ചണ്ഡിഗഡ്: ദേശീയ ഗുസ്‌തി താരങ്ങളായ ബജ്‌രംഗ് പൂനിയയും വിനേഷ് ഫോഗട്ടും ഇന്ന് കോൺഗ്രസിൽ ചേരും. ഉച്ചയ്‌ക്ക് 1.30ഓടെയാണ് ഇവർ കോൺഗ്രസിൽ അംഗത്വമെടുക്കുക. സെപ്‌തംബർ നാലിന് ഇരുവരും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം ഉണ്ടായത്. ഉടൻ നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവരിലൊരാൾ സ്ഥാനാർത്ഥിയാകും എന്നാണ് സൂചന. ഇതിനിടെ വിനേഷ് ഫോഗട്ട് റെയിൽവെയിലെ തന്റെ ജോലി രാജിവച്ചു. കോൺഗ്രസിൽ ചേരുന്നതിന് മുന്നോടിയായാണ് നടപടി. എക്‌സിലൂടെ താരം തന്റെ തീരുമാനം അറിയിക്കുകയായിരുന്നു.
ബിജെപി എംപിയും റെസ്‌ലിംഗ് ഫെഡറേഷൻ അദ്ധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തി ശക്തമായി സമരത്തിനിറങ്ങിയവരാണ് ഇരുതാരങ്ങളും. നിരവധി യുവ ഗുസ്‌തി താരങ്ങളെ ബ്രിജ്‌ഭൂഷൺ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതി ഉയർത്തിയുള്ള പ്രക്ഷോഭം വലിയ തോതിൽ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു.
അതിനിടെ കായിക താരങ്ങൾ രാഷ്‌ട്രീയ കുരുക്കിൽ പെട്ടതായി കരുതുന്നുവെന്നും ഇവർ കോൺഗ്രസിൽ നിന്നും ടിക്കറ്റ് തേടുകയാണെന്നും അവരുടെ പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതമായിരുന്നെന്നും കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ ആരോപിച്ചു. ജാട്ട് വിഭാഗത്തിന്റെ വോട്ട് പരമാവധി സംഭരിക്കാൻ ഗുസ്‌തി താരങ്ങളുടെ അംഗത്വം തങ്ങളെ സഹായിക്കും എന്നാണ് കോൺഗ്രസ് കരുതുന്നത്.
ഒളിമ്പിക്‌സിൽ നേരിയ ഭാരക്കൂടുതൽ കാരണം വിനേഷ് ഫോഗട്ടിന് മെഡൽ നഷ്‌ടമായിരുന്നു. ഇതിനെതിരെ ഫോഗട്ട് അന്താരാഷ്‌ട്ര കായിക കോടതിയിൽ അപ്പീൽ നൽകി. എന്നാൽ ആ അപ്പീൽ കോടതി തള്ളി. ഇതിനുശേഷം തിരികെ ഇന്ത്യയിലെത്തിയ ഫോഗട്ടിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളം മുതൽ ഹരിയാന സോണിപ്പത്തിലുള്ള വീടുവരെ 110 കിലോമീറ്റർ ദൂരത്ത് പതിനായിരങ്ങളാണ് വിനേഷിന് സ്വീകരണമർപ്പിക്കാൻ കാത്തുനിന്നത്. വിനേഷിന് ലഭിച്ച ഈ ജനപിന്തുണയാണ് അവരെ രാഷ്ട്രീയത്തിലിറക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.
ഹരിയാന മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദർ ഹൂഡ,ഫോഗട്ടിന് രാജ്യസഭാ സീറ്റ് വാഗ്‌ദാനം ചെയ്‌തു. എന്നാൽ പ്രായക്കുറവുള്ളതിനാൽ വിനേഷിന് അത് ലഭിച്ചില്ല. ഒക്‌ടോബർ അഞ്ചിനാണ് ഹരിയാനയിൽ വോട്ടെടുപ്പ്. ഫലപ്രഖ്യാപനം ഒക്‌ടോബർ എട്ടിനും.
ഇതിനിടെ ആദ്യഘട്ട സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഹരിയാനയിൽ ബിജെപിയിൽ വലിയ കലാപമാണ് നടക്കുന്നത്. 67 അംഗ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ഹരിയാന ഊർജ മന്ത്രി രഞ്ജിത് സിംഗ് ചൗട്ടാല, രതിയ എം.എൽ.എ ലക്ഷ്മൺ നാപ എന്നിവർ രാജിവച്ചു. സഹമന്ത്രി ബിഷംബർ സിംഗ് ബാൽമികി, മുൻ മന്ത്രിമാരായ കരൺ ദേവ് കാംബോജ്, കവിതാ ജെയിൻ, എം.പി സാവിത്രി ജിൻഡാൽ എന്നിവർ കലാപക്കൊടിയുയർത്തി.രാജിവച്ച രഞ്ജിത് സിംഗ് റാനിയയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് അറിയിച്ചു. ഇദ്ദേഹത്തിന് ബി.ജെ.പി ദബ്വാലിയിൽ സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും റാനിയയ്ക്കായി വാശി പിടിച്ചാണ് രാജിവച്ചത്.
ഐ.എൻ.എൽ.ഡി മേധാവിയും മുൻ മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാലയുടെ സഹോദരനാണ്. 2014ൽ കോൺഗ്രസ് ബാനറിൽ മത്സരിച്ച് തോറ്റ ഇദ്ദേഹം 2019 ൽ റാനിയയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പിയിൽ ചേർന്ന് ഹിസാറിൽ മത്സരിച്ച് പരാജയപ്പെട്ടു.
റാതിയ സീറ്റിൽ സുനിത ദുഗ്ഗലിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് രാജിവച്ച ലക്ഷ്മൺ നാപ കോൺഗ്രസിൽ ചേരും.മണ്ഡലത്തിൽ ജയ സാദ്ധ്യതയുണ്ടായിട്ടും അവഗണിച്ചെന്നാണ് പരാതി.കോൺഗ്രസ് ടിക്കറ്റ് തന്നില്ലെങ്കിലും സമുദായത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുമെന്ന് നാപ പറഞ്ഞു.വാത്മീകി സമുദായത്തിനുള്ളിൽ സ്വാധീനമുള്ള മന്ത്രി ബിഷംബർ സിംഗ്, സിറ്റിംഗ് സീറ്റായ ബവാനി ഖേരയിൽ പരിഗണിക്കാത്തതിനെ ചൊല്ലി പ്രതിഷേധത്തിലാണ്. തന്നെ അവഗണിച്ചതിന് വാത്മീകി സമൂഹം ബി.ജെ.പിക്ക് തക്ക മറുപടി നൽകുമെന്നാണ് ബിഷംബറിന്റെ വാദം. ടിക്കറ്റ് നിഷേധിക്കപ്പെട്ട മുൻ മന്ത്രി കരൺ ദേവ് കാംബോജ് ബി.ജെ.പി ഒ.ബി.സി മോർച്ചാ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. സോണിപത് സീറ്റ് നിഷേധിച്ചതോടെയാണ് മുൻമന്ത്രി കവിതാ ജെയിൻ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |