ചെന്നൈ: തമിഴ് സിനിമ മേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച പരാതി നൽകാൻ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം കമ്മിറ്റി രൂപീകരിച്ചു. നടി രോഹിണിയാണ് കമ്മിറ്റിയുടെ അദ്ധ്യക്ഷ. 2019 മുതലുള്ള കമ്മിറ്റി കൂടുതൽ ഊർജിതമായി പ്രവർത്തിക്കാനാണ് തീരുമാനം. പരാതികളുമായി സ്ത്രീകൾ മുന്നോട്ടു വരണമെന്ന് രോഹിണി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഇഫക്ട് ആണ് തമിഴ് സിനിമ ലോകത്തേക്കും എത്തിയിരിക്കുന്നത്.
തമിഴ് സിനിമയിലെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ പരിശോധിക്കാൻ തമിഴ് താരസംഘടനയായ നടികർ സംഘം പത്തു ദിവസത്തിനകം കമ്മിറ്റി രൂപീകരിക്കുമെന്ന് ജനറൽ സെക്രട്ടറിയായ നടൻ വിശാൽ ആഗസ്റ്റ് 29ന് അറിയിച്ചിരുന്നു. സംഘത്തിന്റെ 68ാമത് പൊതു യോഗം ഇന്നലെ തേനാംപേട്ട കാമരാജർ അങ്കണത്തിൽ നടന്നത്. പ്രസിഡന്റ് നാസിന്റെ അദ്ധ്യക്ഷതയിൽ ചേന്ന യോഗത്തിൽ ഭാരവാഹികളുടെ കലാവധി 3 വർഷമായി നീട്ടി.
തമിഴ് സിനിമാരംഗത്ത് സ്ത്രീകൾക്കുനേരേ ലൈംഗികാതിക്രമം നടക്കാറില്ലെന്ന് സംവിധായകനും തമിഴ് സിനിമാ സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്സി) പ്രസിഡന്റുമായ ആർ.കെ. സെൽവമണി. ചിലപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായാൽ നടപടിയെടുക്കാൻ ഫെഫ്സി പോലെയുള്ള സംഘടനകൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരാതി മാദ്ധ്യമങ്ങളിൽ പറയരുത്
സിനിമാ രംഗത്ത് പരാതിയുള്ള വനിതകൾ അത് കമ്മിറ്റിക്കു മുന്നിലാണ് പറയേണ്ടതെന്നും ടി.വി.ചാനലുകളിൽ പറയരുതെന്നും രോഹിണി പറഞ്ഞു.അതിക്രമത്തിന് ഇരയാകുന്നവർക്ക് നിയമസഹായം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും നടികർസംഘം ഉറപ്പാക്കും. ആഭ്യന്തര പരാതി പരിഹാര സെല്ലിന് പ്രത്യേക ഇ മെയിലും ഫോൺ നമ്പറും ഏർപ്പെടുത്തും. ഇതിലൂടെ പരാതികൾ അറിയിക്കാം. പരാതികൾ സൈബർ പൊലീസിന് കൈമാറും. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാൽ കുറ്റക്കാർക്ക് അഞ്ചുവർഷത്തേക്ക് വിലക്കേർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |