ഒട്ടാവ: സിഖ് സമൂഹത്തെ പ്രീണിപ്പിക്കാൻ ഖാലിസ്ഥാൻ തീവ്രവാദികളെ പിന്തുണച്ച് ഇന്ത്യാവിരുദ്ധ നിലപാടെടുത്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് പ്രതീക്ഷിക്കാത്ത പ്രഹരം. ഖാലിസ്ഥാൻ അനുകൂലിയായ ജഗ്‌മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി) സർക്കാരിനുള്ള പിന്തണ പിൻവലിച്ചു.
പാർലമെന്റിൽ 24 സീറ്റുള്ള എൻ.ഡി.പി കാലുവാരിയതോടെ ട്രൂഡോയുടെ ന്യൂനപക്ഷ ലിബറൽ പാർട്ടി സർക്കാർ തകർച്ചയുടെ വക്കിലായി. ഇന്നലെ പൊടുന്നനെ ജഗ്‌മീത് സിംഗ് പിന്തുണ പിൻവലിച്ചത് ട്രൂഡോയെ അമ്പരപ്പിച്ചു. അടുത്തവർഷം ഒക്ടോബറിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിസന്ധി. ട്രൂഡോയ്ക്കെതിരെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ജഗ്‌മീത് പ്രഖ്യാപിച്ചു.
2025 വരെ ട്രൂഡോയെ അധികാരത്തിൽ നിലനിറുത്താമെന്ന് 2022ൽ ഒപ്പിട്ട കരാറാണ് എൻ.ഡി.പി കീറിയെറിഞ്ഞത്. പിന്തുണയ്ക്ക് പകരം ട്രൂഡോ നൽകിയ പല വാഗ്ദാനങ്ങളും പാലിക്കാത്തത് ജഗ്‌മീതിനെ ചൊടിപ്പിച്ചു. വിലക്കയറ്റം തടയുന്നതിൽ ട്രൂഡോ പരാജയപ്പെട്ടെന്നും കോർപറേറ്റ് പ്രീണനമാണെന്നും ജഗ്‌മീത് എക്സിൽ കുറിച്ചു.
ജനപ്രീതി ഇടിഞ്ഞ ട്രൂഡോ സർക്കാർ തിരഞ്ഞെടുപ്പ് വരെ പിടിച്ചുനിൽക്കില്ലെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ ട്രൂഡോ തോറ്റു തുന്നംപാടുമെന്നാണ് സർവേ ഫലങ്ങൾ.
ട്രൂഡോയ്‌ക്ക് മുന്നിൽ
1 ഹൗസ് ഒഫ് കോമൺസിൽ (അധോസഭ) അവിശ്വാസ വോട്ട് അതിജീവിക്കണം. ഇതിന് പ്രതിപക്ഷ പിന്തുണ വേണം
2 ഈ മാസം 16ന് ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ കൺസർവേറ്റീവ് പാർട്ടി അവിശ്വാസ വോട്ട് ആവശ്യപ്പെടും
3 എൻ.ഡി.പി വിട്ടുനിന്നാൽ ട്രൂഡോ രക്ഷപ്പെടും. ബ്ലോക്ക് കീബെക്വ പാർട്ടിയുടെ പിന്തുണ നേടിയാലും മതി
ട്രൂഡോ വീണാൽ
കൺസർവേറ്റീവ് നേതാവ് പിയർ പോളിയേവിനാണ് ജനപിന്തുണ. തിരഞ്ഞെടുപ്പ് ഉടൻ വേണമെന്ന് പോളിയേവ് ആവശ്യപ്പെട്ടു
എൻ.ഡി.പി
കനേഡിയൻ സിഖ് സമൂഹത്തിൽ വൻ സ്വാധീനം
പാർലമെന്റിലെ നാലാമത്തെ വലിയ പാർട്ടി
ട്രൂഡോ സർക്കാർ ജനങ്ങളെ കൈവിട്ടു. അവർ ഇനിയൊരു അവസരം അർഹിക്കുന്നില്ല.
- ജഗ്‌മീത് സിംഗ .
ഭരണം നിലനിറുത്തും. തിരഞ്ഞെടുപ്പ് നേരത്തെയാക്കില്ല.
- ജസ്റ്റിൻ ട്രൂഡോ.
ഹൗസ് ഒഫ് കോമൺസ്
സീറ്റ്...........................338
കേവല ഭൂരിപക്ഷം ..170
ലിബറൽ.................154
കൺസർവേറ്റീവ്....119
എൻ.ഡി.പി...............24
ബ്ലോക്ക് കീബെക്വ...32
ഗ്രീൻ............................2
സ്വതന്ത്രൻ.................3
ഒഴിവ് ..........................4
ട്രൂഡോയുടെ ഇന്ത്യാവിരുദ്ധത
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യയ്ക്ക് പങ്കെന്ന് ആരോപണം
ഇന്ത്യയുടെ രൂക്ഷ വിമർശനം,നയതന്ത്ര ബന്ധത്തിൽ വിള്ളൽ
ട്രൂഡോ ഖാലിസ്ഥാൻ പരിപാടികളിൽ ആവർത്തിച്ച് പങ്കെടുത്ത് പ്രകോപനം സൃഷ്ടിച്ചു
ഖാലിസ്ഥാനികളുടെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് മൗന പിന്തുണ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |