കൊച്ചി: സോളിൽ നടന്ന മിസ്സിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ മനംകവർന്ന പാലക്കാട്ടുകാരി മിഥില ജോസ് ഇപ്പോൾ അരുമ മൃഗങ്ങളുടെ പ്രിയതോഴിയും പോറ്റമ്മയുമാണ്. വീട്ടിൽ ഡസനിലധികം അരുമ നായ്ക്കളെ ലാളിച്ച മിഥില അതേ വഴിതന്നെ ബിസിനസിനും തിരഞ്ഞെടുത്തു. ഫോർട്ടുകൊച്ചി സാന്താക്രൂസ് മൈതാനത്തിനടുത്ത് പൈതൃകഭവനം വാടകയ്ക്കെടുത്താണ് 'ബോബോ ദി വൈസ് ഡ്രാഗൺ" എന്ന പെറ്റ് ഗ്രൂമിംഗ് ഷോപ്പ് കഴിഞ്ഞ 18ന് യാഥാർത്ഥ്യമാക്കിയത്.
പൂച്ചകൾക്കും നായ്ക്കൾക്കും മെഡിക്കൽ ബാത്ത് അടക്കമുള്ള സൗകര്യമുണ്ടിവിടെ. യാത്രപോകുന്ന കുടുംബങ്ങൾ ഏല്പിക്കുന്ന അരുമകൾക്ക് ഓടിക്കളിക്കാവുന്ന ചെറു മുറികളാണ് നൽകുക. പരിപാലിക്കാൻ മുഴുവൻ സമയവും ജീവനക്കാർ. അരുമകളുമായി എത്തുന്നവർക്ക് വിരസത മാറ്റാനായി ബുക്സ്റ്റാളും കഫറ്റേരിയയുമുണ്ട്. വളർത്തുമൃഗങ്ങൾക്ക് യോജിച്ച വിഭവങ്ങൾ താമസിയാതെ എത്തും.
ദക്ഷിണകൊറിയയിലെ സോളിൽ 2022ൽ നടന്ന മത്സരത്തിലാണ് മിഥില(35) ഇന്ത്യയടങ്ങുന്ന പൂർവേഷ്യയെ പ്രതിനിധീകരിച്ച് 'മിസ്സിസ് സക്സസ്‌ഫുൾ" പട്ടം നേടിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും എം.ഫില്ലും നേടിയിട്ടുള്ള മിഥില കാലിക്കറ്റ് സർവകലാശാലയിൽ പിഎച്ച്.ഡി ചെയ്യുകയാണ്. ഫോർട്ടുകൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും ചരിത്രമാണ് വിഷയം. പാലക്കാട് സ്വദേശി പരേതനായ കൊമ്പൻ ജോസിന്റെ മകളാണ് മിഥില. മകൻ കൊച്ചി രാജഗിരി ക്രിസ്തുജയന്തി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി അന്റോണിയോ.
12 ദിനം നീണ്ട ഇവന്റ്
2019ലാണ് മിഥില സൗന്ദര്യമത്സരത്തിൽ ആദ്യമായി പങ്കെടുത്തത്. മിസ്സിസ് മലബാർ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി. അടുത്തവർഷം മലേഷ്യയിൽ നടന്ന മിസ്സിസ് ഇന്ത്യ ഇന്റർനാഷണൽ പെജന്റിൽ ടൈറ്റിൽ വിന്നറായതോടെയാണ് സോളിലെ മിസ്സിസ് യൂണിവേഴ്സിലേക്ക് അവസരമായത്. 108 പേർ മത്സരിച്ച, 12 ദിനം നീണ്ട ഇവന്റിൽ മിസ്സിസ് സക്സസ്‌ഫുൾ ടൈറ്റിൽ കിട്ടിയ മിഥിലയ്‌ക്ക് പ്രൈസ് മണിയും നാഷണൽ ഡയറക്ടർ പദവിയടക്കമുള്ള ബഹുമതികളും ലഭിച്ചു.
80 ലക്ഷം രൂപ മുടക്കിയാണ് പെറ്റ് കഫേ ഒരുക്കിയത്. പൂച്ചകൾക്ക് 500 രൂപ മുതലും നായ്ക്കൾക്ക് 700 രൂപ മുതലുമാണ് ഗ്രൂമിംഗ്, ബോർഡിംഗ് നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |