SignIn
Kerala Kaumudi Online
Saturday, 07 September 2024 1.50 PM IST

ഇ.പി.എന്ന വൻമരവും;  ഉലയുന്ന കണ്ണൂർകോട്ടയും

Increase Font Size Decrease Font Size Print Page
kannur

സി.പി.എമ്മിന്റെ കോട്ടയായ കണ്ണൂരിന്റെ കരുത്തിൽ വിള്ളൽ വീഴുകയാണ്. പാർട്ടിയുടെ കണ്ണൂർ രാഷ്ട്രീയത്തെ നിയന്ത്രിച്ചരുന്നത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനുമൊക്കെയായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ അഭാവം കണ്ണൂർ പാർട്ടിയുടെ കെട്ടുറപ്പിനെ തന്നെ ബാധിച്ചു. ഇപ്പോൾ നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളിലടക്കം മുഖ്യമന്ത്രിക്കെതിരേ കടുത്ത വിമർശനങ്ങളാണ് കണ്ണൂരിൽ നിന്നുതന്നെ ഉയരുന്നത്. അണികൾക്കിടയിൽ സ്വാധീനം കുറവായിരുന്നെങ്കിലും പാർട്ടി സംവിധാനത്തിൽ കരുത്തനായ ഇ.പി. ജയരാജന് കാലിടറുകയും ചെയ്തു. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പിക്ക് പുറത്തേക്കുള്ള വഴിതുറന്നതിലൂടെ പാർട്ടിയിലെ പുതിയ ശാക്തിക ചേരികളുടെ ഉദയവും വ്യക്തമാക്കുന്നതാണ്. അണികളുടെ 'ചെഞ്ചോര പൊൻകതിർ' പി. ജയരാജനും കൂടുതൽ കരുത്താർജിച്ചു വരികയാണ്. നിലവിൽ എം.വി. ഗോവിന്ദനും പി. ജയരാജനും ഒരുമിച്ചാണ് മുന്നോട്ടു നീങ്ങുന്നത്. ഇ.പി. ജയരാജനെ കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയ ശേഷവും സംസ്ഥാന സമിതിയിൽ ഇ.പിക്കെതിരേ പി. ജയരാജൻ വീണ്ടും ശക്തമായി രംഗത്തു വന്നത് ശ്രദ്ധേയമാണ്.

വിമർശനങ്ങളിൽ പ്രതിരോധം

പാർട്ടിക്കെതിരെ ഉയർന്ന എല്ലാ വിമർശനങ്ങളെയും കണ്ണൂരിലെ നേതാക്കൾ സംഘബലം കൊണ്ട് പ്രതിരോധിച്ചിരുന്നു. എം.വി. രാഘവനെ പുറത്താക്കിയതും സി.എം.പിയെ(കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി)​ നാമാവശേഷമാക്കിയതും ഈ കരുത്തായിരുന്നു. സി.ഐ.ടി.യു വിഭാഗവും വി.എസും തമ്മിലുണ്ടായ വടംവലിയിൽ കണ്ണൂരൊന്നടങ്കം, വി.എസിന് ഒപ്പം നിന്നു. വലതുപക്ഷ വ്യതിയാനത്തിനെതിരെ വി.എസ് വിമർശനം ഉയർത്തിയപ്പോൾ അദ്ദേഹത്തിന്റെ എല്ലാ നീക്കങ്ങളെയും പ്രതിരോധിച്ച് അന്നത്തെ സെക്രട്ടറി പിണറായി വിജയന് കവചമൊരുക്കാൻ കണ്ണൂർപ്പടക്ക് കഴിഞ്ഞിരുന്നു. ഒറ്റക്കെട്ടായി നിന്ന കണ്ണൂർ നേതാക്കളാണ് ഇപ്പോൾ ചിതറിത്തെറിച്ച് പലപല ചേരികളിലായിരിക്കുന്നത്.

ബ്രാഞ്ച് സമ്മേളനങ്ങളിൽ

വിമർശനം

സി.പി.എം. ബ്രാഞ്ച് യോഗങ്ങളിൽ ആഭ്യന്തരവകുപ്പിന് നേരെ ഉയരുന്ന രൂക്ഷവിമർശനം ഒരു സൂചനയാണ്. പിണറായിക്കെതിരേ ഒരു വിമർശന സ്വരവും ഉയരാതിരുന്ന ജില്ലയാണ് കണ്ണൂർ. പി.വി.അൻവർ എം.എൽ.എ. ഉയർത്തിയ ആരോപണങ്ങളുടെ ചുവടുപിടിച്ചാണ് ഇപ്പോൾ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും നേരേ വിമർശനങ്ങൾ ഉയർത്തുന്നത്. എം.എൽ.എ മുകേഷിനു നേരെ പരാതികൾ വന്നിട്ടും എന്തിനാണ് സംരക്ഷിക്കുന്നതെന്ന ചോദ്യവും ഉയരുന്നു. അതേസമയം നടപടി നേരിട്ട ഇ.പി. ജയരാജന് അനുകൂലമായി ഒരു സ്വരവും ഔദ്യോഗിക പക്ഷത്തിന്റെ കരുത്തായിരുന്ന കണ്ണൂർ തട്ടകത്തിൽ നിന്നുയരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയവും അണികൾ കുറ്റപ്പെടുത്തുന്നത് സർക്കാരിനെയാണ്. ഇതു ചെന്നുതറക്കുന്നതും പിണറായിയുടെ നേർക്കാണ്. അൻവറിന്റെ ആരോപണങ്ങൾ ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടിന് തെളിവായി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്കൊപ്പം വിശ്വസ്തനായ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും ശക്തമായി വിമർശിക്കപ്പെടുന്നുണ്ട്.


ഇ.പി.യുടെ ഭാവി

ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പരസ്യമായിത്തന്നെ കുറ്റപ്പെടുത്തിയതോടെ ഇ.പി. ജയരാജന് നേരെ നടപടിയുണ്ടാകുമെന്ന് വ്യക്തമായതാണ്. കോടിയേരി ബാലകൃഷ്ണനു ശേഷം സംസ്ഥാന സെക്രട്ടറി സ്ഥാനവും പി.ബി. അംഗത്വവും ഇ.പി.ക്ക് കിട്ടിയില്ല. ആഗ്രഹിക്കാതിരുന്ന എൽ.ഡി.എഫ്. കൺവീനർ സ്ഥാനം കിട്ടിയെങ്കിലും ആ നിലയിൽ തിരഞ്ഞെടുപ്പ് രംഗത്തുപോലും അദ്ദേഹം സജീവമായില്ലെന്ന ആക്ഷേപവും പാർട്ടിയിലുണ്ടായിരുന്നു. പാർട്ടിയെടുത്ത നടപടി എൽ.ഡി.എഫ്. കൺവീനർസ്ഥാനത്തുനിന്നുള്ള മാറ്റംമാത്രമായി ചുരുങ്ങാനിടയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.കേന്ദ്രകമ്മിറ്റിയിൽ നിന്നുൾപ്പെടെ നീക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കുന്നതിന്റെ തലേന്നാണ് ഇ.പി.ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത്.

അച്ചടക്കത്തിന്റെ

വാളുമായി സെക്രട്ടറി

വിവാദ നേതാക്കളേയെല്ലാം പാർട്ടിയുടെ ചട്ടക്കൂടിനകത്തിട്ട് ഗോവിന്ദൻ മാഷ് അച്ചടക്കം പഠിപ്പിക്കുകയാണ്. പി.കെ ശശിയും സാക്ഷാൽ ഇ.പി ജയരാജനുമെല്ലാം മാഷിന്റെ ക്ലാസിൽ നിന്നും പുറത്തായിക്കഴിഞ്ഞു. കരുത്തനായ പി.കെ ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയാണ് ചെയ്തതെങ്കിൽ ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്നുതന്നെ മാറ്റിയത് എം.വി. ഗോവിന്ദന്റെ കരുത്തറിയിച്ചു. പി. ശശിയായിരിക്കും പാർട്ടിയിൽ നിന്നു പുറത്തേക്കു പോകുന്ന അടുത്ത വമ്പൻ നേതാവെന്ന അടക്കം പറച്ചിലുകൾ ഉയർന്നിട്ടുണ്ട്. പി. ജയരാജൻ ഉൾപ്പെടെ പ്രമുഖരായ നേതാക്കളേയെല്ലാം അച്ചടക്കത്തിന്റെ മുനയിൽ നിറുത്തി വരുതിയിലാക്കിയാണ് പാർട്ടി സെക്രട്ടറിയുടെ പടയോട്ടം.

ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയകാര്യം ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസം തന്നെ പുറത്തുപറഞ്ഞ ഇ.പി. സി.പി.എമ്മിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. സമീപകാലത്ത് ഇ.പി ജയരാജനും പാർട്ടി നേതൃത്വവുമായി നല്ല രീതിയിലല്ല നീങ്ങുന്നത്. ഭാര്യയുടെ പേരിലുള്ള റിസോർട്ടും പി. ജയരാജന്റെ ആരോപണങ്ങളുമെല്ലാമായി ഇ.പി ഏറെ പഴികേട്ടിരുന്നു. എന്നാൽ, ജയരാജനെപ്പോലെ ഒരു നേതാവിനെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം മടിച്ചു. ബി.ജെ.പി ബന്ധമെന്ന ആരോപണമാണ് ഒടുവിൽ എൽ.ഡി.എഫ് കൺവീനർ സ്ഥാനം തെറിപ്പിച്ചത്. കടുത്ത തീരുമാനമെടുത്തതിൽ പാർട്ടി സെക്രട്ടറിയുടെ നിലപാട് നിർണായകമായി. ഗുരുതരമായ ആരോപണങ്ങൾ നേരിട്ട നേരത്തെ അച്ചടക്ക നടപടിക്ക് വിധേയനായ പി. ശശി പിന്നീട് തിരിച്ചെത്തുകയും താക്കോൽസ്ഥാനത്ത് കയറിപ്പറ്റുകയും ചെയ്തത് അണികൾക്കിടയിൽ അസ്വാരസ്യത്തിന് കാരണമായിരുന്നു. ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാൺ കൈക്കലാക്കി ശശി ഇപ്പോൾ നടത്തുന്ന നീക്കങ്ങൾ പാർട്ടിയെ ഇല്ലാതാക്കുന്ന തരത്തിലേക്ക് നീങ്ങിയതോടെയാണ് അച്ചടക്ക നടപടിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. ഏതു നേതാവായാലും പാർട്ടിയെ അനുസരിക്കാതെ മുന്നോട്ടുപോകാനാകില്ല എന്ന നിലപാടിലാണ് എംവി ഗോവിന്ദൻ. മുഖ്യമന്ത്രിക്കുശേഷം രണ്ടാമൻ എന്ന നിലയിലേക്ക് ഉയർന്നുകഴിഞ്ഞ അദ്ദേഹം തുടർഭരണത്തിന്റെ ആലസ്യമില്ലാതെ സി.പി.എമ്മിനെ മുന്നോട്ടുനയിക്കാനുള്ള യത്നത്തിലാണ്. അടുത്ത ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തോടെ ഗോവിന്ദൻ മാഷ് പാർട്ടിയിലെ തന്റെ നേതൃസ്ഥാനം ഒന്നുകൂടി ഉറപ്പിക്കും.
പാർട്ടിയിലെ ക്രൈസിസ് മാനേജ്‌മെന്റ് വിദഗ്ദ്ധൻ എന്നാണ് എം.വി ഗോവിന്ദൻ അറിയപ്പെടുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാകും ഇനി അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. അതിന് മുൻപ് പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കിയ നേതാക്കളെയെല്ലാം പ്രധാന ചുമതലകളിൽ നിന്നും ഒഴിവാക്കും. സംസ്ഥാന സമ്മേളനത്തോടുകൂടി പാർട്ടിയിലെ ശുദ്ധികലശം പൂർത്തിയാകുമെന്നാണ് എം.വി ഗോവിന്ദന്റെ കണക്കുകൂട്ടൽ.


മൗനം വാചാലം
ഇ.പി ജയരാജൻ തുടരുന്ന മൗനം സി.പി.എമ്മിനെ ആശങ്കയിലാക്കുന്നുണ്ട്. എൽ. ഡി. എഫ് കൺവീനർസ്ഥാനത്തു നിന്നും പുറത്തുപോകേണ്ടി വന്ന ഇ.പി ജയരാജൻ വരും ദിവസങ്ങളിൽ എന്തൊക്കെ നീങ്ങളാണ് നടത്താൻ പോകുന്നതെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. ഇതിന്റെ ആദ്യ അലയൊലികൾ സംഭവിക്കുക കണ്ണൂരിലാണ്. പാർട്ടി നടപടിക്കു ശേഷം ഇ.പി ജയരാജൻ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. അരോളിയിലെ വീട്ടിൽ തന്നെകഴിയുകയാണ് അദ്ദേഹം. അടുപ്പമുളളവരുമായി മാത്രമേ കൂടിക്കാഴ്ച്ച നടത്തുന്നുളളൂ. പാർട്ടി സമ്മേളന നടപടികളിലേക്ക് കടക്കുന്നതിന്റെ തലേ ദിവസം തനിക്കെതിരെ നടപടിയുണ്ടായത് ആസൂത്രിതമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EP JAYARAJAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.