SignIn
Kerala Kaumudi Online
Sunday, 15 September 2024 10.56 AM IST

അനിവാര്യമാകുന്ന പരിസ്ഥിതി ബോദ്ധ്യം, ഇരകൾ സംസാരിച്ചു തുടങ്ങട്ടെ

Increase Font Size Decrease Font Size Print Page
nature

കാലാവസ്ഥയും പ്രകൃതിവിഭവങ്ങളുംകൊണ്ട് അനുഗൃഹീതമായ കേരളം ജീവിക്കുവാൻ ഏറ്റവും അനുയോജ്യമായ പ്രദേശമായിരുന്നുവെന്നത് ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരമായിരുന്നു! ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട നാടുകളിലൊന്നായി ലോകമാസകലം കേരളത്തെ വിലയിരുത്തിയിരുന്നു. അങ്ങനെ ദൈവം തനിക്കായിത്തന്നെ നിർമ്മിച്ച ഏദൻതോട്ടം ഇപ്പോൾ ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങളാൽ നരകസമാനമായിരിക്കുന്നു!

ആറു കാലങ്ങളും വഴിതെറ്റാതെ വന്നുപോകുന്ന, നൂൽമഴയും കോടയുമുള്ള, പാടവും പുഴകളും കാടുകളും കായലുകളും സ്വർണ മണൽത്തീരങ്ങളും നിറഞ്ഞ കേരളം ഇന്ന് ചെല്ലി കുത്തിമറിച്ച തെങ്ങിൻമണ്ട പോലെയായി! പരിസ്ഥിതിദിനത്തിൽ ആരോ എഴുതിക്കൊടുത്തത് നോക്കിവായിക്കുന്ന രാഷ്ട്രീയ നേതാക്കൾ മുതൽ,​ പ്രകൃതിയുടെ സ്പന്ദനം തിരിച്ചറിയാൻ കഴിയാതെ പരിസ്ഥിതി പഠനത്തെ ഒരു വിഷയം മാത്രമായിക്കണ്ട് കുട്ടികളിലേക്കു പകരുന്ന അദ്ധ്യാപകർ വരെ പ്രകൃതിദുരന്തങ്ങൾക്ക് ആക്കം കൂട്ടുകയായിരുന്നു. കടുത്ത വേനലും അതിവൃഷ്ടിയും മാറി മാറി ധൃതരാഷ്ട്രാലിഗംനം ചെയ്യുന്ന, തീരശോഷണവും കടൽക്ഷോഭവും മണ്ണൊലിപ്പും ഉരുൾപൊട്ടലുമെല്ലാം എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ദുരന്ത താഴ്വരയായി കേരളം മാറി.

സ്‌നേഹസമ്പന്നയായ പ്രകൃതിമാതാവിനെ അനിയന്ത്രിതമായി ചൂഷണം ചെയ്തതിന്റെ തിക്തഫലങ്ങളാണ് നമ്മൾ നേരിടുന്നത്. നമ്മുടെ നിലനിൽപ്പിനു തന്നെ ആധാരമായ പ്രകൃതിയെ തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ മനുഷ്യന് എന്നും മുന്നോട്ടു പോകാനായിരുന്നുള്ളൂ. പണ്ടൊക്കെ പരിസ്ഥിതിയെ വളരെ ലോലമായി മാത്രമേ അവൻ സ്പർശിച്ചിരുന്നുള്ളൂ. എന്നാൽ തനിക്കു ചുറ്റുമുള്ള എല്ലാം തനിക്ക് അനുഭവിക്കുന്നതിനു മാത്രമായി സൃഷ്ടിക്കപ്പെട്ടതാണെന്ന അബദ്ധ വിശ്വാസത്തിൽ പ്രകൃതിയെ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന സമീപനമാണ് കുറേക്കാലമായി പൊതുവെ എല്ലാവർക്കും.

മുതലാളിത്തം

പ്രേരകശക്തി

പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉയർന്നുവന്ന മുതലാളിത്ത ചിന്താഗതിയാണ് ഇതിനു പിന്നിലെ പ്രേരകശക്തി. അറ്റമില്ലാത്ത സമ്പത്തും പരിപൂർണമായ അധികാരവും പ്രഘോഷിക്കുന്ന മുതലാളിത്തം അത് സാദ്ധ്യമാക്കാനായി പ്രകൃതിയെ കഴിയുന്നത്ര ലാഭകരമായി ചൂഷണം ചെയ്യുന്നതിനെ സാധൂകരിച്ചു. കുറഞ്ഞ ജനപ്പെരുപ്പവും അതിവിശാലമായ ലോകവുമുള്ള പഴയ കാലത്ത്,​ അതിനോടുള്ള പ്രകൃതിയുടെ പ്രതികരണങ്ങൾ തിരിച്ചറിയാനാകാത്ത വിധം ലഘുവായിരുന്നു. കാലം പോകെ. മുതലാളിത്തത്തിന്റെ ബോധനങ്ങൾ ബഹുഭൂരിപക്ഷം മനുഷ്യരുടെയും ജീവിതസമീപനങ്ങളായി മാറി. കുറഞ്ഞ ജീവിതദൈർഘ്യം മാത്രമുള്ളപ്പോൾ ദീർഘകാലയളവിൽ എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് ആകുലപ്പെടേണ്ടതില്ലെന്ന ന്യായീകരണം എല്ലായിടത്തും സാധൂകരിക്കപ്പെട്ടു. സുസ്ഥിര വികസനം അടക്കമുള്ള ആശയങ്ങൾ നഗരങ്ങളിലെ പരിസ്ഥിതി മൗലികവാദികളുടെ പൊള്ളയായ ഗീർവാണങ്ങളായിക്കണ്ട് തള്ളപ്പെട്ടു.

കുന്നുകൾ മണ്ണിടിക്കാനും,​ മലകൾ പാറ പൊട്ടിക്കാനും,​ പുഴകൾ മണൽ വാരാനുമുള്ളവയായി. മലമ്പ്രദേശങ്ങളിൽ നാലുവരിപ്പാതയുണ്ടാക്കുന്നതും,​ മലതുരന്ന് തുരങ്കമുണ്ടാക്കുന്നതും,​ മലകളെ കൂട്ടിക്കെട്ടി ഭീമാകാരമായ അണക്കെട്ടുകൾ ഉയർത്തുന്നതും വികസനത്തിന്റെയും മാനവശേഷിയുടെയും അളവുകോലുകളും നാടിന്റെ അഭിമാനസ്തംഭങ്ങളുമായി. കായൽ നികത്തി ആകാശഗോപുരങ്ങൾ പണിതവനും കാടു വെട്ടി തോട്ടങ്ങളുണ്ടാക്കിയവനും ഭഗീരഥപ്രയത്നത്തിന്റെ ഉത്തമ മാതൃകകളും തലമുറകളുടെ ആരാദ്ധ്യ പുരുഷന്മാരുമായി. മറിച്ചൊരു കാഴ്ചപ്പാട് സൃഷ്ടിച്ചെടുക്കേണ്ട ഭരണകൂടങ്ങളാകട്ടെ,​ മേൽപ്പറഞ്ഞ വ്യവസ്ഥയുടെ വിശ്വസ്തരായ കാവൽഭടന്മാരായി നിലകൊള്ളുകയും ചെയ്തു.

ചൂഷകർക്ക്

പരിരക്ഷ!

ഒരു പകൽകൊണ്ട് ഒരായിരം മരം വെട്ടിയവനും,​ കാലാവധി കഴിഞ്ഞിട്ടും പാട്ടഭൂമിയിൽ നിന്നിറങ്ങാത്ത തോട്ടം മുതലാളിക്കും,​ കള്ളപ്പട്ടയങ്ങളുണ്ടാക്കി ചതുപ്പും പാടവും നികത്തി വില്ലകളും ടൗൺഷിപ്പുകളും 'സിറ്റി"കളുമുണ്ടാക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥ പ്രഭുക്കന്മാർക്കും എല്ലാ പരിരക്ഷയും ഉറപ്പുകൊടുക്കുന്ന തരത്തിൽ നിയമവ്യവഹാരങ്ങൾ കാലാകാലങ്ങളായി നടത്തുന്ന ഭരണകൂടങ്ങൾക്കൊന്നും നിയമസാധുതയുള്ള രാജമാണിക്യം റിപ്പോർട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് മറുപടിയുണ്ടാകില്ല. ഔദ്യോഗികമായ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ആധികാരികതയെക്കുറിച്ച് രാഷ്ട്രീയ കക്ഷികളിലെ സംസ്ഥാന സമിതി മുതൽ ബൂത്ത് കമ്മിറ്റി വരെയുള്ള നേതാക്കൾക്ക് അവസാനിക്കാത്ത സംശയങ്ങളുമുണ്ടായിരിക്കും.

അതുകൊണ്ട്,​ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ഗൗരവമായി പരിഗണിക്കേണ്ടത് എല്ലാ ദുരന്തങ്ങളിലും ഇരകളാക്കപ്പെടുന്ന സാധാരണക്കാരാണ്. ദൈനംദിന ജീവിതത്തിലെ മൽപ്പിടിത്തങ്ങൾ കാരണം പരിസ്ഥിതി കാഴ്ചപ്പാടുകളെക്കുറിച്ച് ആലോചിക്കാൻ സമയം കിട്ടുന്നില്ലെന്ന മുട്ടാപ്പോക്കിനൊന്നും ഇനി പ്രസക്തിയില്ല. വരൾച്ചയോ സൂര്യാഘാതമോ മഴയോ കാറ്റോ ഉണ്ടായാൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയോ,​ അണക്കെട്ടു തകരുമെന്ന ദു:സ്വപ്നമോ കണ്ടുറങ്ങേണ്ട ഗതിക്കേട് ഇന്ന് കേരളത്തിലെവിടെയും ഒരു യഥാർത്ഥ്യമാണ്.

വിധിക്കേണ്ടത്

ഇരകൾ

വിഴുപ്പലക്കിയും ഗോഷ്ടികൾ കാട്ടിയും നമ്മെ പറ്റിക്കുന്നവരെ (സ്വകാര്യമായെങ്കിലും) ചോദ്യംചെയ്യാൻ ഇനിയും വൈകരുത്. സാധാരണക്കാരുടെ ചൂണ്ടുവിരലിന്റെ ആജ്ഞാശക്തിക്കു വിധേയരാണ് എല്ലാ ഭരണകൂടങ്ങളും രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ജനങ്ങളുടേതെന്ന പേരിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ തിരിച്ചടി കൂടിയാണ് ഇവിടെ സംഭവിച്ച ഭൂരിഭാഗം പ്രകൃതിദുരന്തങ്ങളും എന്നുള്ളതുകൊണ്ട് ഇനി വിധിക്കേണ്ടത് ഇരകളാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതും പരിസ്ഥിതിക്കായി നിലകൊള്ളുന്നതും ഇനിയുള്ള കാലത്ത് പൊതുപ്രവർത്തനമല്ല; സ്വന്തം ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന സുപ്രധാനമായ സ്വകാര്യ നിലപാടാണ്!

അനന്തകോടി സസ്യ- ജന്തു സൂക്ഷ്മജാലങ്ങളുടെ പരസ്പരം ഏകോപിച്ചുള്ള പ്രവർത്തന പ്രതിപ്രവർത്തനത്താൽ സമീകൃതമായി മുന്നോട്ടു നീങ്ങുന്ന പ്രതിഭാസമായതിനാൽ, പരിസ്ഥിതിയുടെ രാഷ്ട്രീയം സ്വാഭാവികമായും സർവരുടെയും ക്ഷേമം ഉറപ്പു വരുത്തും. വൻ മുതൽമുടക്കോ മൂലധനമോ ആവശ്യമില്ലാത്തതിനാൽ സാധാരണക്കാരന്റെ അവസരങ്ങളെ അത് എന്നും ഉയർത്തിപ്പിടിക്കുകയും ചെയ്യും. വിശാലമായി നോക്കുമ്പോൾ വൈവിദ്ധ്യത്തേയും ഉൾക്കൊള്ളലിനേയും പരസ്പരാശ്രിതത്വത്തേയും പ്രകീർത്തിക്കുന്ന നിലപാടുകളേ അതിന് സ്വീകരിക്കാനാവുകയുള്ളൂ. മറുവശത്ത്, പരിസ്ഥിതി രാഷ്ട്രീയം ഒരിക്കലും വികസനത്തിനോ സമൂഹ വളർച്ചയ്ക്കോ വെല്ലുവിളിയുമല്ല. സമാധാനപരവും സമത്വാധിഷ്ഠിതവും സുസ്ഥിരവുമായ വികസനത്തിനും,​ ഉന്നതമൂല്യങ്ങളെ ഉൾക്കൊള്ളുന്നതും ദീർഘവീക്ഷണവും ഉൾക്കാഴ്ചയും സ്വായത്തമാക്കിയ സമൂഹസൃഷ്ടിക്കും പരിസ്ഥിതി ആധാരമാക്കിയ രാഷ്ട്രീയം എന്നും മുതൽക്കൂട്ടായിരിക്കും.

ഉണരേണ്ടുന്ന

ബോദ്ധ്യങ്ങൾ

പരിസ്ഥിതി സമീപനങ്ങളുടെ പേരിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും മാത്രമല്ല നയരൂപീകരണ വിശാരദരും ഭരണകൂടങ്ങളും മാദ്ധ്യമങ്ങളുമെല്ലാം നിരന്തരം ചോദ്യം ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദേശീയ ദുരന്തമാണോ അല്ലയോ എന്ന സാങ്കേതിക കസർത്തിനപ്പുറം, ഇത്തരം ദുരന്തങ്ങൾക്കിടയാക്കിയ മുൻകാല പ്രവൃത്തികൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ആരൊക്കെ കൂട്ടുനിന്നു എന്ന അന്വേഷണമാണ് വേണ്ടത്. പ്രാദേശികമായുണ്ടാകുന്ന വനനശീകരണവും മലിനീകരണവും പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണവും സാദ്ധ്യമാക്കിയത് പല തട്ടിലുമുള്ള ഭരണകൂടങ്ങളുടെയും അധികാരവൃന്ദത്തിന്റെയും രാഷ്ട്രീയ നിലപാടുകളും നയങ്ങളും കൊണ്ടായിരുന്നു.

പ്രകൃതി ദുരന്തങ്ങളെത്തുമ്പോൾ തന്റെ ഭാഗത്തുനിന്നുള്ള സംഭാവന നൽകിക്കഴിഞ്ഞാൽ ഉത്തരവാദിത്വ ബോധമുള്ള പൗരനായി എന്ന് സായുജ്യമടയുന്ന ഓരോരുത്തരും രൂപപ്പെടുത്തേണ്ട ഒരു രാഷ്ടീയ ബോദ്ധ്യമുണ്ട്. പരിസ്ഥിതി എന്നത് നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്നതാണെന്നും, ഇത്തരം ദുരന്തമുണ്ടാകുമ്പോൾ ലക്ഷണങ്ങളെ ചികിത്സിച്ച്,​ കാരണങ്ങളെ മറച്ചുപിടിക്കുന്ന രാഷ്രീയബുദ്ധിക്കു പകരം ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വത്തിനു മാത്രമേ ശാസ്ത്രബോധത്തോടെയുള്ള വികസന മാതൃകകൾ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ.

(പിറവത്തെ ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയിൽ അസി. പ്രൊഫസർ ആണ് ലേഖിക)​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.