ചണ്ഡിഗർ: ഹരിയാന തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി.ജെ.പി നേതാവുമായ ബ്രിജ്ഭൂഷണ് താക്കീതുമായി ബി.ജെ.പി നേതൃത്വം. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിനേഷ് ഫോഗട്ടിനും ബജ്റംഗ് പൂനിയക്കുമെതിരെ ഒരു വാക്ക് പോലും മിണ്ടരുതെന്നാണ് താക്കീത്.
.തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് ഇത്തരം പരാമർശങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന ബോധ്യത്തിലാണ് ബിജെപി നീക്കമെന്നാണ് വിവരം. നേരത്തെ, തനിക്കെതിരെ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചിരുന്നു. പ്രതിഷേധങ്ങൾ പെൺമക്കൾക്ക് വേണ്ടി ആയിരുന്നില്ലെന്നും മറിച്ച് രാഷ്ട്രീയത്തിന് വേണ്ടിയായിരുന്നുവെന്നുമാണ് ബ്രിജ് ഭൂഷൺ പ്രതികരിച്ചത്.
ചെറിയ സ്ഥാനാർത്ഥിക്ക് പോലും വിനേഷ് ഫോഗട്ടിനെയും ബജ്റംഗ് പുനിയയെയും പരാജയപ്പെടുത്താനാകുമെന്ന ആത്മവിശ്വാസവും ബ്രിജ് ഭൂഷൺ പങ്കുവെച്ചിരുന്നു. 'ഹരിയാനയിലെ ഏത് നിയമസഭാ സീറ്റിൽ നിന്ന് മത്സരിച്ചാലും വിനേഷ് ഫോഗട്ട് തോൽക്കും. പാർട്ടി നിർദേശം ലഭിച്ചാൽ ഹരിയാന തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കും. സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കും. വിനേഷ് ഫോഗട്ടിന്റെ എതിർ സ്ഥാനാർത്ഥിക്ക് വേണ്ടിയും പ്രചാരണം നടത്താൻ തയ്യാറാണ്' ബ്രിജ്ഭൂഷൺ പറഞ്ഞിരുന്നു.
വിനേഷും ബജ്റംഗ് പൂനിയയും മുന്നിൽ നിന്ന് നയിച്ച പ്രതിഷേധം കോൺഗ്രസ് ഗൂഢോലോചയിൽ ഉരുത്തിരിഞ്ഞതാണ്. പ്രതിഷേധങ്ങൾക്ക് മുമ്പ് എന്നോടൊപ്പം സെൽഫിയെടുക്കാൻ ആരും തയ്യാറായിരുന്നില്ല. എന്നാൽ ഇന്ന് താരങ്ങളും പുരോഹിതന്മാരും എനിക്കൊപ്പം സെൽഫിയെടുക്കുന്നു. വനിതാ ഗുസ്തിതാരങ്ങൾ എനിക്കെതിരെ ആരോപണം ഉന്നയിച്ച ഘട്ടത്തിൽ തന്നെ പിന്നിൽ കോൺഗ്രസ് ഗൂഢാലോചനയാണെന്ന് ഞാൻ ചൂണ്ടികാട്ടിയിരുന്നു. ഞാൻ ഫെഡറേഷൻ പ്രസിഡന്റായി വന്നശേഷമാണ് ഗുസ്തിക്ക് ജനകീയത ലഭിച്ചതും അന്താരാഷ്ട്ര മത്സരങ്ങളിൽ പോലും ഇന്ത്യൻ താരങ്ങൾ മെഡൽ ഉറപ്പിക്കാൻ തുടങ്ങിയതും' എന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ ആദ്യ പ്രതികരണം.
അതിനിടെ ബജ്റംഗ് പൂനിയക്ക് വധഭീഷണി. കോൺഗ്രസ് വിട്ടില്ലെങ്കിൽ കൊല്ലും എന്നാണ് ഭീഷണി സന്ദേശം. വിദേശ നമ്പറിൽ നിന്നാണ് സന്ദേശം എത്തിയത്. പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |