തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ കുടിവെള്ളം മുടങ്ങിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ വിശദമായി പരിശോധിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു മന്ത്രി റോഷി അഗസ്റ്റിൻ. വ്യാഴാഴ്ച വിളിച്ചു ചേർത്തിരിക്കുന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ചർച്ച ചെയ്യും. അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ ഉണ്ടാകുമ്പോള്‍ മുന്‍കൂട്ടി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ആവശ്യത്തിനു മുന്നിറിയിപ്പും ബദല്‍ സംവിധാനങ്ങളും ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. കുടിവെള്ള വിതരണം നിർത്തിവച്ചുള്ള പ്രവർത്തനങ്ങൾക്ക് പൊതു മാർഗനിർദ്ദേശം രൂപപ്പെടുത്തുന്നത് യോഗത്തിന്റെ അജണ്ടയിലും ഉണ്ട്. റെയിൽ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പ്രവൃത്തിയിൽ അപാകത ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
പ്രശ്നം വഷളാക്കിയത് ആസൂത്രണമില്ലായ്‌മ
തലസ്ഥാന നിവാസികളെ അഞ്ച് ദിവസം ദുരിതത്തിലാക്കിയ കുടിവെള്ള പ്രശ്നത്തിന് ഇടയാക്കിയത് ആസൂത്രണമില്ലായ്മയും നടപടിക്രമങ്ങളിലെ വീഴ്ചയുമെന്ന് ആക്ഷേപം.നഗരത്തിലെ 45ഓളം വാർഡുകളെ ബാധിക്കുന്ന പ്രശ്നമായിട്ടും നിർമ്മാണപ്രവർത്തനം സംബന്ധിച്ച വ്യക്തമായ രൂപരേഖ തയാറാക്കുകയോ കുടിവെള്ളത്തിന് പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തില്ല.
കൂടാതെ, ചെറിയ പ്രദേശത്ത് മാത്രം ഒതുക്കാമായിരുന്ന ജലവിതരണ തടസം വ്യാപകമാക്കിയതിൽ ക്രമക്കേടുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്.അരുവിക്കര ശുദ്ധജലസംഭരണിയിൽ നിന്നുള്ള വെള്ളമാണ് ആറ് പ്ലാന്റുകളിലൂടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്.ഇതിനുള്ള പ്രധാന പൈപ്പുകൾ അടക്കമുള്ളവയ്ക്ക് 90 വർഷം വരെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു.
ഈ പൈപ്പുകളുടെ വിന്യാസം സംബന്ധിച്ചും വാൽവുകൾ ഘടിപ്പിച്ചിരിക്കുന്നതിലും ഇപ്പോഴുള്ള ഉദ്യോഗസ്ഥരിൽ മിക്കവർക്കും വ്യക്തതയില്ലാത്തതും അടിയന്തര ഘട്ടത്തിലുള്ള പണികളെ ബാധിക്കുന്നുണ്ട്.
ഒരു പ്രദേശത്തെ പൈപ്പ് ലൈനുകളെക്കുറിച്ചുള്ള സമഗ്രവിവരം ലഭ്യമാക്കുന്ന ആസ് ലെയ്ഡ് മാപ്പ് വാട്ടർ അതോറിട്ടിയിൽ ലഭ്യമല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഓരോയിടത്തും കടന്നുപോകുന്ന പൈപ്പ് ലൈനുകളുടെ അളവ്, ഏതുതരം, എത്ര വാൽവുകളുണ്ട്, പുതിയതായി പൈപ്പുകൾ മാറ്റിയ പോയിന്റുകൾ, പഴയ പൈപ്പുകളുള്ള സ്ഥലങ്ങൾ, പതിവായി തകരാറിലാകുന്ന പ്രദേശം, പരസ്പരം കൂടിച്ചേരുന്നയിടങ്ങൾ എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം ഈ മാപ്പിലാണുള്ളത്. പുതിയ വിവരങ്ങൾ ചേർത്ത് ഈ മാപ്പ് പരിഷ്‌കരിച്ചിട്ട് പതിറ്റാണ്ടുകളായെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |