തൃശൂർ : ഓണത്തെ വരവേറ്റ് നാളെ അത്തം. ഏറ്റവും കൂടുതൽ പൂക്കച്ചവടം നടക്കുന്ന തൃശൂർ വടക്കുന്നാഥൻ കിഴക്കെനടയിൽ കച്ചവട കേന്ദ്രങ്ങൾ ഇന്നലെ രാവിലെ മുതൽ സജീവമായി. അതേസമയം തുടരുന്ന മഴ, വ്യാപാരികളടക്കമുള്ളവരെ ആശങ്കയിലാക്കുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഔദ്യോഗിക ഓണാഘോഷമില്ല.
അതുകൊണ്ട് ഇത്തവണ പൂ വിപണിക്ക് ഉണർവുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. സർക്കാർ ഓഫീസിലും സ്‌കൂളിലും ഇത്തവണ ഓണാഘോഷമുണ്ടായേക്കില്ല. ഓണാഘോഷം വേണ്ടെന്ന് വച്ചെങ്കിലും പുലിക്കളിയും കുമ്മാട്ടിയും നടത്താൻ അനുമതി നൽകിയത് ആശ്വാസമായി. വടക്കുന്നാഥന്റെ തെക്കെ ഗോപുരനടയിൽ സായാഹ്നത്തിൽ ഒത്തുകൂടുന്നവരുടെ സൗഹൃദ കൂട്ടായ്മ 16 വർഷമായി അത്തംനാളിൽ തെക്കെ ഗോപുരനടയിൽ അണിയിച്ചൊരുക്കുന്ന അത്തപ്പൂക്കളം ഇത്തവണ ലളിതമായി നടത്തും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷം ചുരുക്കുന്നത് കണക്കിലെടുത്തും ദുരന്തബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണിതെന്ന് ജനറൽ കൺവീനർ ഷോബി ടി.വർഗീസ് പറഞ്ഞു. വയനാട് ദുരന്തത്തിന്റെ ചിത്രീകരണം ഉൾപ്പെടുത്തിയുള്ള പൂക്കളമാണ് ഓണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്നത്. രാവിലെ എട്ടിന് അത്തപ്പൂക്കള സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശൻ നടത്തും. മുൻ എം.എൽ.എ എം.കെ.കണ്ണൻ, വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കുകൾ ഏറ്റുവാങ്ങും. കല്യാൺ ഗ്രൂപ്പ് എം.ഡി ടി.എസ്.പട്ടാഭിരാമൻ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |