കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് മാനഭംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ പാസാക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചവർക്കുനേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ബന്ദ് നടക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം. തൂക്കുകയർ മാത്രമാണ് മതിയായ ശിക്ഷ. അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിച്ച് പത്ത് ദിവസത്തിനുള്ളിൽ ബിൽ പാസാക്കും.
നിയമസഭയിൽ ബിൽ പാസാക്കിയ ശേഷം ഗവർണർ സി.വി ആനന്ദ ബോസിന്റെ അംഗീകാരത്തിനായി അയയ്ക്കും. എന്നാൽ ബിൽ പാസാക്കുമോയെന്നതിൽ സംശയമുണ്ട്. അല്ലാത്തപക്ഷം രാജ്ഭവന് പുറത്ത് പ്രതിഷേധിക്കുമെന്നും അദ്ദേഹത്തിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ബി.ജെ.പി അന്വേഷണം വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നും മമത പറഞ്ഞു.
ഡോക്ടറുടെ കൊലപാതകത്തിൽ നീതി എവിടെയാണെന്ന് മമത സി.ബി.ഐയോട് ചോദിച്ചു. തൃണമൂൽ വിദ്യാർത്ഥി വിഭാഗത്തിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത. ഡോക്ടർ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുശേഷം ഞാൻ അവരുടെ മാതാപിതാക്കളെ കണ്ടു. കേസ് സി.ബി.ഐ ഏറ്റെടുത്തിട്ട് 16 ദിവസം കഴിഞ്ഞു. അഞ്ച് ദിവസത്തെ സമയമാണ് ഞാൻ ചോദിച്ചത്. എന്നിട്ട് നീതി എവിടെ. കലാപം നടത്താനുള്ള ബി.ജെ.പി ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധമെന്നും മമത ആരോപിച്ചു.
കലാപം സൃഷ്ടിക്കാൻ ബി.ജെ.പിയും എ.ബി.വി.പിയും ഗൂഢാലോചന നടത്തുന്നു. കൊൽക്കത്ത പൊലീസിനെ അഭിനന്ദിക്കുന്നു. ഇത്രയേറെ ആക്രമണങ്ങളുണ്ടായിട്ടും അവർ ആ വലയിൽ വീഴാതെയും മരണങ്ങളുണ്ടാകാതെയും കാത്തു. ബി.ജെ.പിക്ക് വേണ്ടത് മൃതദേഹങ്ങളാണ്. അതിനുവേണ്ടിയാണ് അവർ ബന്ദ് നടത്തുന്നത്. ഞങ്ങൾക്കു വേണ്ടത് നീതിയും പ്രതിക്ക് ലഭിക്കേണ്ടത് തൂക്കുകയറുമാണെന്നും മമത പറഞ്ഞു.
ബി.ജെ.പി - തൃണമൂൽ
പ്രവർത്തകർ ഏറ്റുമുട്ടി
മമതയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരെ നടത്തിയ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബംഗാളിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമായി. തൃണമൂൽ-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഘോഷ്‌പാര മേഖലയിൽ വെടിവയ്‌പ് റിപ്പോർട്ട് ചെയ്‌തു. വെടിവയ്പിൽ ഒരാൾക്ക് പരിക്കേറ്റതായും തൃണമൂൽ ബോംബാക്രമണം നടത്തിയെന്നും മുൻ ബരാക്പൂർ എം.പിയും ബി.ജെ.പി നേതാവുമായ അർജുൻ സിംഗ് ആരോപിച്ചു. ഹൂഗ്ലി ജില്ലയിലെ കോന്നഗറിൽ തൃണമൂൽ, ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ബന്ദിന് പിന്തുണയുമായി കോന്നഗർ ഫിലിം സ്‌ക്വയറിൽ തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ കടകൾ അടക്കണമെന്ന് പറഞ്ഞതോടെ സംഘർഷമുണ്ടായി. പൊലീസ് എത്തിയെങ്കിലും സംഘർഷം തുടർന്നു.
ബംഗാളിൽ അരാജകത്വം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമമെന്ന് തൃണമൂൽ ആരോപിച്ചു.
കൊലപ്പെടുത്താൻ ശ്രമം
അതിനിടെ,തന്റെ വാഹനത്തിനു നേരെ തൃണമൂൽ പ്രവർത്തകർ ആക്രമണം നടത്തിയെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള ആരോപണവുമായി ബി.ജെ.പി നേതാവ് പ്രിയാംഗു പാണ്ഡേ. ഭട്പാരയിൽ കാറിൽ സഞ്ചരിക്കുമ്പോൾ തൃണമൂൽ പ്രവർത്തകർ ബോംബുകൾ എറിയുകയും വെടിയുതിർക്കുകയും ചെയ്തു. ഏഴോളം ബോംബുകൾ എറിഞ്ഞു. തൃണമൂലും പൊലീസും ചേർന്നുള്ള ഗൂഢാലോചനയാണ്. കാറിന് കേടുപാടുകൾ സംഭവിച്ചു. ഡ്രൈവർക്ക് പരിക്കേറ്റെന്നും അറിയിച്ചു.
സന്ദീപ് ഘോഷിന്റെ അംഗത്വം സസ്പെൻഡ് ചെയ്ത് ഐ.എം.എ
ന്യൂഡൽഹി : കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി ട്രെയിനി ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സമയത്ത് പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷിന്റെ അംഗത്വം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സസ്പെൻഡ് ചെയ്തു. ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷന്റെ അഭ്യർത്ഥനയെ തുടർന്നാണിത്. ഐ.എം.എയുടെ അച്ചടക്കസമിതി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. സി.ബി.ഐ അന്വേഷിക്കുന്ന കേസിൽ സന്ദീപ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിലും അന്വേഷണം നേരിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |