മലയാളികൾക്ക് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത പ്രഭാത ഭക്ഷണ വിഭവങ്ങളാണ് ദോശയും ഇഡ്ഡലിയും. ആഴ്‌ചയിൽ ഒരിക്കലെങ്കിലും ഇവ തയ്യാറാക്കാത്ത മലയാളി വീടുകൾ വിരളമായിരിക്കും. മൂന്നോ നാലോ ദിവസത്തേയ്ക്ക് ആവശ്യമായ മാവ് ഒരുമിച്ച് അരച്ചുവച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ പോലും മാവ് പുളിച്ചുപോകാറുണ്ട്. ഇതിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു സൂത്രവിദ്യയുണ്ട്. ഇങ്ങനെ ചെയ്താൽ രണ്ടാഴ്‌ചവരെ മാവ് പുളിച്ചുപോകാതെ സൂക്ഷിക്കാം.
മാവ് അരയ്ക്കാൻ നല്ല ഗുണമേന്മയുള്ള അരിയും ഉഴുന്നും തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അളവിനും പ്രാധാന്യമുണ്ട്. മൂന്ന് ഗ്ളാസ് പച്ചരിക്ക് ഒന്നര ഗ്ളാസ് ഉഴുന്ന് മതിയാവും. അരിയും ഉഴുന്നും അളന്നെടുത്തതിനുശേഷം നല്ലപ്പോലെ കഴുകിയെടുക്കണം. ഉഴുന്നിനൊപ്പം കാൽ ടീസ്‌പൂൺ ഉലുവ കൂടി ചേർത്ത് കുതിർന്നുവരാൻ വയ്ക്കാം. അരിയും ഉഴുന്നും വെള്ളത്തിലിട്ട് ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുമ്പോൾ മാവ് അരയ്ക്കുമ്പോൾ ചൂടാകില്ല. മാത്രമല്ല രണ്ടാഴ്‌ചവരെ മാവ് പുളിക്കില്ല. ഇത്തരത്തിൽ നാല് മണിക്കൂറെങ്കിലും അരിയും ഉഴുന്നു വെള്ളത്തിലിട്ട് വയ്ക്കണം. ഉഴുന്ന് കുതിർക്കാൻ ഉപയോഗിച്ച വെള്ളം തന്നെ മാവ് അരയ്ക്കാനും ഉപയോഗിക്കാം.
അരി അരയ്ക്കുമ്പോൾ കുറച്ച് ഐസ് ക്യൂബുകൾ ചേർത്ത് അരയ്ക്കുകയാണെങ്കിൽ മാവ് ചൂടാവുകയില്ല. മാവ് തണുത്ത് ഇരിക്കുമ്പോൾ ദോശയും ഇഡ്ഡലിയുമൊക്കെ നല്ല സോഫ്‌ടായിരിക്കും. മാത്രമല്ല, മാവ് ഏറെദിവസം പുളിക്കാതെയും സൂക്ഷിക്കാം. അരിയും ഉഴുന്നും അരച്ചതിനുശേഷം രണ്ടും നന്നായി യോജിപ്പിക്കണം. കൈ നന്നായി വൃത്തിയാക്കിയതിനുശേഷം കൈകൊണ്ടുതന്നെ യോജിപ്പിക്കുന്നതാണ് നല്ലത്.
മാവ് അരച്ചതിനുശേഷം ഐസ് ക്യൂബ് ചേർത്ത വെള്ളത്തിൽ മാവ് പാത്രത്തോടെ ഇറക്കി വയ്ക്കുന്നതും വളരെ നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മാവ് നന്നായി പതഞ്ഞ് പൊങ്ങിയിരിക്കും. കൂടാതെ രണ്ടാഴ്‌ചയോളം പുളിക്കാതെ ഇരിക്കുകയും ചെയ്യും. ഇങ്ങനെ രണ്ട് മണിക്കൂറോളം പുറത്ത് വച്ചതിനുശേഷം മാവ് തണുപ്പ് മാറിക്കഴിഞ്ഞ് ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കുന്ന സമയത്തുമാത്രം തലേന്നുരാത്രി മാവ് പുറത്തെടുത്ത് വയ്ക്കണം. ശേഷം രാവിലെ ഉപ്പുചേർത്ത് കലക്കിയെടുത്ത് ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |