തിരുവനന്തപുരം: നടൻ പ്രേം കുമാറിന് ചലച്ചിത്ര അക്കാഡമിയുടെ ചെയർമാന്റെ ചുമതല നൽകി സർക്കാർ. ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവച്ചതോടെയാണ് പ്രേം കുമാറിന് ചുമതല ലഭിച്ചത്. നിലവിൽ അക്കാഡമി വൈസ് ചെയർമാനാണ് പ്രേം കുമാർ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ പുരുഷന്മാരിൽ നിന്നും നേരിട്ട ശാരീരിക പീഡനമടക്കം വിവരിച്ച് നിരവധി സ്‌ത്രീകളാണ് രംഗത്തെത്തിയത്. പാലേരിമാണിക്യം എന്ന ചിത്രത്തിന്റെ ഒഡീഷനിടെ ബംഗാളി നടിയോട് മോശമായി പെരുമാറി എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന് ചെയർമാൻ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്.
കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി രഞ്ജിത്ത് ഹർജി സമർപ്പിച്ചിട്ടുണ്ട്. 'താൻ നിരപരാധിയാണ്. കേസിൽ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണ്. സംഭവം നടന്ന് 15 വർഷത്തിനുശേഷമാണ് പരാതി നൽകിയിരിക്കുന്നത്.' രഞ്ജിത്ത് ഹർജിയിൽ പറയുന്നു. നടിയെ സിനിമയിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കാത്തതിന്റെ നീരസവും നിരാശയുമാണ് പരാതിക്ക് കാരണമെന്നാണ് രഞ്ജിത്തിന്റെ ആരോപണം. തന്നെ ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുന്നതിനായി ചില നിക്ഷിപ്ത താത്പര്യക്കാർ ഇത് ആളിക്കത്തിച്ചു. പരാതിയിൽ പറഞ്ഞിരിക്കുന്ന അപ്പാർട്ട്‌മെന്റിന്റെ ഭൂരിഭാഗം സ്ഥലവും ഓഫീസ് കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്. ബംഗാളി നടി അപ്പാർട്ട്‌മെന്റിലുണ്ടായിരുന്ന മുഴുവൻ സമയവും അസോസിയേറ്റ് ഡയറക്ടർമാരായ ശങ്കർ രാമകൃഷ്ണൻ, ഗിരീഷ് ദാമോദരൻ, നിർമാതാവ് സുബൈർ, ഓഫീസ് അസിസ്റ്റന്റ് ബിജു തുടങ്ങിയവർ ഉണ്ടായിരുന്നു.
ശങ്കർ രാമകൃഷ്ണനാണ് സിനിമയെക്കുറിച്ച് നടിയുമായി ചർച്ച നടത്തിയത്. ശങ്കർ സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തെക്കുറിച്ച് പരാതിയിൽ നടി മൗനം പാലിച്ചിരിക്കുന്നത് ഇതിലുൾപ്പെട്ടിട്ടുള്ള വഞ്ചന വ്യക്തമാക്കുന്നു. അടുത്തിടെയാണ് തന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. നിരവധി അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. അതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |