കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള അന്വേഷണത്തിൽ പുതിയ നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. വിശദമായ മൊഴിയെടുക്കാനാണ് സംഘത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ 50 പേരെയും അന്വേഷണ സംഘം കാണും. നാല് സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുപ്പ് നടത്തുക. ഇത് പത്ത് ദിവസത്തിനകം പൂർത്തിയാക്കും.
ഹൈക്കോടതി നിർദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. റിപ്പോർട്ട് പൂർണമായി പുറത്തുവിടാത്തതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.
ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഡബ്യുസിസി അംഗങ്ങൾ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കണ്ടാണ് ഇവർ ആവശ്യം ഉന്നയിച്ചത്. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പരാതികൾ സംബന്ധിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്റെ പേരിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്നും അഞ്ചംഗ പ്രതിനിധികൾ ആവശ്യപ്പെട്ടു. വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി സിനിമാ മേഖലയിൽ നടപ്പാക്കാൻ നിർദേശിച്ച ശുപാർശകൾ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മലയാള സിനിമ മേഖലയിൽ പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് നേരത്തേ തന്നെ ഡബ്യുസിസി ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ എല്ലാ തൊഴിലുകൾക്കും കൃത്യമായ കരാർ കൊണ്ടുവരണമെന്നും ലൈംഗികാതിക്രമങ്ങൾ തടയാനുള്ള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കമമെന്നും സംഘടനയ്‌ക്ക് നിലപാടുണ്ട്. സിനിമ മേഖലയുടെ സമഗ്ര പുനർ നിർമാണത്തിന് പുതിയ നിർദേശങ്ങളടങ്ങിയ പരമ്പര പ്രഖ്യാപിക്കുമെന്ന് ഡബ്യുസിസി നേരത്തേ അറിയിച്ചിരുന്നു. ഈ പരമ്പരയിലെ ആദ്യ നിർദേശമെന്ന നിലയിലാണ് തൊഴിൽ കരാർ ആവശ്യം ഉന്നയിച്ച് ഡബ്യുസിസി രംഗത്ത് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |