കോട്ടയം: സംസ്ഥാനത്ത് റബര്‍ വില കുറയുന്നത് തുടരുന്നു, ആഭ്യന്തര വിപണിയില്‍ കൂടുതലായി ചരക്കെത്തിയതോടെയാണ് വില താഴുന്നത്. ഒരു ഘട്ടത്തില്‍ 250 രൂപവരെ എത്തിയ റബര്‍ വില പിന്നീട് താഴേക്ക് പോകുകയായിരുന്നു. വില സര്‍വകാല റെക്കോഡിലെത്തിയപ്പോള്‍ സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് മാര്‍ക്കറ്റിലേക്ക് കൂടുതല്‍ റബര്‍ എത്തിയപ്പോള്‍ വിലയും താഴേക്ക് പതിച്ചു. റബര്‍ ബോര്‍ഡിന്റെ കണക്കില്‍ 235 രൂപയാണെങ്കിലും വിപണിയില്‍ കര്‍ഷകര്‍ സാധനം നല്‍കുന്നത് ഇതിലും താഴ്ന്ന വിലയ്ക്കാണ്.
വില കുറഞ്ഞ് തുടങ്ങിയപ്പോള്‍ കുത്തനെ ഇടിവുണ്ടാകുമെന്ന ആശങ്കയിലാണ് റബര്‍ കര്‍ഷകര്‍ തങ്ങളുടെ കൈവശമുള്ള ചരക്ക് കിട്ടുന്ന വിലയ്ക്ക് വില്‍ക്കാന്‍ തുടങ്ങിയത്. ഈ ആഴ്ചയില്‍ വില ഇനിയും താഴേക്ക് പോകുന്നതിനുള്ള സാദ്ധ്യതയുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ ശേഖരിച്ച് വയ്ക്കുന്ന പ്രവണത പെട്ടെന്ന് തന്നെ മാറുകയും ചെയ്തു. റബര്‍ നിരക്ക് വിദേശ വിപണിയില്‍ വര്‍ദ്ധിക്കുന്ന ഓപ്പോസിറ്റ് ട്രെന്‍ഡാണ് നിലവിലുള്ളത്.
ഇടവേളയ്ക്ക് ശേഷം റബര്‍ ഇറക്കുമതി പുനരാരംഭിച്ചതും വില കുറയുന്നതിലേക്ക് നയിച്ച കാരണങ്ങളില്‍ ഒന്നാണ്. ടയര്‍ കമ്പനികള്‍ ഇറക്കുമതിയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം, രാജ്യാന്തര വിലയില്‍ ഒരാഴ്ച്ചയായി വന്‍ കുതിപ്പാണ്. കഴിഞ്ഞ ഏഴുദിവസത്തിനിടെ 14 രൂപയോളമാണ് ബാങ്കോക്ക് റബറിന്റെ വില കൂടിയത്. ഈ മാസം ആദ്യം രാജ്യാന്തര വിലയേക്കാള്‍ 40 രൂപയ്ക്കടുത്ത് മേല്‍ക്കൈ ആഭ്യന്തര റബറിനുണ്ടായിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ 15 രൂപയ്ക്ക് താഴെയായി.
റബര്‍ കര്‍ഷകരെ സംബന്ധിച്ച് രാജ്യാന്തര വില കൂടി നില്‍ക്കുന്നതാണ് ഗുണകരം. രാജ്യാന്തര തലത്തില്‍ വില കൂടുമ്പോള്‍ ഇറക്കുമതി ഉള്‍പ്പെടെയുള്ള നിരക്ക് വര്‍ദ്ധിക്കും. അതുകൊണ്ട് തന്നെ ആഭ്യന്തര റബറിന് വില കൂടുതല്‍ ലഭിക്കും. ഇതാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |