കൊച്ചി: കേന്ദ്ര സർക്കാരിന്റെ 'സെൻസിറ്റീവ് " വിവരങ്ങളിൽ തട്ടി കേരളം ഉൾപ്പെടെ എട്ടു ഹൈക്കോടതികളിലെ ചീഫ് ജസ്റ്റുമാരുടെ നിയമനം നീളുന്നു. ചില 'സെൻസിറ്റീവ് " വിവരങ്ങൾ കേന്ദ്രത്തിന്റെ പക്കലുണ്ടെന്നും 20ന് മുദ്രവച്ച കവറിൽ അവ സമർപ്പിക്കുമെന്നാണ് ഇതുസംബന്ധിച്ച പൊതുതാത്പര്യഹർജി പരിഗണിക്കവെ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചത്. നിയമനത്തിന് തടസമായ വിവരങ്ങൾ സുപ്രീം കോടതി പരിശോധിക്കുമെന്നതിനാൽ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിനായി കേരളം അടക്കം ഇനിയും കാത്തിരിക്കേണ്ടിവരും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിക്കുക.
ചീഫ് ജസ്റ്റിസുമാരായി പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക സുപ്രീം കോടതി കൊളീജിയം ജൂലായ് 11ന് കേന്ദ്രത്തിന് കൈമാറിയിരുന്നു. ബോംബെ ഹൈക്കോടതി ജഡ്ജി നിതിൻ ജാംദറിനെയാണ് കേരള ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്തത്. എന്നാൽ നിയമമന്ത്രാലയം നിയമന ഉത്തരവിറക്കിയില്ല. രണ്ടു മാസം മുമ്പേ നടക്കേണ്ടിയിരുന്ന നിയമനങ്ങളാണിവ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ് ജൂലായ് 4 ന് വിരമിച്ചിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖാണ് നിലവിൽ കേരള ഹൈക്കോടതിയെ നയിക്കുന്നത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസാകാൻ
കൊളീജിയം നിർദ്ദേശിച്ചവർ
1-ജസ്റ്റിസ് നിതിൻ ജാംദർ (കേരളം)
2-ജസ്റ്റിസ് മൻമോഹൻ (ഡൽഹി)
3-ജസ്റ്റിസ് രാജീവ് ഷക്ധർ (ഹിമാചൽ)
4-ജസ്റ്റിസ് സുരേഷ്‌കുമാർ കെയ്ത് (ജമ്മു കാശ്മീർ)
5-ജസ്റ്റിസ് ജി.എസ്. സന്ധവാലിയ (മദ്ധ്യപ്രദേശ്)
6-ജസ്റ്റിസ് താഷി റബ്‌സ്താൻ ( മേഘാലയ)
7-ജസ്റ്റിസ് കെ.ആർ. ശ്രീറാം (മദ്രാസ്)
8-ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവു (ജാർഖണ്ഡ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |