പാലക്കാട്: എക്സൈസ് സംഘത്തെകണ്ട് പുഴയിൽ ചാടി കാണാതായ പതിനേഴുകാരന്റെ മൃതദേഹം ലഭിച്ചു. പാലക്കാട് വല്ലപ്പുഴ സ്വദേശി സുഹൈറിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ചുണ്ടംപറ്റ നാട്യമംഗലം ഭാഗത്തുനിന്ന് കണ്ടെടുത്തത്.
വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സുഹൈറിനെ കാണാതായത്. ഇയാൾ ഉൾപ്പെടെ എട്ടുപേർ ആനക്കൽ നരിമട ഭാഗത്ത് നിൽക്കുകയായിരുന്നു. ഇതിനിടെ, പട്ടാമ്പി റേഞ്ച് എക്‌സൈസ് സംഘം പട്രോളിങ്ങിനെത്തിയിരുന്നു. ഇതുകണ്ട് ഇവർ ചിതറിയോടി. ഇവരിൽ നാലുപേരിൽ നിന്ന് നാലുകിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവർക്കെതിരെ എക്‌സൈസ് ലഹരി നിയമപ്രകാരം കേസെടുത്തു എന്നും റിപ്പോർട്ടുണ്ട്.
സംഘത്തിൽ ഉൾപ്പെട്ട, തൂതപ്പുഴയിൽ ചാടി നീന്തിയെത്തിയ യുവാവാണ് സുഹൈറും പുഴയിൽ ചാടിയിരുന്നെന്ന് രാത്രി 10 മണിയോടെ വീട്ടുകാരെ അറിയിച്ചത്.തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ശനിയാഴ്ച രാവിലെയും കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് വീട്ടുകാർ ചെർപ്പുളശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയതെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
പട്ടാമ്പി അഗ്നിരക്ഷാസേനയും പാലക്കാട്ടുനിന്നുള്ള അഗ്നിരക്ഷാസേനയുടെ മുങ്ങൽവിദഗ്‌ധരും ശനിയാഴ്ച രാവിലെ 7.30 മുതൽ വൈകിട്ട് 5.30 വരെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പുഴയിൽ തണുപ്പുകൂടിയതിനാൽ വൈകിട്ട് തിരച്ചിൽ നിർത്തി. ഇന്നുരാവിലെ തിരച്ചിൽ പുനഃരാരംഭിക്കുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്.
പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |