തിരുവനന്തപുരം: ക്രമസമാധാന ചുമതല പഴയതുപോലെ ദക്ഷിണ - ഉത്തര മേഖലകളിൽ രണ്ട് എ.ഡി.ജി.പിമാർക്ക് നൽകണമെന്ന് ശുപാർശ. എ.ഡി.ജി.പിമാരുടെ സമിതിയാണ് സർക്കാരിന് ശുപാർശ നൽകിയത്. ലോകനാഥ് ബെഹ്റ ഡി.ജി.പിയായിരുന്നപ്പോഴാണ് ഒറ്റ എ.ഡി.ജിപിക്ക് ക്രമസമാധാന ചുമതല നൽകിയത്. ഇത് അധികാര കേന്ദ്രീകരണത്തിന് വഴിയൊരുക്കിയതോടെയാണ് പഴയരീതിയിലേക്ക് മടങ്ങാൻ ശുപാർശ നൽകിയത്.
ദക്ഷിണമേഖല എ.ഡി.ജി.പി തിരുവനന്തപുരവും ഉത്തരമേഖല എ.ഡി.ജി.പി കോഴിക്കോടും ആസ്ഥാനമാക്കി പ്രവർത്തിക്കണമെന്നാണ് ശുപാർശ. എം.ആർ. അജിത്കുമാറിന് മുമ്പ് അനിൽകാന്ത്, വിജയ്സാക്കറെ എന്നിവർ ഈ ചുമതല വഹിച്ചിരുന്നു. എല്ലാ ജില്ലകളുടെയും ചുമതല തിരുവനന്തപുരത്തിരുന്ന് ഒരു എ.ഡി.ജി.പി വഹിക്കുന്നത് മേൽനോട്ടത്തിലും ഏകോപനത്തിലും പാളിച്ചയുണ്ടാക്കിയെന്നാണ് സമിതിയുടെ വിലയിരുത്തൽ. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി 'സൂപ്പർ ഡി.ജി.പി"യായി വിലസുകയാണ്. ഇതോടെ ജില്ലകൾ എസ്.പിമാരുടെ സാമ്രാജ്യമായി.
ഇൻസ്‌പെക്ടർ മുതൽ എ.ഡി.ജി.പി വരെ പലതട്ടുകളിലെ മേൽനോട്ട സംവിധാനം പൊളിച്ചടുക്കി. നാല് പൊലീസ് ജില്ലകൾക്ക് റേഞ്ച് ഡി.ഐ.ജിയും അവരുടെ മേൽനോട്ടത്തിന് സോണൽ ഐ.ജിമാരും അതിനുമേൽ ഉത്തര, ദക്ഷിണ മേഖലാ എ.ഡി.ജി.പിമാരുമുണ്ടായിരുന്നു. ഇത് പൊളിച്ചടുക്കിയാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണറായി ഐ.ജിയെ നിയമിച്ചത്. റേഞ്ചുകളിൽ ഡി.ഐ.ജിമാരെയും നിയമിച്ചു. സോണൽ ഐ.ജിമാർക്ക് സിറ്റികളുടെ നിയന്ത്രണമില്ലാതാക്കി.
സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക്
പ്രതിവർഷം 500ൽ താഴെ കേസുകളുള്ള സി കാറ്റഗറിയിൽപ്പെട്ട 210 പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് മടക്കി നൽകാനും സമിതി ശുപാർശ ചെയ്തു. പത്തുവർഷം വരെ എസ്.ഐയായിരുന്ന ശേഷം ഇൻസ്പെക്ടറായവർ സ്റ്റേഷനിൽ എസ്.ഐയുടെ ജോലിയാണ് ചെയ്യുന്നത്. രണ്ടും മൂന്നും എസ്.ഐമാർ സ്റ്റേഷനുകളിലുണ്ടെങ്കിലും അപ്രധാന ചുമതലകളാണുള്ളത്. രണ്ട് സ്റ്റേഷനുകൾക്ക് സി.ഐയുടെ മേൽനോട്ടമായിരുന്നു. അത് ഇല്ലാതായതോടെ സ്റ്റേഷനുകളുടെ പ്രവർത്തനം തോന്നുംപടിയായി. ഒമ്പത് സ്റ്റേഷനുകൾക്ക് ഒരു ഡിവൈ.എസ്.പിയുണ്ടെങ്കിലും മേൽനോട്ടം പേരിനുമാത്രം.
എസ്.ഐമാർക്ക് അധികാരം
ഒന്നിലേറെ എസ്.ഐമാരുള്ള സ്റ്റേഷനുകളിൽ എസ്.ഐമാരിലൊരാളെ പ്രിൻസിപ്പൽ എസ്.ഐയാക്കണം.
അടുത്തടുത്തുള്ള സ്റ്റേഷനുകളിലാവും (ലൈൻസ്റ്റേഷൻ) ആദ്യം എസ്.ഐമാരെ എസ്.എച്ച്.ഒമാരാക്കുക.
രണ്ട് സ്റ്റേഷനുകളുടെ മേൽനോട്ടം ഇൻസ്പെക്ടർക്ക്.
പോക്സോ സംഘടിത ആക്രമണ കേസുകൾ അന്വേഷിക്കേണ്ടതും ഇൻസ്‌പെക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |