SignIn
Kerala Kaumudi Online
Thursday, 03 October 2024 9.26 PM IST

ഒളിമ്പിക്‌സിൽ പിഴച്ച ചുവടുവയ്‌പുകൾ

Increase Font Size Decrease Font Size Print Page
vinesh-phogat

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് കഴിഞ്ഞ തവണത്തെ പ്രകടന മികവു പോലും നിലനിറുത്താനാകാതെ ചുവടുപിഴച്ചതിനുള്ള കാരണങ്ങൾ,​ ജനസംഖ്യയിൽ മുന്നിലുള്ള രാജ്യമെന്ന നിലയിൽ നമ്മൾ വിലയിരുത്തേണ്ടതാണ്. ഒളിമ്പിക്സിൽ ആദ്യമായി പങ്കെടുത്ത് ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും,​ വളരെ കുറച്ച് മെഡലുകൾ മാത്രമാണ് രാജ്യത്തിന്റെ അക്കൗണ്ടിലുള്ളത്.

ഒരു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ ആറ് മെഡലുകൾ മാത്രമാണ് പാരീസിൽ ഇന്ത്യയ്ക്ക് നേടാനായത്. 2020-ലെ ടോക്കിയോ ഒളിമ്പിക്സിൽ 48-ാം സ്ഥാനത്തായിരുന്ന നമ്മൾ പാരീസിൽ 71-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇന്ത്യൻ കായികരംഗത്തെ അനിയന്ത്രിതമായ രാഷ്ട്രീയ ഇടപെടലുകളും ദീർഘവീക്ഷണമില്ലാത്ത മത്സര തയ്യാറെടുപ്പുകളും ഗൗരവപൂർവം വിശകലനം ചെയ്യണമെന്ന പാഠമാണ് പാരീസ് നമ്മെ പഠിപ്പിക്കുന്നത്. ജനസംഖ്യയിൽ സമ്പന്നമായ നമുക്ക് ഒരു സ്വർണം പോലും നേടാനാകാത്തതിന്റെ യഥാർത്ഥ കാരണം പഠനവിധേയമാക്കേണ്ടതുണ്ട്.

രണ്ടുലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള സെന്റ് ലൂസിയ എന്ന ചെറിയ ദ്വീപ് രാഷ്ട്രം പോലും സ്വർണം നേടി മെഡൽ പട്ടികയിൽ ഇന്ത്യയ്ക്കു മുകളിൽ ഇടംപിടിച്ചു! ദരിദ്രരാഷ്ട്രങ്ങളായ കെനിയയും ഉഗാണ്ടയും ഉൾപ്പെടെയുള്ളവർക്കും സ്വർണത്തിളക്കമുണ്ട്. യുദ്ധക്കെടുതികൾക്കിടയിൽ നിന്ന് സധൈര്യം എത്തിയ യുക്രെയിൻ താരങ്ങൾ മൂന്നു സ്വർണം ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ചു. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ക്യൂബ രണ്ട് സ്വർണ മെഡലുകളോടെ മികച്ചുനിന്നു.

പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ 470 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചത്. ഒളിമ്പിക്‌സിന് തൊട്ടുമുമ്പായി അത്‌ലറ്റിക്‌സ് ടീമിന് മൂന്നു രാജ്യങ്ങളിൽ പരിശീലനം നല്‍കി. ഷൂട്ടിംഗിനും അമ്പെയ്ത്തിനും 36 ദേശീയ ക്യാമ്പുകൾ വീതം നടത്തി. നിരവധി താരങ്ങൾക്ക് വിദേശ പരിശീലനം, അന്തർദേശീയ മത്സര പങ്കാളിത്തം, ടീമിനെ അനുഗമിക്കാൻ 13 അംഗ മെഡിക്കൽ സംഘം തുടങ്ങി മുമ്പെങ്ങുമില്ലാത്ത വിപുലമായ സൗകര്യങ്ങളോടെയാണ് ഇന്ത്യ പാരീസിൽ എത്തിയത്.

കേന്ദ്ര കായിക മന്ത്രാലയം കഴിഞ്ഞ കുറേക്കാലമായി താരങ്ങൾക്കെതിരെ സ്വീകരിക്കുന്ന സമീപനവും വികലമായ കായിക നയങ്ങളും കായിക വളർച്ചയെ മുരടിപ്പിക്കുന്നു എന്നതാണ് ഫലം. അന്തർദ്ദേശീയ രംഗത്ത് നേട്ടങ്ങൾ കരസ്ഥമാക്കിയ രാജ്യാന്തര വനിതാ ഗുസ്തിതാരങ്ങൾക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായിട്ടുപോലും നീതിയുക്തമായ നിലയിൽ ആ വിഷയം കൈകാര്യം ചെയ്യാൻ കായിക മന്ത്രാലയത്തിനു കഴിഞ്ഞില്ല.

കേരളത്തിന്റെ വികസനം സംബന്ധിച്ച് സമഗ്രവും വ്യക്തവുമായ കാഴ്ചപ്പാടുമായാണ് ഇടതുപക്ഷ ജനാധിപത്യ സർക്കാർ പ്രവർത്തിക്കുന്നത്. വ്യക്തിഗതവും സാമൂഹികവുമായ നേട്ടങ്ങൾ ഉറപ്പുവരുത്തുകയെന്ന ഉന്നതമായ ലക്ഷ്യത്തോടെ അടിസ്ഥാനതലം മുതൽ എല്ലാവരിലും കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുക എന്നതും പരമപ്രധാനമാണ്. സാമ്പത്തിക ലഭ്യത ഉറപ്പുവരുത്തുന്നത് ഉൾപ്പെടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേക്കാലമായി നിലനില്‍ക്കുന്ന അവഗണനയ്‌ക്കു പുറമേ,​ കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്ന കാര്യത്തിലും തികഞ്ഞ അനാസ്ഥയും മെല്ലെപ്പോക്കും തുടരുകയാണ്.

സമഗ്ര വികസനത്തിന് പ്രോത്സാഹനം നൽകുന്നതിനു പകരം കേന്ദ്ര സർക്കാരിനെ പിന്തുണയ്‌ക്കുന്ന സംസ്ഥാനങ്ങൾക്കു മാത്രമായി കായിക വികസന ഫണ്ട് അനുവദിക്കുന്നതും മറ്റു സംസ്ഥാനങ്ങളെ പിന്നോട്ടടിപ്പിക്കാൻ ഇടവരുത്തുന്നു. 'ഖേലോ ഇന്ത്യ" ഫണ്ടിന്റെ ഭൂരിഭാഗവും ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് നൽകുന്നത്. പദ്ധതിക്കായി നീക്കിവച്ച 2168.78 കോടിയിൽ 438.27 കോടി ഉത്തർപ്രദേശിനും 426.13 കോടി ഗുജറാത്തിനും അനുവദിച്ചു. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന കേരളം, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് തുച്ഛമായ തുകയാണ് അനുവദിച്ചത്.

ഇന്ത്യയുടെ കായിക മേഖലയ്ക്ക് തനതായ സംഭാവന നൽകിയിട്ടുള്ള സംസ്ഥാനമാണ് കേരളം. ദേശീയ പ്രാതിനിദ്ധ്യം പരിശോധിക്കുമ്പോൾ മലയാളി സാന്നിദ്ധ്യം മിക്കവാറും എല്ലാ ടീമിലും ഉണ്ടാകും. ഇങ്ങനെ നിരവധി താരങ്ങളെ വാർത്തെടുക്കുന്ന കേരളത്തോട് എക്കാലത്തും അവഗണന മാത്രം പുലർത്തുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഓരോ ഘട്ടത്തിലും അധിക വരുമാനം കണ്ടെത്തി കായികവികസന പ്രവർത്തനങ്ങളുമായി സജീവമായി മുന്നോട്ടു പോവുകയാണ് ചെയ്യുന്നത്.

ഒളിമ്പിക്സിലെ പ്രകടനം ലക്ഷ്യമിട്ടു മാത്രം ആരംഭിച്ച ടാർഗറ്റ് ഒളിമ്പിക്സ് പോഡിയം സ്‌കീം, മിഷൻ ഒളിമ്പിക് സെൽ, ഇന്റർനാഷണൽ എക്‌സ്‌പോഷർ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ദീർഘവീക്ഷണമില്ലാത്ത പദ്ധതികളിലൂടെ ഗുരുതരവും അശാസ്ത്രീയവുമായ ധനകാര്യ ക്രയവിക്രയമാണ് നടന്നത്. താരങ്ങളെ അനുഗമിച്ച പരിശീലകർക്കും മറ്റ് ഒഫിഷ്യലുകൾക്കും അനുയോജ്യമായ പിന്തുണയോ സംഭാവനയോ നൽകുവാൻ കഴിഞ്ഞിട്ടില്ല. വനിതാ ഗുസ്തി ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിന് സംഭവിച്ച ദുരനുഭവത്തിന് യഥാർത്ഥ കാരണക്കാർ ദേശീയ ഗുസ്തി ഫെഡറേഷനും മുഖ്യപരിശീലകനും ന്യൂട്രീഷ്യനിസ്റ്റ് ഉൾപ്പെടെയുള്ള സപ്പോർട്ടിംഗ് സ്റ്റാഫും ആണെന്നത് എല്ലാവർക്കും വ്യക്തമായിട്ടുണ്ട്.

പാരീസിലെ പ്രകടനത്തെ വിമർശനാത്മകമായി വിലയിരുത്തി പരിഹാര ബോധന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയെങ്കിലേ ഇന്ത്യൻ കായിക രംഗത്തിന് വളർച്ചയുണ്ടാകൂ. ഓരോ കായിക ഇനത്തിനും ചെലവഴിച്ച തുകയും പ്രയത്‌നവും പെർഫോമൻസ് ഓഡിറ്റിനു കൂടി വിധേയമാക്കേണ്ടതുണ്ട്. വിലയിരുത്തലിലൂടെ കണ്ടെത്തുന്ന വിഷയങ്ങളെ സമഗ്രമായി വിലയിരുത്തിയുള്ള മെച്ചപ്പെടുത്തലാണ് ഉണ്ടാകേണ്ടത്. 2036 ഒളിമ്പിക്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ അവകാശവാദം ഉന്നയിക്കുമ്പോൾ നിലവിലുള്ള പ്രകടനം ഒട്ടും ആശാവഹമല്ല.


ഇന്ത്യയിൽ ക്രിക്കറ്റിനുള്ള ജനപ്രിയ സാഹചര്യം മറ്റു കായിക ഇനങ്ങൾക്കു കൂടി ലഭ്യമാകുന്ന നിലയിലേക്ക് പ്രവർത്തനം ആസൂത്രണം ചെയ്യണ്ടേതുണ്ട്. അടിസ്ഥാന കായിക വിദ്യാഭ്യാസം രാജ്യവ്യാപകമായി നടപ്പാക്കുകയും കായിക അടിത്തറ വിപുലപ്പെടുത്തുകയും ചെയ്താൽ മാത്രമേ പുതിയ കായിക പ്രതിഭകളെ കണ്ടെത്താൻ കഴിയൂ. ഇതിനായി കേരളം ഉൾപ്പെടെ പുരോഗമന നിലപാട് സ്വീകരിക്കുന്ന സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള കായിക വികസന നയം രാജ്യവ്യാപകമായി നടപ്പിലാക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VINESH PHOGAT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.