ജില്ലയിൽ ഈ വർഷം ഇതുവരെ 7.5 കോടിയുടെ തട്ടിപ്പ്
തൊടുപുഴ: ഓൺലൈൻതട്ടിപ്പുകാരുടെ കുരുക്കിൽപ്പെട്ട് പണം നഷ്ടമായ കേസുകൾ ജില്ലയിൽ കുതിച്ചുയരുന്നു. കഴിഞ്ഞ വർഷം ആകെ 52 കേസുകളായിരുന്നെങ്കിൽ കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ 63 ഓൺലൈൻ തട്ടിപ്പുകൾ രജിസ്ട്രർ ചെയ്തുകഴിഞ്ഞു. 7.5 കോടി പലർക്കായി നഷ്ടപ്പെടുകയും ചെയ്തു.ഇന്നാൽ തട്ടിപ്പിനിരയായവർ ഇതിലും എത്രയോ അധികമാണ്. പണം നഷ്ടപ്പെട്ട് മാനഹാനിയോർത്ത് മിണ്ടാതിരിക്കുന്നവരും ഏറെയാണ്. 100 ചൂണ്ടയിട്ടാൽ 50 പേരെങ്കിലും കൊത്തുമെന്ന് തട്ടിപ്പുകാർക്കറിയാം. കാരണം പെട്ടെന്നു പണമുണ്ടാക്കാനുള്ള എളുപ്പവഴികൾ തേടുന്നതിൽ മുന്നിലാണല്ലോ നമ്മളിൽ പലരും. ചൂണ്ടയിൽ കൊളുത്തിയാൽ തുടക്കത്തിൽ ലാഭത്തോടെ പണം ലഭിക്കും. 10,000 നിക്ഷേപിക്കുന്നവർക്ക് 12,000 തിരിച്ചു നൽകി വിശ്വാസം നേടും. പിന്നീട് കൂടുതൽ പണം ആവശ്യപ്പെടും. തട്ടിപ്പുകാർ നമുക്കു മുന്നിൽ പ്രദർശിപ്പിക്കുന്ന വ്യാജ വാലറ്റുകൾ ലക്ഷങ്ങളും കോടികളും കൊണ്ട് നിറയും. അതിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ, നികുതിയിനത്തിൽ ലക്ഷങ്ങൾ നൽകിയാലേ പണം പിൻവലിക്കാനാകൂ എന്ന് അറിയിപ്പ് ലഭിക്കും. ഇതിനോടകം ലക്ഷങ്ങളോ കോടികളോ നഷ്ടപ്പെട്ടിട്ടുണ്ടാകും. എന്നിട്ടും തട്ടിപ്പ് മനസ്സിലാകാത്ത ചിലർ വാലറ്റിലെ വൻ തുക കണ്ട് വീണ്ടും 'നികുതി' അടയ്ക്കും. അതും നഷ്ടമായി കഴിഞ്ഞാൽ പിന്നെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയേ മാർഗമുള്ളൂ. വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന പ്രായമായവരെയാണ് തട്ടിപ്പുകാർ കൂടുതലായും ലക്ഷ്യമിടുന്നത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നും ഫോണിൽ വരുന്ന ഒ.ടി.പി എത്രയും വേഗം അയച്ചു തന്നാൽ പണം നഷ്ടപ്പെടുന്നത് തടയാമെന്നും പറയുമ്പോൾ വെപ്രാളപ്പെട്ടു പോവുക സ്വാഭാവികം. കാരണം ഒരു ആയുസിന്റെ സമ്പാദ്യം മുഴുവൻ അതിലാകും സൂക്ഷിച്ചിട്ടുണ്ടാകുക.
കൗമാരക്കാരെയും
കുരുക്കിലാക്കും
തട്ടിപ്പുകാർ ഇപ്പോൾ പ്ലസ്ടു, കോളജ് വിദ്യാർത്ഥികളെയും നോട്ടമിടുന്നുണ്ട്. രണ്ടായിരമോ അയ്യായിരമോ കൊടുത്താൽ ബാങ്ക് അക്കൗണ്ടെടുത്ത് എ.ടി.എം കാർഡും പിൻനമ്പറും നൽകാൻ വിദ്യാർത്ഥികൾ തയ്യാറാകും. പിന്നീട് പൊലീസെത്തുമ്പോഴാണ് ചതി പറ്റിയ വിവരം കുട്ടികളറിയുക. വിദേശത്തുനിന്ന് ഇങ്ങനെയെത്തിയ അനധികൃത പണം അക്കൗണ്ട് വഴി കൈമാറിയതിന് ബിരുദ വിദ്യാർത്ഥി ഒരുമാസം ജയിലിൽ കിടക്കേണ്ട അവസ്ഥവരെയുണ്ടായി. ബാങ്കിൽ നിന്നാണെന്ന പേരിൽ ഒ.ടി.പി ആവശ്യപ്പെട്ട് ചിലപ്പോൾ കോൾ വന്നേക്കാം. ആദ്യം ഓർക്കേണ്ടത് ഒരു ബാങ്കിൽ നിന്നും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒ.ടി.പി ആവശ്യപ്പെടില്ല. ഒ.ടി.പി, എ.ടി.എം പിൻ, ആധാർ ഒ.ടി.പി എന്നിവ ആവശ്യപ്പെട്ടുള്ള കോളുകളോടു പ്രതികരിക്കരുത്. ഇതു കൈമാറുന്നതിലൂടെ നമ്മുടെ ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം നഷ്ടമാകുമെന്നോർക്കുക. നമ്മുടെ അക്കൗണ്ടുകൾ വഴി പിന്നീടു നടക്കുന്ന സാമ്പത്തിക ഇടപാടുകൾക്കെല്ലാം ഉത്തരവാദി നമ്മളായിരിക്കും.
1930ൽ ഉടൻ വിളിക്കണം
തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിൽ അറിയിക്കണം. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി റജിസ്റ്റർ ചെയ്യണം. തട്ടിപ്പിനിരയായി ആദ്യ മണിക്കൂറിൽതന്നെ പരാതി നൽകിയാൽ നമ്മൾ കൈമാറിയ പണം ഏത് അക്കൗണ്ടിലേക്കാണോ എത്തിയത് ആ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സാധിക്കും. പരാതി ലഭിച്ചാലുടൻ കൈമാറ്റം നടന്ന ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യും. പിന്നീട് ഈ പണം കൈമാറ്റം ചെയ്യാൻ കഴിയില്ല. ഈ പണം പരാതിക്കാരന് ഉടൻ ലഭിച്ചുകൊള്ളണമെന്നില്ല. കോടതി ഇടപെടലിലൂടെ മാത്രമേ തിരിച്ചുകിട്ടൂ. തട്ടിപ്പിനിരയായി ദിവസങ്ങൾ കഴിഞ്ഞാണ് പരാതി നൽകുന്നതെങ്കിൽ ഇതിന് സാദ്ധ്യത കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |