
തിരുവനന്തപുരം: പ്രളയ പുനരധിവാസത്തിന് നടപ്പാക്കിയ പുനർജനി പദ്ധതിക്കായി 1,27 കോടി രൂപ വിദേശത്തുനിന്ന് പിരിച്ചെടുത്തതായി വിജിലൻസ് കണ്ടെത്തൽ. പുനർജ്ജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ആരംഭിച്ച ബാങ്ക് അക്കൗണ്ടിൽ 2018 നവംബർ 27മുതൽ 2022 മാർച്ച് 8വരെ ഈ പണം എത്തിയെന്നാണ് ലഭ്യമായ രേഖകളിൽ കാണുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ലണ്ടൻ യാത്രയിൽ അടിമുടി ക്രമക്കേടാണെന്നാണ് വിജിലൻസിന്റെ നിലപാട്. സ്വകാര്യ സന്ദർശനത്തിനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കാണാനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം യാത്രാനുമതി നൽകിയത്. പൊളിറ്റിക്കൽ ക്ലിയറൻസിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ സെക്രട്ടറി എൻ.ഒ.സി നൽകിയതും സ്വകാര്യ സന്ദർശനത്തിനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കാണാനുമാണ്. യു.കെ യാത്രയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണവും വിദേശ ഫണ്ട് കേരളത്തിലെത്തിക്കാനുള്ള ഗൂഢാലോചനയും നടന്നതായി വിജിലൻസ് പറയുന്നു. മണപ്പാട്ട് ഫൗണ്ടേഷൻ മലയാളികൾക്കായി യു.കെയിൽ നടത്തിയ പരിപാടിയിൽ വി ഡി സതീശൻ 500 പൗണ്ട് വീതം സംഭാവന ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇത് എഫ്.സി.ആർ.എ നിയമത്തിന്റെ സെക്ഷൻ 3 (2) (a)യുടെ ലംഘനമാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. എം.എൽ.എ സ്ഥാനം ദുരുപയോഗം ചെയ്ത് മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദുമായി ഗൂഢാലോചന നടത്തിയാണ് യു.കെയിൽ പോയി വിദേശ ഫണ്ട് സ്വരൂപിച്ചതെന്ന് സർക്കാരിന് വിജിലൻസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. നീറ്റ ജലാറ്റിൻ കമ്പനിയുടെ സി.എസ്.ആർ ഫണ്ട് പുനർജ്ജനി പദ്ധതിക്കായി ദുരുപയോഗം ചെയ്തതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |