SignIn
Kerala Kaumudi Online
Monday, 14 October 2024 10.59 PM IST

ധനമന്ത്രിമാരുടെ ദേശീയ കോൺക്ളേവ് ഇന്ന് , തിരുവനന്തപുരത്ത് കേന്ദ്രത്തിന്റെ കുരുക്കുകളും സംസ്ഥാന അവകാശവും

Increase Font Size Decrease Font Size Print Page
aravimd-panagariya

പതിനാറാം ധനകാര്യ കമ്മിഷന്റെ പ്രവർത്തനങ്ങൾ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്. ഡോ. അരവിന്ദ് പനഗരിയ ചെയർമാനായുള്ള കമ്മിഷനു മുന്നിൽ കേരളത്തിന്റെ ആവശ്യങ്ങളും അഭിപ്രായങ്ങളും അവതരിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ നിവേദനത്തിന്റെ കരട് തയാറാക്കുന്നതിനായി സാമ്പത്തിക വിദഗ്ദ്ധരുടെ ഒരു സമിതിയെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ധനകാര്യ കമ്മിഷനു മുന്നിൽ അവതരിപ്പിക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒരു വർഷമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ഇന്നു നടക്കുന്ന,​ അഞ്ചു സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും മറ്റും പങ്കെടുക്കുന്ന ദേശീയ കോൺക്ലേവ്.

ഇന്ത്യൻ ഭരണഘടനയുടെ 280-ാം ആർട്ടിക്കിൾ പ്രകാരം രൂപീകരിക്കപ്പെട്ട കേന്ദ്ര ധനകാര്യ കമ്മിഷന്റെ പ്രധാന ചുമതല,​ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകൾക്ക് മേൽനോട്ടം വഹിക്കുകയുമാണ്. ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകൾ മനസിലാക്കി,​ സന്തുലിതമായി നികുതി വിതരണം നിർവഹിക്കേണ്ട ചുമതലയാണ് ധനകാര്യ കമ്മിഷന്. രാജ്യത്തിന്റെ പൊതുവരുമാനം സംസ്ഥാനങ്ങൾക്ക് നീതിയുക്തമായി ലഭിക്കുന്നതിനുള്ള തീരുമാനങ്ങളും ധനകാര്യ കമ്മിഷനാണ് കൈക്കൊള്ളുന്നത്. അതുകൊണ്ടു തന്നെ ധനകാര്യ കമ്മിഷനു മുന്നിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങളും അഭിപ്രായങ്ങളും സമഗ്രമായി അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഫെഡറലിസവും

വെല്ലുവിളികളും


രാജ്യത്ത് സാമ്പത്തിക ഫെഡറലിസം കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനങ്ങൾക്ക് അർഹമായ സാമ്പത്തിക പരിഗണന ലഭിക്കുന്നില്ല എന്നത് ദേശീയതലത്തിൽത്തന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് തനതായ നികുതി അധികാരങ്ങൾ അനുവദിച്ചു നൽകണമെന്ന് ഭരണഘടനാ ശിൽപികൾ തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ രൂപപ്പെട്ടത് ഇത്തരം ചർച്ചകളിലൂടെയാണ്. എന്നാൽ സാമ്പത്തികാധികാരങ്ങൾ കേന്ദ്ര സർക്കാരിൽ കേന്ദ്രീകരിക്കപ്പെടുന്ന നടപടികളാണ് പിൽക്കാലത്തുണ്ടായത്.

ജി.എസ്.ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം പൂർണമായും ഇല്ലാതായി. പെട്രോൾ, ഡീസൽ, മദ്യം പോലുള്ള പരിമിതമായ വിഭവങ്ങൾക്കു മാത്രമേ ഇന്ന് സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താൻ അധികാരമുള്ളൂ. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നത്,​ രാജ്യത്തെ ആകെ പൊതു ചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങൾ വഹിക്കുന്നു എന്നാണ്. അതേസമയം,​ രാജ്യത്തെ ആകെ വരുമാനത്തിന്റെ 63 ശതമാനവും കേന്ദ്രത്തിന് ലഭിക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങൾക്കു വീതംവയ്‌ക്കേണ്ട ഡിവിസിബിൾ പൂളിലേക്ക് വരുമാനം വരുന്നത് തടയാനായി സെസ്, സർചാർജ്ജ് തുടങ്ങിയവ ധാരാളമായി ചുമത്തുന്നു. ഇവ സംസ്ഥാനങ്ങൾക്ക് വീതം വയ്‌ക്കേണ്ടതില്ലാത്ത,​ കേന്ദ്രത്തിനു മാത്രമായി ലഭിക്കുന്ന വരുമാനമാണ്.

വെട്ടിക്കുറയ്ക്കുന്ന

നികുതി വിഹിതം

പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് ഡിവിസിബിൾ പൂളിൽനിന്ന് കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന നികുതി വിഹിതം 3.87 ശതമാനമായിരുന്നത്,​ പതിനഞ്ചാം കമ്മിഷന്റെ കാലമായപ്പോഴേക്കും 1.92 ശതമാനമായി വെട്ടിക്കുറച്ചു. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം നിശ്ചയിക്കാൻ കമ്മിഷൻ അടിസ്ഥാനമാക്കുന്ന ഘടകങ്ങൾ പലതും കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാൻ ഉതകുന്നവയല്ല. 1976-ലെ ദേശീയ ജനസംഖ്യാ നയത്തിന്റെ ഭാഗമായ ലക്ഷ്യങ്ങൾ കൈവരിച്ചതിന്റെ പേരിൽ സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുന്നത് നീതികരിക്കാനാവുന്നതല്ല.

തനത് വരുമാനം വർദ്ധിക്കുമ്പോഴും ആകെ പൊതുചെലവുകൾ സംസ്ഥാനങ്ങൾക്ക് നിർവഹിക്കാൻ കഴിയാതെ വരികയാണ്. നികുതി വിഹിതത്തിൽ കേന്ദ്രം വരുത്തിയ വെട്ടിക്കുറവാണ് ഇതിനു കാരണം. കേരളത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 79 ശതമാനവും സംസ്ഥാനം തന്നെ കണ്ടെത്തുന്ന സ്ഥിതിയാണുള്ളത്. കേന്ദ്ര വിഹിതം 21 ശതമാനം മാത്രം. രാജ്യത്തിന്റെ പൊതുവായ കണക്കെടുക്കുമ്പോൾ സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിൽ ശരാശരി 65 ശതമാനം വരെ കേന്ദ്രത്തിന്റെ വിഹിതമാണ്. 45 ശതമാനം വരെ വിഹിതം ലഭിച്ചിരുന്നതാണ് ഇപ്പോൾ 21 ശതമാനത്തിലേക്ക് വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാൽ,​ ചില സംസ്ഥാനങ്ങൾക്ക് 70 ശതമാനത്തിലേറെ കേന്ദ്ര വിഹിതമായി ലഭിക്കുന്നുമുണ്ട്.

കുരുക്കാകുന്ന

സാങ്കേതികത

ഉപഭോക്തൃ സംസ്ഥാനമായ കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന ഉത്പന്നങ്ങളുടെ അളവ് ഭീമമാണ്. ഇതിന് ആനുപാതികമായ നികുതി വരുമാനം നമുക്ക് ലഭിക്കാത്തത് സാങ്കേതിക കാരണങ്ങളാലാണ്. ജി.എസ്.ടി സംവിധാനത്തിന്റെ ഈ അപാകത കേരളത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതുകൂടാതെ,​ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്രവിഹിതം കുറച്ചുകൊണ്ടുവരികയും,​ സംസ്ഥാനങ്ങളുടെ ചുമലിലേക്ക് സാമ്പത്തിക ബാദ്ധ്യത കയറ്റിവയ്ക്കുകയും ചെയ്യുന്ന തീരുമാനങ്ങൾ തുടർച്ചയായി ഉണ്ടാകുകയാണ്. ഒരുവശത്ത് വരുമാനത്തിൽ വലിയ വെട്ടിക്കുറവ് വരുത്തുകയും,​ മറുവശത്ത് സാമ്പത്തിക ഉത്തരവാദിത്തം വർദ്ധിക്കുകയും ചെയ്യുന്ന അസാധാരണ സ്ഥിതിവിശേഷമാണ് കേരളം പോലെയുള്ള സംസ്ഥാനങ്ങൾ നേരിടുന്നത്.

സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 30,000 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. 2020-21 ലെ 47,000 കോടി രൂപയിൽ നിന്ന് 2023-24 ൽ 77,000 കോടി രൂപയായി ഉയർന്നു. ഈ വരുമാന വളർച്ചയുടെ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കേന്ദ്ര വിഹിതം ഓരോ വർഷവും കുറയുന്ന പ്രശ്നം പരിഹരിക്കാനുള്ള പ്രധാന ചുമതല ധനകാര്യ കമ്മിഷനാണ്. ഈ സാഹചര്യം സൂക്ഷ്മമായി മനസിലാക്കി നയരൂപീകരണം നടത്തുവാൻ ധനക്കമ്മിഷൻ തയ്യാറാകണം. കടപരിധിയിൽ തീരുമാനമെടുക്കുന്നതും ധനകാര്യ കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ,​ മുൻ ധനകാര്യ കമ്മിഷന്റെ ശുപാർശകൾ അനുസരിച്ച് കേരളത്തിനു ലഭ്യമാകേണ്ട അർഹമായ കടപരിധിയും വെട്ടിക്കുറയ്ക്കുകയെന്ന,​ അത്യപൂർവ സ്ഥിതിവിശേഷമാണ് നമ്മൾ നേരിടുന്നത്.

നിലവിലെ സാമ്പത്തിക വിതരണ സമ്പ്രദായം സമഗ്രമായ പൊളിച്ചെഴുത്തിന് വിധേയമാകേണ്ടതുണ്ട്. ഫെഡറൽ മൂല്യങ്ങൾ സംരക്ഷിച്ചും ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ചും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ധനക്കമ്മിഷനുണ്ട്. ആ ചുമതല ധനക്കമ്മിഷൻ നിർവഹിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ജി.എസ്.ടി നടപ്പിലാവുകയും സംസ്ഥാനങ്ങൾക്ക് വീതംവയ്‌ക്കേണ്ടതില്ലാത്ത സെസുകളും സർചാർജുകളും വ്യാപകമാക്കുകയും ചെയ്യുന്ന സാഹചര്യവും, ഡിവിസിബിൾ പൂളിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വീതം നൽകുന്ന അനുപാതത്തിലെ നീതിരാഹിത്യവും പരിഹരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.