പാട്‌ന: യുട്യൂബ് വീഡിയോ കണ്ട് വ്യാജ ഡോക്‌ടർ പിത്താശയ ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് 15കാരന് ദാരുണാന്ത്യം. ബീഹാറിലെ സരണിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പിത്താശയ കല്ല് നീക്കം ചെയ്തതിന് പിന്നാലെ കുട്ടിയുടെ നില ഗുരുതരമാവുകയും തുടർന്ന് വ്യാജ ഡോക്‌ടർ തന്നെ ആംബുലൻസ് വിളിച്ച് പാട്‌നയിലെ ആശുപത്രിയിലേയ്ക്ക് അയക്കുകയും ചെയ്തു. യാത്രാമദ്ധ്യേ കുട്ടി മരണപ്പെട്ടതോടെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് ഡോക്‌ടറും സഹായികളും കടന്നുകളഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു.
സരണിലെ ഗണപതി ആശുപത്രിയിലാണ് സംഭവമുണ്ടായത്. പലതവണ ഛർദ്ദിച്ചതിനെത്തുടർന്നാണ് കൃഷ്ണ കുമാർ എന്ന 15കാരനെ ആശുപത്രിയിലെത്തിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് അൽപ സമയം കഴിഞ്ഞപ്പോൾ ഛർദ്ദിലിന് ശമനമുണ്ടായി. എന്നാൽ കുട്ടിക്ക് ഓപ്പറേഷൻ വേണമെന്ന് ഡോക്‌ടർ അജിത്ത് പുരി പറഞ്ഞു. യുട്യൂബിൽ വീഡിയോ കണ്ടാണ് ഡോക്‌ടർ ഓപ്പറേഷൻ നടത്തിയതെന്നും പിന്നാലെ മകൻ മരണപ്പെടുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവായ ചന്ദൻ ഷാ പറഞ്ഞു. ഡോക്‌ടർ വ്യാജനായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.
ഛർദ്ദി നിന്നപ്പോൾ കുട്ടി ആശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നിട്ടും പിതാവിനെ പറഞ്ഞുവിട്ടതിനുശേഷം മാതാപിതാക്കളുടെ സമ്മതമില്ലാതെ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്നും കുട്ടിയുടെ മുത്തച്ഛനായ പ്രഹ്ളാദ് പ്രസാദ് ഷാ ആരോപിച്ചു. കുട്ടിക്ക് അതിയായ വേദനയുണ്ടായിരുന്നു.
എന്തുകൊണ്ടാണ് വേദന വരുന്നതെന്ന് ചോദിച്ചപ്പോൾ ഡോക്‌ടർ കയർത്തുസംസാരിച്ചു. വൈകുന്നേരത്തോടെ കുട്ടിക്ക് ശ്വാസം ഇല്ലാതെയായി. സിപിആർ കൊടുത്താണ് ശ്വാസം വീണ്ടെടുത്തത്. തുടർന്ന് ഡോക്‌ടറുടെ നിർദേശപ്രകാരം പാട്‌നയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി മരണപ്പെടുകയായിരുന്നു. ആശുപത്രിയുടെ പടിക്കെട്ടിൽ മൃതദേഹം ഉപേക്ഷിച്ച് ഡോക്‌ടർ കടന്നുകളഞ്ഞുവെന്നും മുത്തച്ഛൻ പറഞ്ഞു.
സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പൊലീസ് കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. വ്യാജ ഡോക്‌ടർക്കും ആശുപത്രിയിലെ മറ്റ് അംഗങ്ങൾക്കുമായി തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |