തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ തലത്തിൽ അഴിച്ചുപണിക്ക് കോൺഗ്രസിൽ ആലോചന. കെ.പി.സി.സി ഭാരവാഹികളടക്കമുള്ളവരിൽ പ്രവർത്തന മികവില്ലാത്തവരെ മാറ്റിയേക്കും. പാർട്ടി നൽകിയിട്ടുള്ള 'ടാർജറ്റുകൾ' കൈവരിക്കാത്തവരെയും സംഘടനാ രംഗത്ത് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തവരെയും ഒഴിവാക്കും.
നിലവിലെ 23 കെ.പി.സി.സി ജനറൽ സെക്രട്ടറിമാർക്കും ഇക്കാര്യം ബാധകമാണ്. വർക്കിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിവരും മാറിയേക്കും. ഒഴിവുളള ട്രഷറർ പദവിയിലും ആളെത്തും.പാർട്ടിയിൽ ഒന്നിലധികം പദവി വഹിക്കുന്നവർ ഒഴിയേണ്ടിവരും.
ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ മാത്രം, പാർലമെന്റി രംഗത്തുള്ള ചിലർക്ക് സംഘടനാ ചുമതല നൽകും. പാർട്ടി അച്ചടക്കം, ചുമതലകൾ നടപ്പാക്കൽ, പ്രവർത്തന മികവ് തുടങ്ങിയവ എ.ഐ.സി.സിയും പെർഫോമൻസ് ഓഡിറ്റിലൂടെ പരിശോധിക്കുന്നുണ്ട്.
ഡി.സി.സി പ്രസിഡന്റുമാരിലും
മാറ്റം വരും
പുനഃസംഘടനാ പ്രക്രിയയില ഒരു ജനറൽ സെക്രട്ടറിയെ സഹായിക്കാൻ രണ്ട് സെക്രട്ടറിമാരെ നിയമിക്കാനാണ് ധാരണ. യുവാക്കൾക്കുൾപ്പെടെ അവസരങ്ങൾ ലഭിക്കും. ഡി.സി.സി പ്രസിഡന്റുമാരുടെ കാര്യത്തിലും പുനരാലോചനയുണ്ടായേക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയടക്കമുള്ളവരുമായി സംസ്ഥാന നേതൃത്വം ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. നാല് ജില്ലകളിലൊഴികെയുള്ളവരെ മാറ്റിയേക്കും. ഇതിനായി എ.ഐ.സി.സി സെക്രട്ടറിമാർ ജില്ലാതല പര്യടനം നടത്തി റിപ്പാർട്ട് സമർപ്പിക്കും.
ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ എ.ഐ.സി.സി സെക്രട്ടറിമാരുടെ മേഖലകൾ പുനർ നിർണ്ണയിച്ചു. വടക്കൻ ജില്ലകളുടെ ചുമതലയുണ്ടായിരുന്ന പി.വി മോഹനന് മദ്ധ്യമേഖലയുടേയും മൻസൂർ അലിഖാന് വടക്കൻ മേഖലയുടെയും ചുമതല നൽകി. തെക്കൻ ജില്ലകളുടെ ചുമതല എ.കെ അറിവഴകൻ വഹിക്കും. എ.ഐ.സി.സി ചുമതലക്കാർ 15 ദിവസം വരെ ചുമതല നൽകിയിരിക്കുന്ന സംസ്ഥാനങ്ങളിൽ കാണണമെന്ന കർശന നിർദ്ദേശവും എ.ഐ.സി.സി നേതൃത്വം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |