മേപ്പാടി: വയനാട്ടിൽ ദുരന്തബാധിതരെ പാർപ്പിച്ചിരുന്ന ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചതോടെ ഇവ പ്രവർത്തിച്ചിരുന്ന സ്കൂളുകളടക്കം നാളെ തുറക്കും. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന ഔദ്യോഗിക പ്രവേശനോത്സവം സെപ്തംബർ രണ്ടിനാണ്.
ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ ഗവ. എൽ.പി സ്‌കൂൾ, വെള്ളാർമല ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയാണ് തുറക്കുന്നത്.
വെള്ളാർമല സ്‌കൂൾ (600 കുട്ടികൾ) മേപ്പാടി സ്‌കൂളിലും മുണ്ടക്കൈ എൽ.പി സ്‌കൂൾ (44 കുട്ടികൾ) പഞ്ചായത്ത് ഹാളിലുമാണ് പ്രവർത്തിക്കുക. ഇരു സ്കൂളുകളിലേയും 50ലേറെ വിദ്യാർത്ഥികൾ ദുരന്തത്തിനിരയായിരുന്നു. പുനരധിവാസം പൂർത്തിയാകുന്നതു വരെയാകും മേപ്പാടി സ്‌കൂളിൽ വെള്ളാർമല സ്‌കൂൾ പ്രവർത്തിക്കുക. അതിനുശേഷം പുനരധിവസിപ്പിക്കുന്ന ഗ്രാമത്തിലേക്ക് മാറ്റും. വെള്ളാർമല സ്‌കൂൾ എന്നപേരു തന്നെ നൽകും.
പഠനം തുടങ്ങുന്നതിന് മുന്നോടിയായി സ്‌കൂളുകളും പരിസരവും ശുചീകരിച്ചു. ആവശ്യമായ ഫർണിച്ചർ എത്തിച്ചു. കുട്ടികൾക്ക് പുതിയ പാഠപുസ്തകങ്ങൾ ഉൾപ്പെടെ നൽകും. ദുരന്തം അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികളാകും പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒരുക്കുക. കുട്ടികളുടെ മാനസികോല്ലാസത്തിന് പ്രഥമ പരിഗണന നൽകും.
സൗജന്യ ബസ് സർവീസ്
ചൂരൽമലയിൽ നിന്ന് രണ്ട് ബസുകൾ കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നതിന് സൗജന്യ സർവീസ് നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും ഇവിടേക്കുള്ള കുട്ടികൾക്ക് സൗജന്യ യാത്ര നടത്താനാകും.
വയനാടിന്
എ.ഐ.ബി.ഇ.എ
ഒരു കോടി നൽകും
തിരുവനന്തപുരം : വയനാട്ടിലെ ദുരിതബാധിതർക്ക് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എ.ഐ.ബി.ഇ.എ ) ഒരു കോടിയുടെ സഹായമെത്തിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി സി.എച്ച്.വെങ്കടാചലം അറിയിച്ചു.
തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (കേരള) ആസ്ഥാനമായ ടി.കെ.വി.സ്മാരകത്തിന്റെ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദദേഹട. സംസ്ഥാന ഘടകമായ ആൾ കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഇതിനകം പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയിട്ടുണ്ട്. എ.ഐ.ബി.ഇ. എയുടെ യൂണിയനുകളും ജീവനക്കാരും ചേർന്ന് പുനർനിർമ്മാണത്തിന് പരമാവധി പിന്തുണ ഉറപ്പാക്കുമെന്നും സി. എച്ച്. വെങ്കടാചലം അറിയിച്ചു.
പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.അനിൽ കുമാർ അദ്ധ്യക്ഷനായി. എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി ബി. രാംപ്രകാശ്, പ്രസിഡന്റ് കെ.എസ്.കൃഷ്ണ, എ.ഐ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി കെ.മല്ലിക, സംഘടനാ നേതാക്കളായ പി.എം.അംബുജം, കെ. മുരളീധരൻ പിള്ള, സി.ടി. കോശി, വി.പി. രാധാകൃഷ്ണൻ, സുബിൻ ബാബു തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ സ്വാഗതവും സെക്രട്ടറി എം. പി. വിജേഷ് നന്ദിയും പറഞ്ഞു.സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ വയനാട് പുനരുദ്ധാരണത്തിന് അഞ്ചു ലക്ഷം രൂപ നല്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |