കോട്ടയം: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി അഭിനേത്രി ശ്രീലേഖ മിത്ര നടത്തിയ ആരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ ഭദ്രൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരുന്ന് ആരോപണത്തെ നേരിടുന്നത് ശരിയല്ല എന്നും രഞ്ജിത്ത് രാജിവച്ച് ആരോപണത്തെ നേരിടണം എന്നും ഭദ്രൻ ആവശ്യപ്പെട്ടു.
വളരെ ഞെട്ടിക്കുന്നൊരു വാർത്തയാണ് കേട്ടത്. രഞ്‌ജിത്ത് രാജിവച്ച് ആരോപണത്തെ നേരിട്ട് സംശുദ്ധത തെളിയിക്കണം.അദ്ദേഹം കേവലം ഒരു സംവിധായകനോ തിരക്കഥാകൃത്തോ മാത്രമല്ല. ഇരിക്കുന്ന പദവിയുടെ ഗൗരവം മാനിക്കണം. രഞ്ജിത്തിനെ അനാവശ്യമായി മന്ത്രി സജി ചെറിയാൻ സംരക്ഷിക്കുന്നു എന്ന തോന്നൽ ഉണ്ടാകുമെന്നും ഭദ്രൻ പറഞ്ഞു.
അതേസമയം സ്ത്രീകളുടെ കാര്യത്തിൽ അമ്മ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണെന്ന് നടി ഉർവശി ഇന്ന് പ്രതികരിച്ചു. തെന്നിമാറിയുള്ള മറുപടികൾ ശരിയല്ല. സിനിമയുടെ എല്ലാ മേഖലയിലുമുള്ള പുരുഷന്മാർക്ക് അപമാനകരമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമ്മ സംഘടന ശക്തമായ നടപടി സ്വീകരിക്കണം.
അന്യഭാഷയിലെ ഒരു നടിയാണ് പരാതി പറഞ്ഞിരിക്കുന്നത്. എല്ലാ ഭാഷയിലും അതിന്റെ ചലനങ്ങളുണ്ടാകും. സിദ്ദിഖ് സംസാരിച്ചത് താൻ കേട്ടെന്നും അങ്ങനെയൊന്നുമല്ല, ഇങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞ് ഇനിയും ഒഴിയരുത്. ഒരു സ്ത്രീ തന്റെ മാനവും ലജ്ജയുമെല്ലാം മാറ്റിവച്ച് കമ്മിഷന് മുമ്പാകെ വന്ന് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് അതിൽ നടപടി വേണമെന്നും ഉർവശി ആവശ്യപ്പെട്ടു.
'സിനിമാ സെറ്റിൽ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് കളവാകും. എനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകൾ എടുപ്പിച്ചിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട്'. നടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |