സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഓരോ ദിവസവും കൂടിവരികയും, പുതിയ വൈദ്യുതി ഉത്പാദന പദ്ധതികളൊന്നും ആരംഭിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം നമ്മൾ നേരിടുന്നവൈദ്യുതി കമ്മിയിൽ അദ്ഭുതത്തിനൊന്നും അവകാശമില്ല. അധികമായി വേണ്ടിവരുന്ന വൈദ്യുതി പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വാങ്ങുകയും, അങ്ങനെയുണ്ടാകുന്ന അമിതഭാരം ഉപഭോക്താക്കളുടെ ചുമലിൽ വച്ചുകൊടുക്കുകയാണ് ഇപ്പോഴത്തെ എളുപ്പവഴി!
വാഹനങ്ങളിൽ ഇലക്ട്രിക് വിപ്ളവം വ്യാപകമാവുകയും, നിരത്തിലെങ്ങും ഇലക്ട്രിക് വാഹനങ്ങൾ സാധാരണമാവുകയും ചെയ്യുന്നതു പോലെ, വൈദ്യുതി മേഖലയിൽ സംഭവിക്കേണ്ടത് സൗരോർജ്ജ വിപ്ളവമാണ്. പുരപ്പുറ സോളാർ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര പദ്ധതികളും ആനുകൂല്യങ്ങളുമൊക്കെ നിലവിലുണ്ടെങ്കിലും, സംസ്ഥാന വൈദ്യുതി ബോർഡ് അതിന്റെ വ്യാപനത്തിന് കാര്യമായ പ്രോത്സാഹനം നല്കുന്നതായി കാണാത്തത് നിർഭാഗ്യകരമാണ്. എന്നു മാത്രമല്ല, ബോർഡിനെ നഷ്ടത്തിലാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് പുരപ്പുറ സോളാർ ഉപഭോക്താക്കളാണെന്നാണ് കെ.എസ്.ഇ.ബിയുടെ വിചിത്ര വാദം!
ഉടനെ വരാനിരിക്കുന്ന വൈദ്യുതി നിരക്കു വർദ്ധനവിന് അടിസ്ഥാനമായി കെ.എസ്.ഇ.ബി നിരത്തുന്ന കാരണങ്ങളിലൊന്ന് ഇതാണ്. അതായത്, വീടുകളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പ്ളാന്റുകളിൽ ഉത്പാദിപ്പിക്കുകയും, വീട്ടിലെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള സൗര വൈദ്യുതി കെ.എസ്.ഇ.ബിക്ക് വില്ക്കുകയും ചെയ്യുന്ന ഇനത്തിൽ ഉപഭോക്താവിന് ബോർഡ് വലിയ വില പ്രതിഫലമായി നൽകേണ്ടിവരുന്നു. പുറമേ, വൈദ്യുതി ബോർഡ് പുറത്തുനിന്ന് കൂടിയ വിലയ്ക്കു വാങ്ങുന്ന വൈദ്യുതിയും ഇവർക്ക് നൽകേണ്ടിവരുന്നു! വസ്തുത പരിശോധിച്ചാൽ ഇത് വെറും കണക്കിലെ കളി മാത്രമാണെന്നു കാണാം.
കണ്ണടയ്ക്കുന്ന കണക്കുകൾ
സംസ്ഥാനത്ത് പുരപ്പുറ സോളാർ ഗാർഹിക ഉപഭോക്താക്കൾ ഒരുലക്ഷത്തിലധികമാണ്. ഇവരിൽ അറുപത് ശതമാനം പേരും മൂന്നു കിലോവാട്ട് സ്ഥാപിത ശേഷിയുള്ള സോളാർ പ്ളാന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അഞ്ചു കിലോവാട്ട് വരെ സ്ഥാപിച്ചവരും, അതിനു മുകളിൽ സ്ഥാപിത ശേഷിയുള്ള സോളാർ പ്ളാന്റുകൾ സ്ഥാപിച്ചവരും ഇരുപത് ശതമാനം വീതം. വൈദ്യുതി ബോർഡിന്റെ തന്നെ കണക്കനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷം പുരപ്പുറ സോളാറിലൂടെ ഉത്പാദിപ്പിച്ചത് 158.81 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. അതായത്, ശരാശരി ഒരു ദിവസം 0.44 ദശലക്ഷം യൂണിറ്റ്.
എന്നാൽ, കഴിഞ്ഞ വർഷം കേരളത്തിന്റെ വൈദ്യുതി ആവശ്യകത 30,938 ദശലക്ഷം യൂണിറ്റായിരുന്നു. പുരപ്പുറ ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് ബോർഡ് വാങ്ങിയത് 60.59 ദശലക്ഷം യൂണിറ്റ്. ഇതിന് പ്രതിഫലമായി ബോർഡ് നൽകിയത് 16.30 കോടി രൂപ. കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ വെറും 0.2 ശതമാനം മാത്രമാണ് പുരപ്പുറ സോളാർ വഴി ലഭിക്കുന്നത്. ഈ കണക്ക് നോക്കിയാൽ, പകൽ സമയത്തെ ഉത്പാദനത്തിനു പകരമായി രാത്രി കാലയളവിൽ പുരപ്പുറ സോളാർ ഉപഭോക്താക്കൾ ഉപയോഗിച്ച കെ.എസ്.ഇ.ബി ഗ്രിഡ് വൈദ്യുതി 98.22 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഇത് കേരളത്തിലെ മൊത്തം ഡിമാൻഡിന്റെ 0.32 ശതമാനമാണ്.
അതായത്, സംസ്ഥാനത്തെ ഒരു വർഷത്തെ വൈദ്യുതി ഉപഭോഗത്തിൽ ഒരു ദിവസത്തെ ശരാശരി ഉപഭോഗത്തിനു തുല്യമായ വൈദ്യുതി മാത്രമാണ് കെ.എസ്.ഇ.ബി പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് പകരം നൽകുന്നത്. ഈ വൈദ്യുതി ഉപഭോഗമാണ് ബോർഡിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതെന്നും, അതു നികത്താനാണ് വൈദ്യുതി താരിഫ് വർദ്ധിപ്പിക്കേണ്ടി വരുന്നതെന്നും വാദിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?
അദാലത്തിലൂടെ ന്യായവില
പുരപ്പുറ സോളാർ ഉപഭോക്താക്കളുടെ മിച്ച വൈദ്യുതിക്ക് നൽകുന്ന വിലയുടെ കണക്കുകൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. ശരാശരി വൈദ്യുതി വാങ്ങൽ വിലയാണ് (എ.പി.പി.സി) വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ചു നൽകേണ്ടത്. മൂന്നു വർഷം മുമ്പുണ്ടായിരുന്ന ഈ വില 3.23 രൂപയിൽ നിന്ന് 2.69 ലേക്ക് താഴുന്നതും, ഈ വർഷം അത് 3.15 രൂപയായി നിജപ്പെടുത്തിയതും വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല.
കേരളത്തിനു നഷ്ടമായ 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാറിലൂടെ ലഭിച്ചിരുന്ന വൈദ്യുതിയുടെ വില ഏകദേശം 4.30 രൂപയായിരുന്നു. അതിനു പകരമായി കെ.എസ്.ഇ.ബി അവകാശപ്പെടുന്ന എട്ടു രൂപയും അതിനു മുകളിലുമുള്ള വൈദ്യുതി നിരക്ക്, വസ്തുതകളുമായി പൊരുത്തപ്പെട്ടു പോകുന്നതല്ല. സോളാർ ഉപഭോക്താവിന് അവകാശപ്പെട്ട ന്യായമായ വില റഗുലേറ്ററി കമ്മിഷൻ പൊതു അദാലത്ത് നടത്തി തീരുമാനിക്കുന്നതായിരുന്നു മുൻകാല നടപടി, അത് ഇപ്പോൾ റഗുലേറ്ററി കമ്മിഷൻ ഏകപക്ഷീയമായി നിർണയിക്കുകയാണ്. അതിന് മുൻകാലങ്ങളിലെപ്പോലെ പൊതു അദാലത്തിലൂടെ ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കുന്നതാണ് അഭിലഷണീയം.
കബളിപ്പിക്കുന്ന ഇരട്ടത്താപ്പ്
2022-23 സാമ്പത്തിക വർഷം കെ.എസ്.ഇ.ബി സമർപ്പിച്ച 'ട്രൂയിംഗ് അപ് പെറ്റീഷനി"ൽ കാണിച്ചിരിക്കുന്നത്, വൈദ്യുതി വാങ്ങിയ ശരാശരി വില 5.27 രൂപ എന്നാണ്. ഈ തുക റഗുലേറ്ററി കമ്മിഷൻ നിർണയിച്ചു നൽകിയതാകട്ടെ, വെറും 3.15 രൂപ മാത്രവും. പ്രസരണ, വിതരണനഷ്ടം കുറച്ച് കെ.എസ്.ഇ.ബിക്കു കിട്ടേണ്ട ലാഭവിഹിതം നിശ്ചയിക്കാൻ ശരാശരി വൈദ്യുതി വാങ്ങൽ വില കണക്കാക്കുമ്പോൾ, അന്തർസംസ്ഥാന വിതരണ ശൃംഖലയുടെ കടത്തുകൂലി ഉൾപ്പെടെ കണക്കുകൂട്ടുന്ന സമീപനം വൈദ്യുതി ബോർഡും റഗുലേറ്ററി കമ്മിഷനും പിന്തുടരുകയാണ്.
അതേസമയം, പുരപ്പുറ സോളാർ വൈദ്യുതിയുടെ വില നിർണയിക്കുമ്പോൾ അന്തർസംസ്ഥാന വിതരണ ശൃംഖലയുടെ കടത്തുകൂലിയും, കെ.എസ്.ഇ.ബി കേരളത്തിനു പുറത്ത് വിൽക്കുന്ന വൈദ്യുതിയുടെ വിലയും ഒഴിവാക്കിയുള്ള വില നിർണയമാണ് നടത്തുന്നത്. ഈ നിർണയരീതി മൂലം സോളാർ ഉപഭോക്താവിന് നഷ്ടമാകുന്നത് രണ്ടു രൂപയിലധികമാണ് എന്നു കാണാം. ഇതിനെ റഗുലേറ്ററി കമ്മിഷന്റെ ഇരട്ടത്താപ്പു നയമായേ കാണാനാകൂ. പുരപ്പുറ സോളാർ ഉപഭോക്താവിന് നൽകുന്ന വില എങ്ങനെ കുറയ്ക്കാമെന്നാണ് ബോർഡിന്റെയും കമ്മിഷന്റെയും ഗവേഷണമെന്ന് ജനങ്ങൾ കരുതിപ്പോകുന്നത് സ്വാഭാവികം!
യഥാർത്ഥത്തിൽ, റിന്യൂവബിൾ വൈദ്യുതി ബാദ്ധ്യത തുകയുടെ ആനുകൂല്യത്തിന്റെ പകുതിയെങ്കിലും പുരപ്പുറ സോളാർ ഉപഭോക്താവുമായി പങ്കിടുകയാണ് വേണ്ടത്. പുരപ്പുറ സോളാർ ഗാർഹിക ഉപഭോക്താക്കൾ രാജ്യപുരോഗതിക്കു നൽകുന്ന ഒരു സേവനമായി ഇതിനെ കണക്കാക്കി അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.
പുരപ്പുറ സോളാർ ഉപഭോക്താവ് ബോർഡിനു നൽകുന്ന അധിക വൈദ്യുതി ശേഖരിച്ചു വച്ച്, വിലകൂടിയ വൈദ്യുതി അവർക്ക് തിരികെ നൽകുന്നു എന്ന വാദം തീർത്തും അടിസ്ഥാനരഹിതമാണ്. കേരളം ഒരിക്കലും വൈദ്യുതി ശേഖരിച്ചു വയ്ക്കുന്നില്ല. ഉത്പാദിപ്പിക്കുന്ന നിമിഷംതന്നെ മറ്റിടങ്ങളിലായി വൈദ്യുതി ഉപയോഗിച്ചു തീർക്കുകയാണ് ചെയ്യുന്നത്. മറിച്ച് മിച്ച വൈദ്യുതി മൂലം, നമ്മുടെ ജലസംഭരണികളിലെ വെള്ളം ശേഖരിച്ചു നിറുത്തുവാൻ സഹായകമാകുന്നതായി കാണാം. വൈദ്യുതി ഉപഭോഗം കൂടുന്ന (പീക്ക് അവർ) സമയത്ത് വൈദ്യുതി ഉത്പാദനം കൂട്ടുവാൻ കെ.എസ്.ഇ.ബി.ക്ക് ഇത് സഹായകമാണ്.
പുരപ്പുറ സോളാർ: ബോർഡിന്റെ നേട്ടം
1. പുരപ്പുറ സോളാർ വൈദ്യുതി ഉത്പാദകർ ഇല്ലായിരുന്നെങ്കിൽ അവർ ഉത്പാദിപ്പിച്ച 158.81 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറമേ നിന്ന് അധികവിലയ്ക്ക് വാങ്ങേണ്ടി വരുമായിരുന്നു.
2. പ്രസരണനഷ്ടം കൂടുന്നത് ഒഴിവാക്കാൻ പുരപ്പുറ സോളാർ ശൃംഖല പ്രയോജനം ചെയ്യുന്നുണ്ട്. നിലവിൽ 15 ശതമാനമാണ് ഗാർഹിക മേഖലയിലെ പ്രസരണനഷ്ടം. സ്വയം വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നതിനൊപ്പം ഗ്രിഡിലേക്കു നൽകുന്ന അധിക വൈദ്യുതി, തൊട്ടടുത്ത വീടുകളിലാണ് ഉപയോഗിക്കപ്പെടുന്നത് എന്നതിനാലും പ്രസരണനഷ്ടം തീരെ ഉണ്ടാകുന്നില്ല.
3. പുരപ്പുറ സോളാറിൽ നിന്ന് മിച്ചവൈദ്യുതി കിട്ടുന്ന സമയങ്ങളിൽ ജലവൈദ്യുതി ഉത്പാദനം കുറച്ച് ജലശേഖരം സൂക്ഷിച്ചുവയ്ക്കാനാകും. ഇതും ഫലത്തിൽ കെ.എസ്.ഇ.ബിക്ക് ലാഭമാണ് നൽകുന്നത്. മാത്രമല്ല, ഇത് ഷോർട്ട് ടേം മാർക്കറ്റിൽ നിന്നുള്ള വിലകൂടിയ വൈദ്യുതി വാങ്ങൽ കുറയ്ക്കാൻ കെ.എസ്.ഇ.ബിയെ സഹായിക്കും.
4. 2030 ആകുമ്പോൾ കേരളത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ 50 ശതമാനം വൈദ്യുതിയും റിന്യൂവബിൾ എനർജി സ്രോതസുകളിൽ (സൗരോർജ്ജം, കാറ്റിൽ നിന്നുള്ള വൈദ്യുതി, ജൈവ മാലിന്യങ്ങളിൽ നിന്നുള്ളത്, ജലവൈദ്യുതി)നിന്നാകണം എന്നാണ് ദേശീയ നയം. ഈ ലക്ഷ്യം കൈവരിച്ചില്ലെങ്കിൽ കേരളം പിഴയടയ്ക്കേണ്ടിവരും. അത്തരം സാഹചര്യം ഒഴിവാക്കുന്നത് പുരപ്പുറ സോളാർ വൈദ്യുതി ഉത്പാദകരാണ്.
(കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ സെക്രട്ടറിയും കേരള ഹൈടെൻഷൻ- എക്സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |