അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലി വാളറ അഞ്ചാംമൈലിന് സമീപം ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് സഹോദരന്മാരുടെ മക്കളായ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് കാവശ്ശേരി വാഴക്കാച്ചിറയിൽ അൻഷാദ് ഇക്ബാൽ (18), പാലക്കാട് വാഴക്കാച്ചിറയിൽ അഫ്സൽ നാസർ ( 22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. കാറിനെ ഓവർടേക്ക് ചെയ്ത് പോകുന്നതിനിടെ എതിരെ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോതമംഗലം- മൂന്നാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുമായാണ് കൂട്ടിയിടിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ അൻഷാദിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും അഫ്സലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഫ്സൽ വൈകിട്ട് ഏഴ് മണിയോടെയും
അഫ്സൽ രാത്രി ഒമ്പത് മണിയോടെയുമാണ് മരിച്ചത്. പാലക്കാട് നിന്ന് മൂന്നാർ സന്ദർശനത്തിന് ഞായറാഴ്ചയാണ് യുവാക്കൾ എത്തിയത്. ഇന്നലെ ഉച്ചയോടെ തിരികെ പാലക്കാടിന് പോകുന്നതിനിടെയായിരുന്നു അപകടം. അഫ്സൽ ഗൾഫിൽ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. അൻഷാദ് വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |