കോഴിക്കോട്: ആർഎസ്‌എസ് നേതാവ് റാം മാധവും എഡിജിപി എംആർ അജിത് കുമാറുമായുള്ള കൂടിക്കാഴ്‌ചയിൽ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവർ ആരൊക്കെയാണെന്നും കൂടിക്കാഴ്‌ചയിൽ ബിസിനസുകാർ മാത്രമായിരുന്നില്ലെന്നും സതീശൻ തുറന്നടിച്ചു. കോഴിക്കോട് പ്രസ് ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടിക്കാഴ്‌ചയിൽ ആരൊക്കെ പങ്കെടുത്തു എന്ന കാര്യം താൻ ഇപ്പോൾ പറയുന്നില്ലെന്നും സതീശൻ പറഞ്ഞു. മന്ത്രിസഭയിലെ ഒരു ഉന്നതനും ഈ കോക്കസിന്റെ ഭാഗമാണ്. കൂടിക്കാഴ്‌ചയുടെ അജണ്ട തൃശൂർ പൂരം ആണെന്ന് പറഞ്ഞിട്ടില്ല. കാണാൻ പോകുന്ന പൂരമല്ലേയെന്നും സതീശൻ പറഞ്ഞു. എഡിജിപി - ആർഎസ്‌എസ് ചർച്ച നടന്നുവെന്ന തന്റെ ആരോപണം ശരിയാണെന്നാണ് ഇപ്പോൾ തെളിഞ്ഞത്.
തൃശൂരിൽ സഹായിക്കാം. പകരം ഞങ്ങളെ ഉപദ്രവിക്കരുത് എന്നായിരുന്നു ബി ജെ പിയോടുള്ള സി പി എമ്മിന്റെ സമീപനം. പൂരം കലക്കിയത് നിസാര കാര്യമല്ല. എഡിജിപിക്ക് നേരിട്ട് പങ്കുണ്ട്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. വിലക്കയറ്റമാണ് ഈ വർഷത്തെ സർക്കാരിന്റെ ഓണ സമ്മാനം. സ്വീകരണ ചടങ്ങ് മാറ്റിവച്ചുകൊണ്ട് ഹോക്കി താരം പി ആർ ശ്രീജേഷിനെ സംസ്ഥാന സർക്കാർ അപമാനിക്കുകാണെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |