ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഒരുമാസം പിന്നിടുമ്പോഴും വയനാടും സംസ്ഥാനമൊന്നാകെയും അതിൽ നിന്ന് മോചിതമായിട്ടില്ല. അതിഭീകരമായ ഉരുൾപൊട്ടലിൽ പാടേ തകർന്നടിഞ്ഞ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം, വിലങ്ങാട് പ്രദേശങ്ങൾ ഇപ്പോഴും പ്രേതഭൂമിയുടെ പ്രതീതിയിലാണ്. ദുരന്തത്തിൽപ്പെടാതെ കഷ്ടിച്ച് രക്ഷപ്പെടാൻ ഭാഗ്യമുണ്ടായ ഇവിടങ്ങളിലെ മനുഷ്യർ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള കഠിന ശ്രമത്തിലാണിപ്പോൾ. സർക്കാരിന്റെയും എമ്പാടുമുള്ള ഹൃദയാലുക്കളായ മനുഷ്യരുടെയും എണ്ണമറ്റ സംഘടനകളുടെയും പിന്തുണയും സഹായവും ദുരന്തബാധിതർക്കൊപ്പമുള്ളതു മാത്രമാണ് ഏക ആശ്വാസം. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലെ കുട്ടികൾക്കായി കഴിഞ്ഞ ദിവസം അദ്ധ്യയനം പുനരാരംഭിക്കാനായത് ശുഭസൂചനയാണ്. ഉരുൾപൊട്ടലിൽ തകർന്ന സ്കൂളുകൾക്കു പകരം പുതിയ സ്കൂളുകൾ ഉയരാൻ സമയമെടുക്കും. പുനരധിവാസ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി നടക്കുന്നതിന്റെ ഭാഗമായാണ് അദ്ധ്യയനം പുനരാരംഭിച്ചിരിക്കുന്നത്. ഭീതിദമായ ഓർമ്മകളിൽ നിന്ന് ബാലമനസുകളെ പിന്തിരിപ്പിക്കുന്നതിന് ഇതു സഹായകമാകും.
ക്യാമ്പുകളിൽ പാർപ്പിച്ചിരുന്ന മുഴുവൻ ആളുകളെയും വാടകവീടുകളിലും ബന്ധുവീടുകളിലും സർക്കാർ ക്വാർട്ടേഴ്സുകളിലുമായി മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി കരുതണം. അടിയന്തര ആവശ്യങ്ങൾക്കായി പതിനായിരം രൂപ നൽകിയാണ് അവരെ താത്‌കാലിക പാർപ്പിടങ്ങളിലേക്കു മാറ്റിയിരിക്കുന്നത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവശ്യമായ സാധനസാമഗ്രികളും ഓരോ കുടുംബത്തിനും നൽകിയിട്ടുണ്ട്. ദുരന്തമേഖലയിൽ താമസിച്ചിരുന്നവർക്കായി പുതിയ പാർപ്പിടകേന്ദ്രങ്ങൾ ഒരുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. വിദഗ്ദ്ധ സംഘങ്ങൾ പത്തോളം സ്ഥലങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഇന്നലെ സർവകക്ഷിയോഗം വിളിച്ചുകൂട്ടിയിരുന്നു. ഉദ്യോഗസ്ഥരുടെ യോഗവും അതിനുശേഷം നടന്നു.
ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് എട്ടുലക്ഷം രൂപവീതം നഷ്ടപരിഹാരം ഇതിനകം നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്കും ആനുപാതികമായി പണം നൽകി. താത്കാലിക വാസസൗകര്യം നൽകിയവർക്ക് വാടകയിനത്തിൽ പ്രതിമാസം 6000 രൂപ നൽകും. വസ്തുവകകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പൊതുമുതലിനും സംഭവിച്ച നാശനഷ്ടങ്ങളുടെ അന്തിമ കണക്ക് പുറത്തുവന്നിട്ടില്ല. പുനരധിവാസം മേപ്പാടിയിൽത്തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ദുരന്തബാധിതരിൽ അധികവും. ആയിരത്തിലധികം കുടുംബങ്ങളാണ് പുനരധിവസിപ്പിക്കാനുള്ളവരുടെ പട്ടികയിലുള്ളത്. എല്ലാ കുടുംബങ്ങൾക്കും ഒരേ സ്ഥലത്ത് പുതിയ പാർപ്പിടങ്ങൾ ഒരുക്കണമെങ്കിൽ വിസ്തൃതിയുള്ള സ്ഥലം കണ്ടെത്തേണ്ടിവരും. അഞ്ഞൂറിലധികം വീടുകൾ നിർമ്മിച്ചുനൽകാമെന്ന് രാഷ്ട്രീയകക്ഷികളും സംഘടനകളും വ്യക്തികളും വാഗ്ദാനം നൽകിയിരുന്നു. ഈ സഹായവാഗ്ദാനം സർക്കാർ പ്രയോജനപ്പെടുത്തണം. ഇവ ക്രോഡീകരിച്ച് കൃത്യമായ കർമ്മപദ്ധതി തയ്യാറാക്കി മുന്നോട്ടുപോയാൽ സർക്കാരിന്റെ ഭാരം അത്രകണ്ടു കുറയും.
സംസ്ഥാനം അടുത്തകാലത്ത് കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലുതും ഭീകരവുമായ ദുരന്തമാണ് വയനാട്ടിലുണ്ടായത്. അതു ധീരമായിത്തന്നെ നേരിടുന്നതിൽ നമ്മൾ വിജയിച്ചുവെന്നത് നിസ്തർക്കമാണ്. എല്ലാ വിഭാഗം ജനങ്ങളും വിവിധ സംഘടനകളും ഉദാരമതികളായ വ്യവസായ - വാണിജ്യ പ്രമുഖരും ദുരന്തബാധിതരെ സഹായിക്കാൻ പ്രത്യേക ആഹ്വാനമൊന്നും കൂടാതെ മുന്നോട്ടുവന്നുവെന്നത് മുഴുവൻ മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്നു. വയനാടിനു വേണ്ടിയുള്ള ഈ സമർപ്പണം എന്നും ജനമനസ്സുകളിൽ മായാതെ നിൽക്കും.
ബുധനാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സഹായം തേടിയിരുന്നു. വിശദമായ കണക്കുമായി വരൂ, പണം എത്രവേണമെങ്കിലും നൽകാമെന്നാണ് വയനാട് ദുരന്ത മേഖല സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി ഉറപ്പു നൽകിയത്. 2200 കോടി രൂപയുടെ സഹായാഭ്യർത്ഥന അടങ്ങുന്ന നിവേദനമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്. ഫലം എന്താകുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |