തിരുവനന്തപുരം: കാർ വാങ്ങാൻ ഗ്യാരന്റി നിൽക്കാൻ ഭാര്യവീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവിന്റെ തലയിൽ മരക്കഷണം കൊണ്ടടിച്ച് ഭാര്യ. നരുവാമൂട് മച്ചേൽ അയ്യൻപുറ സാഗർവില്ല വീട്ടിൽ പ്രസാദി (38) നാണ് മർദ്ദനമേറ്റത്. പ്രസാദിന്റെ തലയിൽ 15 തുന്നലിട്ടു. സംഭവത്തിന് ശേഷം പ്രസാദിന്റെ ഭാര്യ ചിഞ്ചു ഒളിവിൽ പോയി. 26ന് അർദ്ധരാത്രിയായിരുന്നു സംഭവം. ചിഞ്ചുവിന്റെ കുടുംബത്തിനായി ആറ് ലക്ഷത്തോളം രൂപ പ്രസാദ് മുടക്കിയിരുന്നു. ഓണ സീസണിൽ ഓഫർ ഉള്ളതിനാൽ കാർ വാങ്ങുന്നതിനായി ഈ പണം തിരികെ നൽകുകയോ അല്ലെങ്കിൽ പുതിയ കാർ വാങ്ങാൻ ജാമ്യം നിൽക്കുകയോ വേണമെന്ന് പ്രസാദ് ആവശ്യപ്പെട്ടു. എന്നാൽ, ചിഞ്ചുവും കുടുംബവും ഇതിന് തയ്യാറായില്ല. ഇതാണ് തർക്കത്തിനിടയാക്കിയത്. പകൽ നടന്ന തർക്കം രാത്രിയിലാണ് മൂർച്ഛിച്ചത്. തുടർന്ന് പ്രസാദിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം മരക്കഷണം കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രസാദിന് ആക്രമണം തടയുന്നതിനിടെ കൈക്കും പരിക്കേറ്റു. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ പ്രസാദിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ശാന്തിവിള ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. വഴക്കിനിടെ ചിഞ്ചു മരക്കഷണം കൊണ്ട് അടിച്ചതായി പ്രസാദ് നരുവാമൂട് പൊലീസിന് മൊഴി നൽകി. സംഭവത്തെ തുടർന്ന് ഇരുകൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |