ധാക്ക: ബംഗ്ളാദേശിൽ ഷെയ്‌ഖ് ഹസീന സർക്കാരിനെ പുറത്താക്കി നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നത് ദിവസങ്ങൾക്ക് മുൻപാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ കടുത്ത ആക്രമണമാണ് ദിവസങ്ങളായി ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ ഇന്ത്യയടക്കം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് രാജ്യത്തിന്റെ മുഖ്യ ഉപദേശകനായ മുഹമ്മദ് യൂനുസ്.
ബംഗ്ളാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണം വർഗീയതയെക്കാൾ രാഷ്‌ട്രീയ കാരണത്താലാണ് എന്ന് യൂനുസ് അഭിപ്രായപ്പെട്ടു. ബംഗ്ളാദേശ് മറ്റൊരു അഫ്‌ഗാനായി മാറുമെന്ന വാദം യൂനുസ് തള്ളിക്കളഞ്ഞു. ഇത്തരം വാദം ഉപേക്ഷിച്ച് ഇന്ത്യ, ബംഗ്ളാദേശുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കണമെന്നും മുഹമ്മദ് യൂനുസ് ആവശ്യപ്പെട്ടു.
'ഹിന്ദുക്കൾക്കെതിരായ ഈ ആക്രമണങ്ങളെല്ലാം രാഷ്‌ട്രീയ സ്വഭാവമുള്ളതാണ്, വർഗ്ഗീയമല്ല. ഇന്ത്യ ഈ സംഭവങ്ങൾ വലിയ രീതിയിൽ പ്രചരിപ്പിക്കുകയാണ്. ഞങ്ങൾക്ക് ഒന്നുംചെയ്യാനാകില്ലെന്ന് പറഞ്ഞിട്ടില്ല. ഞങ്ങൾ എല്ലാം ചെയ്യുന്നു.' എന്നാണ് പറഞ്ഞത്. അദ്ദേഹം അവകാശപ്പെട്ടു. ഓഗസ്‌റ്റ് അഞ്ചിന് ഷെയ്‌ഖ് ഹസീന രാജ്യം വിട്ടതോടെയാണ് രാജ്യത്ത് ഹിന്ദുക്കളടക്കം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ ആക്രമണം കടുത്തത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുകയും ഹിന്ദുക്കളുടെ വീടുകളും ബിസിനസുമടക്കം തകർക്കുകയും ചെയ്‌തു.
ഈ സംഭവങ്ങളെല്ലാം രാഷ്‌ട്രീയ കാരണങ്ങളാലാണ് മതപരമായ കാരണങ്ങളാൽ അല്ല എന്നാണ് അന്നുമുതൽ മുഹമ്മദ് യൂനുസ് വാദിക്കുന്നത്. ഷെയ്‌ഖ് ഹസീനയുടെ ഭരണത്തിൽ മാത്രമേ ബംഗ്ളാദേശിന് സുരക്ഷിതത്വമുള്ളൂ എന്ന വാദം ഇന്ത്യ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ബംഗ്ളാദേശിൽ എല്ലാം ഇസ്ലാമിസ്‌റ്റുകളാണ്, ബിഎൻപി ഇസ്ളാമിസ്‌റ്റാണ്, മറ്റെല്ലാവരും ഇസ്ലാമിസ്‌റ്റാണ്. ഈ രാജ്യത്തെ അഫ്‌ഗാനിസ്ഥാനാക്കും എന്നാണ് വ്യാഖ്യാനം. ഈ വാദത്തിൽ നിന്ന് ഇന്ത്യ പുറത്തുവരണം. ബംഗ്ളാദേശ് സുരക്ഷിത കരങ്ങളിലാണ്. മറ്റേതൊരു രാജ്യവും പോലെ ബംഗ്ളാദേശും അയൽ രാജ്യമാണ്.' മുഹമ്മദ് യൂനുസ് വാദിച്ചു.
പരസ്‌പര ബന്ധം മെച്ചപ്പെടുത്താൻ ശക്തമായ സഹകരണവും ഇരുരാജ്യങ്ങളും തമ്മിൽ വേണമെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ളാദേശ് സർക്കാർ ആഗ്രഹിക്കുന്നതുവരെ ഇന്ത്യ ഷേഖ് ഹസീനയെ രാജ്യത്ത് തുടരാൻ അനുവദിക്കുകയാണെങ്കിൽ അവരോട് നിശബ്‌ദരായിരിക്കാൻ പറയണമെന്നും യൂനുസ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ 140 കോടി ജനങ്ങളും ബംഗ്ളാദേശിലെ ഹിന്ദുക്കളടക്കം ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്കാകുലരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് യൂനുസിന്റെ പ്രസംഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |