ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് നയിക്കുന്ന രാഷ്ട്രീയ പാർട്ടി 'തമിഴക വെട്രി കഴക'ത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടിയുടെ ഉന്നതാധികാര സമിതി തീരുമാനിച്ചിട്ടുണ്ട്. 23ന് വില്ലുപുരം ജില്ലയിൽ പാർട്ടിയുടെ ആദ്യമഹാസമ്മേളനം നടത്തുമെന്നാണ് സൂചന.
പാർട്ടിക്ക് അംഗീകാരം ലഭിച്ച വിവരം ഇന്നലെ സമൂഹ മാദ്ധ്യമത്തിലൂടെ വിജയ് ആണ് അറിയിച്ചത്. `ആദ്യവാതിൽ തുറന്നു. തമിഴ്നാടിനെ നയിക്കുന്ന പാർട്ടിയായി ഉയരും.
പാർട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തലേക്ക് ഇറങ്ങുകയാണ്. എല്ലാവരും തുല്യരാണെന്ന കാഴ്ചപ്പാടിൽ മുന്നോട്ടു പോകും'- ഇതായിരുന്നു വിജയ് യുടെ വാക്കുകൾ.ഫെബ്രുവരിയിലാണ് ആരാധകരുടെ 'ദളപതി' രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കരാർ ഒപ്പിട്ട സിനിമകൾ പൂർത്തിയാക്കിയശേഷം പൂർണമായും രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ആർക്കും പിന്തുണ നൽകില്ലെന്നും വ്യക്തമാക്കിയിരുന്നു. അരങ്ങേറ്റ ചിത്രത്തിന്റെ (വെട്രി) പേരുൾപ്പെടുത്തിയാണ് 'തമിഴക വെട്രി കഴകം' (തമിഴക വിജയ സംഘം) പ്രഖ്യാപിച്ചത്.
ആരാധക സംഘടനയുടെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഓഫീസിലെത്തിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ഭരണത്തിലെ കെടുകാര്യസ്ഥത, അഴിമതി, ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന വിഭജന രാഷ്ട്രീയ സംസ്‌കാരം എന്നിവ അവസാനിപ്പിക്കുകയാണ് പ്രഖ്യാപിത ലക്ഷ്യം.
ആഗസ്റ്റ് 23ന് പാർട്ടി പതാക വിജയ് അവതരിപ്പിച്ചിരുന്നു ചുവപ്പും മഞ്ഞയും ചേർന്നതാണ് പതാക. നടുവിൽ വാകപ്പൂവ്. വശങ്ങളിൽ രണ്ട് ആഫ്രിക്കൻ ആനകൾ.
#രാഷ്ട്രീയ താരോദയത്തിന് വിക്രവണ്ടി ഒരുങ്ങുന്നു
'തമിഴക വെട്രി കഴക'ത്തിന്റെ ആദ്യ സമ്മേളനം നടക്കുന്നത് വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിലാണ്. 85 ഏക്കർ സ്ഥലമാണ് പാർട്ടി സമ്മേളനത്തിനായി കണ്ടെത്തിയത്.സമ്മേളനം നടത്താൻ അനുമതി നൽകണമെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 28ന് വില്ലുപുരം ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിലും ജില്ലാ കളക്ടർ ഓഫീസിലും പാർട്ടിയുടെ പേരിൽ അപേക്ഷ നൽകിയിരുന്നു. ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെടാതെ സമ്മേളനം നടത്തണം എന്നതടക്കം 33 ഉപാധികളോടെയാണ് അനുമതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |