ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങളിൽ ഇനി മുതൽ തിരഞ്ഞെടുത്ത റൂട്ടുകളിലേക്കുള്ള യാത്രക്കാർക്ക് മാത്രമേ ഹലാൽ ഭക്ഷണം വിളമ്പുകയുള്ളു എന്ന് തീരുമാനം. ഹജ്ജ് തീർത്ഥാടനം, സൗദി അറേബ്യ തുടങ്ങിയ റൂട്ടുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുൻ കൂട്ടി ബുക്ക് ചെയ്‌താൽ ഹലാൽ ഭക്ഷണം അല്ലെങ്കിൽ മുസ്ലീം മീൽ (എംഒഎംഎൽ) നൽകുമെന്നാണ് ടൈംസ് ഒഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
കമ്പനിയുടെ പുതിയ തീരുമാനം ഈ മാസം ആദ്യം ആഭ്യന്തര സർക്കുലർ വഴി അറിയിച്ചിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിസ്‌താര എയർലൈൻ എയർ ഇന്ത്യയുമായി ലയിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. എംഒഎംഎൽ സ്റ്റിക്കർ പ്രത്യേകമായി ഭക്ഷണത്തിന് മുകളിൽ ഉണ്ടായിരിക്കും. 'മുസ്ലീം മീൽ' വിഭാഗത്തിന് മാത്രമേ ഹലാൽ സർട്ടിഫിക്കറ്റ് നൽകുകയുള്ളു. അതേസമയം, സൗദി സെക്ടറുകളിലെ വിമാനങ്ങളിൽ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ ആയിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെയും ഹജ്ജ് വിമാനങ്ങളിലെയും ഭക്ഷണങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുമെന്നും എയർ ഇന്ത്യ ആഭ്യന്തര സർക്കുലറിലൂടെ അറിയിച്ചിട്ടുണ്ട്.
എയർലൈൻ എല്ലായ്‌പ്പോഴും തങ്ങളുടെ യാത്രക്കാരുടെ ആവശ്യാനുസരണമാണ് ഭക്ഷണം ഒരുക്കിയിരുന്നതെന്നും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കമെന്നും ഒരു എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, വിസ്‌താരയുമായി ലയിച്ചതോടെ എയർ ഇന്ത്യ കൂടുതൽ വളർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭക്ഷണ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും അതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |