അമ്പലപ്പുഴ: മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയുള്ള മകന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുകയാണ് മത്സ്യത്തൊഴിലാളി കുടുംബം. പുറക്കാട് പുതുവലിൽ നളിനാക്ഷൻ -ശ്രീദേവി ദമ്പതികളാണ് ഈ ദുരവസ്ഥ. 2024 മേയ് 16ന് രാത്രി സുഹൃത്തുക്കളുമായി അമ്പലപ്പുഴ ബാറിൽ മദ്യപിക്കാനെത്തിയതായിരുന്നു മുപ്പത്തിയൊമ്പതുകാരനായ കൊച്ചുമോൻ എന്ന അരുൺ. ബാറിൽ സംഘർഷമുണ്ടായതിനെത്തുടർന്ന് കുറുച്ചു ദൂരം മാറ്റി റോഡരുകിൽ അരുണിനെ
ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. അതുവഴി വന്ന യാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസാണ് ആംബുലൻസ് വിളിച്ച് അരുണിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ദേഹമാസകലവും തലക്കും പരിക്കേറ്റ് രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു അരുൺ. വീട്ടുകാർ അടുത്ത ദിവസമാണ് വിവരമറിഞ്ഞത്. മറ്റൊരാളെ കാണാൻ ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് വാർഡിൽ രക്തം വാർന്നുകിടക്കുന്ന അരുണിനെ കണ്ടതും വീട്ടുകാരെ അറിയിച്ചതും. തുടർന്ന് ആശുപത്രിയിലെത്തിയ പിതാവ് കണ്ടത്
കട്ടിലിൽ നിന്ന് താഴെ വീണ് രക്തം വാർന്നു കിടക്കുന്നഅരുണിനെയാണ്.
ചെവിയിൽ നിന്ന് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു.അദ്ദേഹം ഉടൻ തന്നെ ഡോക്ടറുടെ മുറിയിൽ ചെന്ന് വിവരം പറയുകയായിരുന്നു.അടുത്ത ദിവസം
തലയ്ക്ക് ശസ്ത്രക്രിയ നടത്തി.100 ദിവസത്തോളം ചികിത്സയിൽ തുടർന്നു.
ആഗസ്റ്റ് 24ന് അരുൺ മരിച്ചു.
കൊന്നതാണെന്ന് പിതാവ്
മർദ്ദനമേറ്റ രണ്ടാം ദിവസം തന്നെ കുടുംബം അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നടപടിയുണ്ടാകാത്തതിനെ തുടർന്ന് ആലപ്പുഴ എസ്.പിക്ക് പരാതി നൽകി. പൊലീസ് തികഞ്ഞ അലംഭാവമാണ് മകന്റെ കാര്യത്തിൽ കാണിക്കുന്നതെന്ന്
പിതാവ് നളിനാക്ഷൻ ആരോപിക്കുന്നു. മകനെ കൊന്നതാണെന്നും കുറ്റക്കാർക്ക്
ശിക്ഷ വാങ്ങിക്കൊടുക്കണമെന്നുമാണ് അദ്ദേഹത്തിന് സർക്കാരിനോട് ആവശ്യപ്പെടാനുള്ളത്. അരുൺ മത്സ്യതൊഴിലാളിയായിരുന്നു. തൃക്കുന്നപ്പുഴ സ്വദേശിനി രജനി ആണ് ഭാര്യ. അരുണിന്റെ ജ്യേഷ്ഠൻ അനീഷും ഭാര്യയും മകനും അടങ്ങിയ നിർധന കുടുംബം തോരാത്ത കണ്ണീരുമായി പൊലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |