കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ പി.ജി വനിതാ ഡോക്ടർ ഡ്യൂട്ടിക്കിടെ ക്രൂരമായ മാനഭംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവം മെഡിക്കൽരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും ഭീതി ജനിപ്പിക്കുന്നതും, രാജ്യത്തിനാകെ അപമാനമുണ്ടാക്കുന്നതുമാണ്. കേരളത്തിലെ ഒരു യുവ വനിതാ ഡോക്ടർ സേവനത്തിനിടെ ആക്രമണത്തിൽ ക്രൂരമായി കൊലചെയ്യപ്പെട്ട് ഒരുവർഷം പൂർത്തിയാകുമ്പോഴാണ് ഈ സംഭവം. കൊൽക്കത്തയിൽ മാത്രമല്ല, ഉത്തരാഖണ്ഡിലും സമാന സംഭവമുണ്ടായി. അവിടെ ഒരു നഴ്സിന്റെ ജീവനാണ് പൊലിഞ്ഞത്.
ആരോഗ്യപ്രവർത്തകർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ലളിതവത്കരിക്കുന്ന രീതി ചില കോണുകളിലുണ്ട്. മറ്റു തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി 24 മണിക്കൂറും സേവനരംഗത്ത് പ്രവർത്തിക്കേണ്ടിവരുന്നവരാണ് ആരോഗ്യപ്രവർത്തകർ. രാജ്യത്തെ മിക്കവാറും പൊതുജനാരോഗ്യ സംവിധാനങ്ങളും ഒരു പരിധിവരെ സ്വകാര്യ ആശുപത്രികളും പ്രവർത്തിപ്പിക്കുന്നതിൽ ജൂനിയർ ഡോക്ടർമാരുടെ (പ്രത്യേകിച്ച് ഹൗസ് സർജന്മാർ, പി.ജി റസിഡന്റ് ഡോക്ടർമാർ, റസിഡന്റ് മെഡിക്കൽ ഓഫീസർമാർ) എന്നിവരുടെ സേവനം നിർണായകമാണ്.
മോഡേൺ മെഡിസിനിൽ ഇപ്പോൾ 60 ശതമാനത്തിലധികം വനിതാ ഡോക്ടർമാരാണെന്നാണ് കണക്ക്. അതിനാൽ രാത്രികാലങ്ങളിൽ നിർഭയമായി ജോലിചെയ്യാനുള്ള അന്തരീക്ഷം ഉണ്ടായേ പറ്റൂ. കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എം.ബി.ബി.എസ് പ്രവേശനം നേടിയവരിൽ 69 ശതമാനം പെൺകുട്ടികളാണ്. ദേശീയ ശരാശരി 56 ശതമാനം മാത്രം. ആശുപത്രികളിലും അനുബന്ധ ആരോഗ്യചികിത്സാ സംവിധാനങ്ങളിലും ജോലിചെയ്യുന്ന എല്ലാവർക്കും സംരക്ഷണം നൽകാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ട്. സ്വതന്ത്രമായി ജീവിക്കുവാനും ഭയരഹിതമായി തൊഴിൽ ചെയ്യുവാനുമുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒരു മേഖലയിലും പാടില്ല.
പൊതുസമൂഹത്തിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളെ സമൂഹവും രാഷ്ട്രീയപ്പാർട്ടികളും ഉദ്യോഗസ്ഥ മേധാവികളും ഇനിയും ഗൗരവത്തോടെ കാണാത്തതാണ് അത്ഭുതം. ജീവന്റെ രക്ഷകരായും കാവൽക്കാരായും നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്ക് അവരുടെ കർമ്മഭൂമിയിൽ അക്രമികളാൽ ജീവത്യാഗം ചെയ്യേണ്ട അവസ്ഥ ഒരു പരിഷ്‌കൃത സമൂഹത്തിനും ഭൂഷണമല്ല. കേരളം ഉൾപ്പെടെ പത്തൊമ്പത് സംസ്ഥാനങ്ങൾ ആശുപത്രി സംരക്ഷണ നിയമം പാസാക്കിയിട്ടുണ്ട്. എന്നാൽ ആക്രമണങ്ങൾക്കു മാത്രം കുറവില്ല.
അടിയന്തര സ്വഭാവത്തോടെ കേന്ദ്രസർക്കാർ ഈ വിഷയം പരിഗണിച്ച് ഏകീകൃത കേന്ദ്ര ആശുപത്രി- ആരോഗ്യ പ്രവർത്തക സംരക്ഷണ നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണം. തൊഴിൽ മേലയിലെ മാനസിക സമ്മർദ്ദങ്ങൾക്കു പുറമേ ഭയാന്തരീക്ഷത്തിലുള്ള ചികിത്സയും രോഗീപരിചരണവും ഗുണകരമാകില്ല.
അതീവ സുരക്ഷാ
മേഖലയാക്കണം.
വിമാനത്താവളങ്ങൾ, കോടതി സമുച്ചയങ്ങൾ, നിയമ നിർമ്മാണ സഭകൾ എന്നിവ പോലെ ആശുപത്രികളും സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ഇവിടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കുകയും, അനധികൃതമായി കടന്നുകയറുന്നവരെ മാറ്റുകയും ചെയ്യണം. വനിതാ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് വനിതാ ആരോഗ്യ പ്രവർത്തകർക്കും വിശ്രമമുറികൾ, ടോയ്ലറ്റുകൾ എന്നിവ ആശുപത്രിയിൽ സുരക്ഷിതമായ സ്ഥലങ്ങളിൽ ലഭ്യമാക്കുകയും, വനിതാ സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവരെ വിന്യസിച്ച് സുരക്ഷ ഉറപ്പുവരുത്തുകയും വേണം. രാത്രികാലങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്ന വനിതാ ഡോക്ടർമാർക്ക് പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തണം.
ജീവൻ സുരക്ഷാ
ഇൻഷുറൻസ്
കഠിനമായ ശിക്ഷ അക്രമികൾക്ക് ഉറപ്പുവരുത്താൻ വൈകരുത്. രോഗീപരിചരണത്തിനിടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും ജീവഹാനി സംഭവിക്കുന്നവരുടെ കുടുംബത്തിനും അർഹമായ നഷ്ടപരിഹാരം നൽകണം. എല്ലാ ആരോഗ്യപ്രവർത്തകരെയും ഉൾക്കൊള്ളിച്ച് ആരോഗ്യ ജീവൻ സുരക്ഷാ ഇൻഷുറൻസ് പദ്ധതി സർക്കാർ നടപ്പാക്കണം. ഇനിയുമൊരു കൊൽക്കത്ത സംഭവം ആവർത്തിക്കരുത്. ലോകത്തുതന്നെ ഇത്തരം സംഭവം അപൂർവങ്ങളിൽ അപൂർവമാണ്. നമ്മുടെ സമൂഹത്തിൽ സ്ത്രീകളോടുള്ള സമീപനവുമായി ബന്ധപ്പെട്ട പൊതുബോധം, ആക്രമണങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ ലക്ഷ്യമിടുന്ന പുതിയ പ്രവണത, ഇത്തരം സംഭവങ്ങളോട് സർക്കാരുകൾക്കുള്ള അനാസ്ഥ എന്നിവയ്ക്കു പുറമെ മനുഷ്യത്വമില്ലായ്മയുടെ മകുടോദാഹരണം കൂടിയായി മാറി, കൊൽക്കത്ത സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |