പാറ്റ്ന: ബീഹാറിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഗുണ്ടാത്തലവനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ബൽവന്ത് കുമാർ സിംഗ്, രവി രഞ്ജൻ കുമാർ സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്. ബീഹാറിലെ അരായിൽ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
ജൂലായ് 17ന് പാറ്റ്നയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവൻ ചന്ദൻ മിശ്രയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെയാണ് ഏറ്റുമുട്ടലിൽ പൊലീസ് കീഴ്പ്പെടുത്തിയത്. പ്രതികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ബീഹാർ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും ഭോജ്പൂർ പൊലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രണ്ട് പ്രതികളും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ചോദ്യം ചെയ്യലിൽ ഗുണ്ടാത്തലവന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഇരുവരും സമ്മതിച്ചു. പ്രതികളിൽ നിന്ന് രണ്ട് തോക്കും നാല് വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു. അഞ്ചംഗ സംഘം പാറ്റ്നയിലെ പരസ് ആശുപത്രിയിലേക്ക് എത്തി ചന്ദൻ മിശ്രയുടെ മുറിയിൽ കയറി ഇയാൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. 12 കൊലപാതകങ്ങൾ ഉൾപ്പെടെ 24 ക്രിമിനൽ കേസുകളിലെ പ്രതിയാണ് മിശ്ര. സംഭവം നടക്കുമ്പോൾ ഇയാൾ ചികിത്സയ്ക്കായി പരോളിൽ എത്തിയതായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് വെടിവയ്പ്പിൽ പ്രധാന പങ്കുവഹിച്ച തൗസീഫ് ബാദ്ഷാ, ഇയാളുടെ അനന്തരവൻ നിഷു ഖാൻ എന്നിവരുൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അൽപന ദാസ് എന്ന യുവതിയും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഭഗൽപൂർ ജയിലിൽ മിശ്രയുമായി മുമ്പ് തർക്കമുണ്ടായിരുന്ന ഷേരു എന്ന ഗുണ്ടയുടെ സംഘങ്ങളാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |