SignIn
Kerala Kaumudi Online
Friday, 04 October 2024 6.29 AM IST

നാടുകടത്തൽ ഭീഷണിയിൽ 70,000ൽ അധികം വിദ്യാർത്ഥികൾ; കാനഡയിൽ ഇന്ത്യക്കാർക്ക് സംഭവിക്കുന്നതെന്ത്

Increase Font Size Decrease Font Size Print Page
canada

ഗൾഫും അമേരിക്കയും പോലെ പഠനത്തിനും തൊഴിലിനുമായി ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞെടുക്കുന്ന രാജ്യമാണ് കാനഡ. രാജ്യങ്ങൾ തമ്മിൽ നയതന്ത്രപരമായ പ്രതിസന്ധികൾ നേരിട്ടെങ്കിലും കാനഡയിലേയ്ക്കുള്ള ഇന്ത്യൻ ജനതയുടെ ഒഴുക്ക് നിലച്ചിട്ടില്ല. എന്നാലിപ്പോൾ ഇന്ത്യക്കാർക്ക് തിരിച്ചടിയായി അശുഭകരമായ റിപ്പോർട്ടുകളാണ് കാനഡയിൽ നിന്ന് പുറത്തുവരുന്നത്.

ഫെഡറൽ ഇമിഗ്രേഷൻ നയങ്ങളിൽ അടുത്തിടെ ഏർപ്പെടുത്തിയ മാറ്റങ്ങളുടെ ഫലമായി കാനഡയിലെ 70,000ലധികം അന്തർദ്ദേശീയ ബിരുദ വിദ്യാർത്ഥികൾ നാടുകടത്തൽ പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ട്. പെർമനന്റ് റെസിഡൻസി (പിആർ) നോമിനേഷനുകളും സ്റ്റഡി പെർമിറ്റുകളും നിയന്ത്രിക്കാനുള്ള ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ തീരുമാനമാണ് ഇന്ത്യക്കാരടക്കമുള്ള വിദ്യാർത്ഥികൾക്ക് തിരിച്ചടിയായത്. അനേകം സ്വപ്‌നങ്ങളുമായി കാനഡയിലെത്തിയ വിദ്യാർത്ഥികൾ തെരുവിൽ പ്രതിഷേധിക്കുകയാണിപ്പോൾ. പിആർ നോമിനേഷനുകളിൽ 25 ശതമാനം കുറവ് വരുത്തി ഏർപ്പെടുത്തിയ പുതിയ പ്രവിശ്യ നയങ്ങളാണ് സംഘർഷങ്ങൾക്ക് കാരണം.

പ്രതിഷേധത്തിന്റെ ഭാഗമായി പ്രിൻസ് എഡ്വേർഡ് ഐലൻഡ് , ഒന്റാറിയോ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ എന്നിവയുൾപ്പെടെ വിവിധ പ്രവിശ്യകളിൽ അന്തർദേശീയ വിദ്യാർത്ഥികൾ ക്യാമ്പുകൾ സ്ഥാപിക്കുകയും റാലികൾ സംഘടിപ്പിക്കുകയും ചെയ്യുകയാണ്. ഈ വർഷാവസാനത്തോടെ പലരുടെയും വർക്ക് പെർമിറ്റ് കാലഹരണപ്പെടും. ഇതോടെ നിരവധി ബിരുദധാരികൾക്ക് നാടുകടത്തൽ ഭീഷണി നേരിടേണ്ടിവരുമെന്ന് വിദ്യാർത്ഥി സംഘടനയായ നൗജവാൻ സപ്പോർട്ട് നെറ്റ്‌വർക്കിന്റെ പ്രതിനിധികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

'കാനഡയിലെത്തിച്ചേരാൻ ആറുവർഷമാണ് പ്രയത്‌നിച്ചത്. ശേഷം ഇവിടെ പഠിക്കുകയും ജോലി ചെയ്യുകയും ടാക്‌സ് ഒടുക്കുകയും തുടർന്ന് മതിയായ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (സിആർഎസ്) പോയിന്റുകൾ നേടുകയും ചെയ്തു. എന്നാൽ കനേഡിയൻ സർക്കാർ ഞങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു'- നാടുകടത്തൽ ഭീഷണി നേരിടുന്ന മെഹക്‌ദീപ് സിംഗ് വ്യക്തമാക്കി.

അന്താരാഷ്ട്ര വിദ്യാർത്ഥികളോട് വിമുഖതയെന്തുകൊണ്ട്?

2023ലെ കണക്കുകൾ പ്രകാരം കനേഡിയൻ വിസ ലഭിച്ചവരിൽ 37 ശതമാനം പേരും അന്താരാഷ്ട്ര വിദ്യാർത്ഥികളാണ്. വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കാനഡയിലെ ഭവന, ആരോഗ്യ മേഖലകൾ ഉൾപ്പെടെ വിവിധ മേഖലയിൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. ഇതിന്റെ ഫലമായി അടുത്ത രണ്ട് വർഷത്തേയ്ക്ക് കനേഡിയൻ സർക്കാർ അന്താരാഷ്ട്ര വിദ്യാർത്ഥി പെർമിറ്റ് അപേക്ഷകൾക്ക് പരിധി ഏർപ്പെടുത്തിയിരിക്കുകയാണ്.

നിയന്ത്രണം ഏർപ്പെടുത്തിയതോടെ 2024ൽ അംഗീകാരം നൽകിയ സ്റ്റഡി പെർമിറ്റുകൾ ഏകദേശം 3,60,000 ആയിരിക്കുമെന്നാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) വിലയിരുത്തുന്നത്. മുൻവർഷത്തെക്കാൾ 35 ശതമാനം കുറവാണിത്.

പുതിയ നിയന്ത്രണങ്ങൾ പ്രകാരം, ജൂൺ 21 മുതൽ അതിർത്തിയിൽ ബിരുദാനന്തര വർക്ക് പെർമിറ്റിന്, പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (പിജിഡബ്ല്യുപി) വിദേശ പൗരന്മാർക്ക് അപേക്ഷിക്കാനാകില്ലെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് വകുപ്പ് മന്ത്രി മാർക് മില്ലർ വ്യക്തമാക്കി. ഫ്ളാഗ്‌പോളിംഗ് എന്ന പ്രക്രിയ തടയുന്നതിന്റെ ഭാഗമായാണിത്.

വിസയ്ക്ക് അപേക്ഷിക്കുന്നതിനായി കനേഡിയൻ അതിർത്തി (പോർട്ട് ഒഫ് എൻട്രി) മുഖാന്തരം രാജ്യത്തുനിന്ന് പുറത്തുകടക്കുകയും തിരികെ രാജ്യത്തെത്തുകയും ചെയ്യുന്നതിനെയാണ് ഫ്ളാഗ്‌പോളിംഗ് എന്ന് വിളിക്കുന്നത്. വർക്ക് പെർമിറ്റിനും സ്റ്റഡി പെർമിറ്റിനും ആവശ്യമായ കാത്തിരിപ്പ് കാലയളവ് ഒഴിവാക്കുന്നതിനായി കാനഡയിലെ താത്‌കാലിക താമസക്കാർ രാജ്യം വിടുകയും 24 മണിക്കൂറിനകം തിരികെ പ്രവേശിക്കുകയും ചെയ്യുന്ന പ്രവ‌ൃത്തിയാണിത്. ഇങ്ങനെ ചെയ്യുന്നതിലൂടെ അതിർത്തിയിൽ ഒരേദിവസംതന്നെ ഇമിഗ്രേഷൻ സേവനങ്ങൾ ലഭ്യമാകുന്നു.

കാനഡയിൽ തൊഴിലും പിആറും തേടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ കൂടുതൽപ്പേരും ആശ്രയിക്കുന്ന പദ്ധതിയാണ് പിജിഡബ്ല്യുപി. 2018നെ അപേക്ഷിച്ച് പിജിഡബ്ല്യുപി വിതരണം 2023ൽ വളരെ ഉയർന്നിരുന്നു.

കുറഞ്ഞ വേതനത്തിൽ താത്‌കാലിക ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം കുറയ്ക്കുമെന്ന് കഴിഞ്ഞദിവസം ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. ഇതും കാനഡയിൽ പാർട്ട് ടൈം ജോലികൾ ചെയ്ത് വരുമാനം കണ്ടത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് തിരിച്ചടിയാണ്.

അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ കടന്നുകയറ്റത്തേക്കാൾ രാജ്യത്തിന്റെ നയപരമായ പരാജയമാണ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. ട്രൂഡോ സർക്കാർ തങ്ങളെ അന്യായമായി ടാർഗറ്റ് ചെയ്യുകയാണ്. വിദ്യാഭ്യാസത്തിനായും കനേഡിയൻ സമ്പദ്‌വ്യവസ്ഥയിലും വൻതോതിൽ നിക്ഷേപം നടത്തിയ വിദ്യാർത്ഥികൾക്ക് വലിയ കടബാധ്യതകളുമായി രാജ്യം വിടേണ്ടി വരികയാണെന്നും സംഘടനകൾ ആരോപിച്ചു.

ബിരുദാനന്തര വർക്ക് പെർമിറ്റുകൾ നീട്ടാനും പി ആറിനായുള്ള വ്യക്തമായതും സ്ഥിരമായതുമായ സംവിധാനങ്ങൾ സ്ഥാപിക്കാനും തങ്ങളുടെ ചൂഷണത്തിന് കാരണമാകുന്ന വ്യവസ്ഥാപിത പ്രശ്നങ്ങൾ പരിഹരിക്കാനും അന്താരാഷ്ട്ര വിദ്യാർത്ഥി സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CANADA, INTERNATIONAL STUDENTS, DEPORTATION, PROTEST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.