വടക്കഞ്ചേരി: മുകളിൽ ആകാശവും താഴെ സിമന്റുതറ പോലുള്ള പാറപ്പുറങ്ങളും നിരന്ന ആറേക്കർ സ്ഥലം ഹരിതാഭമാക്കുകയാണ് കണക്കൻതുരുത്തി പാറ റോഡിലെ കണ്ണനായ്ക്കൽ ആന്റണി. വെയിലടിച്ചാൽ ചുട്ടുപൊള്ളുന്ന പ്രദേശം. വറച്ചട്ടി പോലെ കിടന്നിരുന്ന പ്രദേശത്ത് 72 കാരനായ ആന്റണിയും ഭാര്യ പുഷ്പയും ചേർന്ന് ഇപ്പോൾ പച്ചപ്പിന്റെ ദൃശ്യവിരുന്നൊരുക്കിയിരിക്കുകയാണ്. ഡ്രാഗൺഫ്രൂട്ട് കൃഷിയിലൂടെയായിരുന്നു തുടക്കം.
ഡ്രാഗൺ ഫ്രൂട്ടിന്റെ ഏഴ് തണ്ടുകളാണ് ആദ്യം പരീക്ഷണകൃഷിയായി ചെയ്തത്. ഇവ എട്ടുമാസം പ്രായമായപ്പോഴേക്കും പൂവിട്ട് പഴങ്ങളുണ്ടായി. ഉള്ളുചുവപ്പും നല്ല തൂക്കവും മധുരവുമുള്ള ഒന്നാംതരം പഴങ്ങൾ. ആന്റണിയുടെ കൃഷിക്കമ്പം കണ്ട് വടക്കഞ്ചേരി കൃഷിഓഫീസർ ജ്യോതി ഡ്രാഗൺ ഫ്രൂട്ടിന്റെ 110 തണ്ടുകൾ സൗജന്യമായി നൽകി. ഡ്രാഗൺഫ്രൂട്ട് പ്രദേശത്തിനുപറ്റിയ വിളയാണെന്നറിഞ്ഞതോടെ കുന്നിൻപുറത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കുകയും ചെയ്തു. 100 കോൺക്രീറ്റ് പോസ്റ്റുകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. ഓരോ പോസ്റ്റിനുചുറ്റും നാലുതണ്ട് വീതമാണ് നട്ടിട്ടുള്ളത്. പൊതുമരാമത്തു വകുപ്പിലെ കരാറുകാരനായിരുന്ന ആന്റണി കൃഷിക്കാവശ്യമായ റിംഗുകളും കോൺക്രീറ്റ് പോസ്റ്റുകളുമെല്ലാം സ്വന്തമായാണ് ഉണ്ടാക്കുന്നത്. അടുക്കളയിലെയും ശുചിമുറികളിലെയും വേസ്റ്റ് വെള്ളം ടാങ്കിൽ സംഭരിച്ച് അതുവഴിയാണ് നനയും വളപ്രയോഗവുമെല്ലാം. കോഴിവളമാണു പ്രധാനമായും ഉപയോഗിക്കുന്നത്.
15 സെന്റ് സ്ഥലത്ത് കഞ്ഞിപ്പുല്ല് (കോറ) കൃഷിയുണ്ട്. ചോളം ആണ് മറ്റൊരു കൗതുകവിള. ആറടിയോളം ഉയരത്തിൽ വീടിനു ചുറ്റും ചോളം വിളഞ്ഞുനിൽക്കുന്നു. പച്ചക്കറികൾ, വാഴകൾ, കപ്പ, കശുമാവ് തുടങ്ങിയ കൃഷികളുമുണ്ട്. പാറപ്പുറത്ത് മണ്ണിട്ട് ഉയർത്തി നെൽകൃഷിയും പരീക്ഷിക്കുന്നുണ്ട്. മനുരത്ന എന്നയിനം കരനെല്ലാണ് കൃഷി ചെയ്തിട്ടുള്ളത്. ഈ പാറപ്പുറത്ത് തന്നെയാണ് ഇവരുടെ ചെറിയ വീടും നിർമ്മിച്ചിട്ടുള്ളത്. ചൂടുകുറയ്ക്കാൻ മണ്ണ് ഇഷ്ടികയിലായിരുന്നു വീടുനിർമാണം. പാറപ്പുറത്തെ വിളവിസ്മയം കാണാൻ മറ്റു നിരവധി കർഷകരും ഇപ്പോൾ ഇവിടെ എത്തുന്നുണ്ട്. താത്പര്യമുണ്ടെങ്കിൽ കൃഷി എവിടേയും വിളയുമെന്നാണ് ആന്റണി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |