മലയാളികളുടെ പ്രിയപ്പെട്ട നടി മീരാ നന്ദൻ കഴിഞ്ഞ ജൂൺ 29നാണ് വിവാഹിതയായത്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ലണ്ടനിലെ അക്കൗണ്ടന്റായ ശ്രീജുവാണ് മീരയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹവും സംഗീത റിസപ്ഷനും ഹൽദിയുമെല്ലാം വലിയ ആഘോഷമായാണ് നടന്നത്. നിരവധി പ്രമുഖർ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വെെറലാണ്.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ലണ്ടനിൽ വീണ്ടും റിസപ്ഷൻ ഒരുക്കിയിരിക്കുകയാണ് മീരയും ശ്രീജുവും. ശ്രീജുവിന്റെ ലണ്ടനിലെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടിയായിരുന്നു ഈ വിരുന്ന്. മീരയുടെ അടുത്ത സുഹൃത്തായ നടി ആൻ അഗസ്റ്റിനും മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി എസും റിസപ്ഷനിൽ പങ്കെടുക്കാൻ ലണ്ടനിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ മീര പങ്കുവച്ചിട്ടുണ്ട്.
'വിവാഹത്തിന്റെ അവസാന ഘട്ട ആഘോഷം - ലണ്ടൻ റിസപ്ഷൻ' എന്ന ക്യാപ്ഷനോടെയാണ് മീര ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തത്. കറുപ്പ് ഗൗൺ ധരിച്ചാണ് റിസപ്ഷന് മീര എത്തിയത്. കറുപ്പ് സ്യൂട്ടാണ് ശ്രീജു ധരിച്ചത്. വിവാഹ ശേഷം ശ്രീജു ലണ്ടനിലേക്കും മീര ദുബായിലേക്കും പോയിരുന്നു. ശേഷം കഴിഞ്ഞ ദിവസമാണ് നടി ലണ്ടനിൽ എത്തിയത്. ലണ്ടനിൽ റിസപ്ഷൻ കാണുമെന്ന് നേരത്തെ നടി പറഞ്ഞിരുന്നു.
മാട്രിമോണി സെെറ്റ് വഴിയാണ് മീര ശ്രീജുവിനെ പരിചയപ്പെട്ടതെന്ന് വിവാഹ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവിൽ ദുബായിലെ മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101.30 എഫ് എമ്മിൽ ആർജെയായി ജോലി ചെയ്യുകയാണ് നടി. അവതാരകയായി കരിയർ ആരംഭിച്ച മീര 2008ൽ ലാൽജോസ് സംവിധാനം ചെയ്ത 'മുല്ല' എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |