അബുദാബി: യുഎഇയിലെ 84 ശതമാനം കമ്പനികളും വരുന്ന 15 മാസത്തിനുള്ളിൽ പ്രത്യേക എഐ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. യുഎഇയിലെ വിവിധ മേഖലകളിലുള്ള കമ്പനികളെ ഉൾപ്പെടുത്തി ആഗോള സാങ്കേതിക സ്ഥാപനമായ എസ്‌എപി നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എഐ സാങ്കേതികവിദ്യ ബിസിനസ് പ്രവർത്തനങ്ങളുമായി അതിവേഗം സമന്വയിക്കുന്നതിനാൽ കമ്പനികൾക്ക് നേട്ടങ്ങളും അതിവേഗം ലഭിക്കും.
എഐ ജീവനക്കാരെ നിയമിക്കുന്നതിനൊപ്പം കമ്പനികൾ അവരുടെ നിലവിലുള്ള തൊഴിലാളികൾക്കായി നൈപുണ്യ വികസനത്തിന് പരിശീലനവും നൽകുന്നു. നിലവിൽ 57 ശതമാനം സ്ഥാപനങ്ങൾ ഇതിനകം എഐ പരിശീലന സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും സർവേയിൽ പറഞ്ഞിട്ടുണ്ട്. വരും വർഷങ്ങളിൽ ഇത് 35 ശതമാനം അധികമായി വർദ്ധിപ്പിക്കുമെന്നും എസ്‌എപി യുഎഇയുടെ മാനേജിംഗ് ഡയറക്‌ടർ മർവാൻ സെയ്‌നുദ്ദീൻ അറിയിച്ചു.
എഐയിൽ ഉണ്ടാകുന്ന മുന്നേറ്റങ്ങളും വർദ്ധിച്ചുവരുന്ന തൊഴിലാളികളുടെ ആവശ്യകതയുമാണ് ഇതിന് കാരണം. യുഎഇയിലെ യുവ ജനങ്ങൾക്കായി സാങ്കേതിക പരിശീലന പരിപാടികൾ എസ്‌എപി നടത്തുന്നുണ്ട്. ഈ പ്രോഗ്രാം വിദ്യാർത്ഥികളെ അവരുടെ അക്കാഡമിക് പഠനം പൂർത്തിയാക്കുന്നതിനൊപ്പം പ്രായോഗിക സാങ്കേതിക വൈദഗ്ദ്ധ്യം നേടാനും സഹായിക്കുന്നു. അനുഭവപരിചയത്തോടെ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാനും അവരെ സജ്ജമാക്കുന്നു.
എന്നാൽ, എഐ ജീവനക്കാരെ നിയമിക്കുന്നത് നിലവിൽ യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ വലിയ ആശങ്ക ഉയർത്തുകയാണ്. തൊഴിൽ നഷ്‌ടപ്പെടുമോ എന്ന ഭയം പോലും അവരിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |