തൃശൂർ: മദ്ധ്യകേരളത്തിലെ ഉത്സവകാലം തുടങ്ങാനിരിക്കെ, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ആനകൈമാറ്റം ഹൈക്കോടതി വിലക്കിയതോടെ എഴുന്നെള്ളത്തിന് ദേവസ്വങ്ങൾ വീണ്ടും നെട്ടോട്ടത്തിലാകും.
വന്യജീവി സംരക്ഷണ നിയമത്തിന് 2022 ഡിസംബറിൽ കൊണ്ടുവന്ന ഭേദഗതിയാണ് തടസപ്പെട്ടത്. കഴിഞ്ഞ ഡിസംബറിൽ പാസാക്കിയ നിയമഭേദഗതിക്ക് മാർച്ചിലാണ് ചട്ടങ്ങളായത്. പിന്നീട്, ആറുമാസം പിന്നിട്ടിട്ടും ഒരാന പോലും കേരളത്തിലെത്തിയില്ല. കേരളത്തിലേക്ക് എത്തിക്കാൻ കഴിയുമെന്ന് ഉറപ്പില്ലാത്തതിനാൽ ആനകളെ വാങ്ങാൻ പലരും മടിക്കുകയാണ്.
ദേവസ്വങ്ങളും ഭക്തരുമെല്ലാം ചേർന്ന് പണം പിരിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ആനയെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എന്നാൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടികളും നിയമഭേദഗതികളും നടപ്പിൽ വരുത്താത്തതിനാൽ പ്രതീക്ഷകൾ മങ്ങിയെന്നാണ് ദേവസ്വം ഭാരവാഹികളുടെ പക്ഷം. പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങളും കഴിഞ്ഞദിവസം പത്രക്കുറിപ്പിൽ ഈ ആവശ്യം വ്യക്തമാക്കിയിരുന്നു.
ഒരു വർഷം ഓഗസ്റ്റ് മുതൽ മേയ് വരെയുള്ള കാലയളവിൽ 25,000 ഉത്സവങ്ങൾ കേരളത്തിൽ നടക്കുന്നെന്നാണ് ഏകദേശ കണക്ക്. ഇവയിലെല്ലാം ആന ഒഴിവാക്കാനാകാത്ത ഘടകമാണ്. യന്ത്ര ആനകളെ അടക്കം കഴിഞ്ഞ രണ്ടുവർഷമായി ഉത്സവങ്ങളിൽ എത്തിച്ചിരുന്നു. എന്നാൽ ആ രീതികളോട് ആനപ്രേമികൾ ഇണങ്ങിയിട്ടില്ല.
ആനകൾക്ക് വർക്ക് ലോഡ്
എണ്ണം കുറയുമ്പോൾ ആനകളുടെ ജോലിഭാരവും പീഡനവും കൂടുകയാണ്. ആനയെഴുന്നള്ളത്തുകൾ ഒഴിവാക്കുകയോ എണ്ണം കുറയ്ക്കുകയോ ചെയ്യേണ്ട നിലയിലായിരുന്നു കഴിഞ്ഞ ഉത്സവകാലം. ആനകളുടെ ഏക്കത്തുക വൻതോതിൽ കൂടിയതോടെ ഉത്സവ ബഡ്ജറ്റുകളും താളം തെറ്റി. 1972 ലെ വൈൽഡ് ലൈഫ് നിയമം വന്നതിനു ശേഷം നാട്ടാനകളുടെ ലഭ്യത കുറഞ്ഞുവരികയാണെന്നാണ് ദേവസ്വങ്ങൾ പറയുന്നത്. കൊവിഡ് കാലത്തിന്റെ തുടർച്ചയായി നിരവധി ആനകളാണ് ചരിഞ്ഞത്. തൃശൂർ പൂരത്തിന് ഉൾപ്പെടെ ആനകളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഘടകപൂരങ്ങളിൽ ഒരേ ആനയെ ഉപയോഗിച്ചാണ് ഈ കുറവ് പരിഹരിക്കുന്നത്. ആനകളുടെ എണ്ണം കൂട്ടാൻ ഗുരുവായൂർ ദേവസ്വം മുൻപ് കുട്ടിയാനകളെ നടയിരുത്താനുള്ള അനുമതി തേടിയിരുന്നു.
ക്ഷേത്രോത്സവങ്ങൾക്കും പെരുന്നാളുകൾക്കും നേർച്ചകൾക്കുമായി
ഉത്സവകാലം വരാനിരിക്കെ, കേരളത്തിൽ നിലവിൽ ആനകളുടെ എണ്ണം പകുതിയായി കുറഞ്ഞ സാഹചര്യം വലിയ പ്രതിസന്ധിയാണ്.
- ഡോ. പി.ബി. ഗിരിദാസ്, പ്രശസ്ത ആനചികിത്സാ വിദഗ്ദ്ധൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |