കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. കഴിഞ്ഞവർഷം ഡിസംബർ 14, 15 തീയതികളിലാണ് ലൈംഗികാതിക്രമം ഉണ്ടായതെന്ന് പറഞ്ഞത് ഉറക്കപ്പിച്ചിൽ ആണെന്ന് യുവതി പറഞ്ഞു. കേസ് അട്ടിമറിക്കുന്നതായി സംശയമുണ്ടെന്നും യുവതി ആരോപിച്ചു.
'കൃത്യമായ തീയതി ഞാൻ പൊതുവിൽ പറഞ്ഞിട്ടില്ല. കൃത്യമായ തീയതികളുടെ തെളിവ് നൽകിയിട്ടുണ്ട്. ഇന്ന് വിളിപ്പിച്ചത് കേസുമായി ബന്ധപ്പെട്ടല്ല. ഞങ്ങളുടെ വരുമാനത്തിന്റെ ഉറവിടം എന്താണ്, എങ്ങനെയാണ് ഇത്രയും നാൾ ജീവിച്ചത് എന്നറിയാൻ മാത്രമാണ് 11.30 മുതൽ ഇത്രയും നേരം ഉദ്യോഗസ്ഥർ പിടിച്ചിരുത്തിയത്. ഇതിൽ അട്ടിമറിയുണ്ടോയെന്ന് സംശയമുണ്ട്.
വിശ്വാസം എല്ലാം പോയിരിക്കുകയാണ് ഇപ്പോൾ. കേസിനെപ്പറ്റി ഒന്നും പറയുന്നില്ല. സുനിൽ എന്ന വ്യക്തി ഇപ്പോഴും മറവിലാണ്. സുനിലിന്റെ അഭിഭാഷകൻ എന്ന പേരിൽ ഒരാൾ വന്നുപോയിട്ടുണ്ട്. കേസിൽ ഇപ്പോൾ പ്രതീക്ഷയില്ല. ഡേറ്റ് ചുമ്മാതെ ഉറക്കപ്പിച്ചിൽ പറഞ്ഞുപോയതാണ്. നിവിൻ പാസ്‌പോർട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം അവരുടേതാണ്, അത് കണ്ടുപിടിക്കട്ടെ'- യുവതി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
2023 നവംബർ, ഡിസംബർ മാസങ്ങളിൽ ദുബായിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതി നിവിനെതിരെ നൽകിയ പരാതി. ഡിസംബർ പതിനാലിന് നിവിൻ ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയിലുള്ളത്.
എന്നാൽ 2023 ഡിസംബർ പതിനാലിന് നിവിൻ തനിക്കൊപ്പം "വർഷങ്ങൾക്ക് ശേഷം" എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. കൂടാതെ പീഡനം നടന്നുവെന്ന് പറഞ്ഞ ദിവസം താൻ നിവിനൊപ്പം 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിന്റെ സെറ്റിൽ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് നടി പാർവതിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. തന്റെ പാസ്‌പോർട്ടിന്റെ പകർപ്പും അദ്ദേഹം ഹാജരാക്കിയിരുന്നു. പരാതിയിൽ പറയുന്ന ഹോട്ടലിൽ 2021ന് ശേഷം നിവിൻ താമസിച്ചിട്ടില്ലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |