിഭാഗങ്ങൾക്ക് ജനറൽ ക്വാട്ടയിൽ തന്നെ പ്രവശനവും നിയമനവും നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സംസ്ഥാനത്ത് നിലവിലെ രീതിയിൽ സമൂല മാറ്റം വേണ്ടി വരും. ഇതിന് സർക്കാരിന്റെ അടിയന്തര ഇടപെടലാണ് ആവശ്യം.
പി.എസ്.സി, സർവകലാശാല, ദേവസ്വം ബോർഡ് നിയമനങ്ങളിലും പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിലും സവർണ ഉദ്യോഗസ്ഥ ലോബി നടത്തുന്ന സംവരണ അട്ടിമറിയാണ് തടയേണ്ടത്.
ജനറൽ ക്വാട്ടയിൽ നിയമനം കിട്ടേണ്ടവരെ സംവരണ ക്വാട്ടയിലേക്ക് മാറ്റുന്നതിനെയാണ് കോടതി വിലക്കിയത്. എന്നാൽ സംസ്ഥാനത്ത് ഈ ഏർപ്പാട് വർഷങ്ങളായി തുടരുന്നു. പിന്നാക്ക-പട്ടിക വിഭാഗങ്ങൾക്ക് ഭീമമായ അവസരനഷ്ടവും സംഭവിക്കുന്നു. നിയമന രീതിയിൽ മാത്രമല്ല, പിന്നാക്ക-മുന്നാക്ക സംവരണം നടപ്പാക്കുന്നതിലും ഇരട്ടത്താപ്പാണ് പി.എസ്.സിക്ക്. 50: 50 അനുപാതത്തിലാണ് മെരിറ്റ് - സംവരണം നടത്തേണ്ടത്. എന്നാൽ, കൂടുതൽ നിയമനങ്ങൾ നടത്തേണ്ട വലിയ റാങ്ക് ലിസ്റ്റുകൾ പോലും 100 ഒഴിവുകളെ 20 വീതമുള്ള 5 യൂണിറ്റായി വിഭജിച്ചാണ് സംവരണ അട്ടിമറി.
കൂടുതൽ സംവരണം
മുന്നാക്കക്കാർക്ക്
മുന്നാക്ക സമുദായങ്ങൾക്കാണ് ഫലത്തിൽ പിന്നാക്കാരെക്കാൾ കൂടുതൽ സംവരണനിയമനം ലഭിക്കുന്നത്. സർവകലാശാലകളിലും ദേവസ്വം ബോർഡുകളിലും ഉൾപ്പെടെ സംവരണം ബാധകമായ എല്ലാ നിയമനങ്ങളിലും ഇതാണ് സ്ഥിതി. പിന്നാക്ക-പട്ടിക വിഭാഗങ്ങളുടെ 50 % സംവരണത്തെ ബാധിക്കാതെ ജനറൽ വിഭാഗത്തിലെ
50 ശതമാനത്തിൽ നിന്നാവും 10 % മുന്നാക്ക സംവരണമെന്നാണ് അത്
നടപ്പിലാക്കുന്ന ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നത്. അമ്പതിന്റെ പത്തിലൊന്നായ 5 ശതമാനത്തിലാവണം അപ്പോൾ മുന്നാക്ക സംവരണം. എന്നാൽ, എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റാക്കി അതിന്റെ 10 ശതമാനമാണ് മുന്നാക്ക സംവരണമായി നൽകുന്നത്. അപ്പോൾ, പിന്നാക്ക-പട്ടിക വിഭാഗക്കാരുടെ 50% സംവരണത്തിൽ കുറവ് വരുന്നു.
ഒറ്റ ഒഴിവായി കാണിക്കും:
സംവരണക്കാർ ഔട്ടാവും
സർവകലാശാലാ വകുപ്പുകളിലും ദേവസ്വം ബോർഡുകളിലും ഉയർന്ന തസ്തികകളിൽ കൂടുതൽ ഒഴിവുകളുണ്ടെങ്കിലും ഒരൊഴിവിൽ മാത്രമാവും നിയമനത്തിന് വിജ്‌ഞാപനം ഇറക്കുക. ഒരു ഒഴിവ് മാത്രമെങ്കിൽ നിയമനം മെരിറ്റിലാവണമെന്നാണ് ചട്ടം. മെരിറ്റിൽ ഇഷ്ടക്കാരെ നിയമിക്കാനും, സംവരണം അട്ടിമറിക്കാനും ഇതിലൂടെ കഴിയും. ഉന്നത തസ്തികകളിൽ സംവരണം ചെയ്യപ്പെട്ട ഒഴിവുകൾ നികത്താതിരിക്കലാണ് സർവകലാശാലകളിലെ മറ്റൊരു തന്ത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |