ശരീരഘടനയുടെ പേരിൽ പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങുന്നവർ നമുക്കിടയിലുണ്ട്. വണ്ണത്തിന്റെ പേരിലും ഉയരത്തിന്റെ പേരിലുമെല്ലാം നിരന്തരം കളിയാക്കലുകളും അവഗണനകളും ഏറ്റുവാങ്ങുന്നവർ ധാരാളം. ഇതിൽ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ വ്യത്യാസമില്ല. കൂടാതെ അമിതവണ്ണത്തിന്റെയും അമിതമായി മെലിഞ്ഞിരിക്കുന്നതിന്റെയും ദൂഷ്യഫലങ്ങൾ സംബന്ധിച്ച് നിരവധി പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.
അമിതവണ്ണമുള്ളവർക്ക് പത്ത് തരത്തിലെ അർബുദങ്ങൾ പിടിപെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലിപ്പോൾ നല്ല ഉയരമുള്ളവരും അർദുബ രോഗ സാദ്ധ്യതയുള്ളവരാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉയരം കൂടിയ ആളുകൾക്ക് ആറ് തരത്തിലെ അർബുദ രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യതയുള്ളതായി വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ട് ഇന്റർനാഷണൽ റിസർച്ച് ആണ് ചൂണ്ടിക്കാട്ടുന്നത്.
പാൻക്രിയാസ്, വൻകുടൽ, അണ്ഡാശയം, പ്രോസ്റ്റേറ്റ്, വൃക്ക, സ്‌തനം എന്നിവിടങ്ങളിലാണ് ഉയരം കൂടിയവർക്ക് അർബുദം പിടിപെടാൻ സാദ്ധ്യതയുള്ളത്. ഓരോ 10 സെന്റിമീറ്റർ ഉയരവും ക്യാൻസർ വരാനുള്ള സാദ്ധ്യത 16 ശതമാനം വർദ്ധിപ്പിക്കുമെന്ന് യുകെ മില്യൺ വുമൺ പഠനത്തിൽ കണ്ടെത്തിയിരിക്കുകയാണ്. പുരുഷന്മാരിലും സമാന രീതിയാണ് അർബുദ സാദ്ധ്യത.
വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ട് ഇന്റർനാഷണലിന്റെ മറ്റൊരു പഠനം കാണിക്കുന്നത് ഓരോ അഞ്ച് സെന്റിമീറ്റർ അധിക ഉയരത്തിലും ആറ് അർബുദങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ഓരോ അവയവത്തിനും വ്യത്യസ്തമാണ്.
ഉയരം നിർണയിക്കുന്നതെങ്ങനെ?
ഒരു വ്യക്തിയുടെ വളർച്ച നിർണ്ണയിക്കുന്നത് ജീനുകൾ, വികാസത്തിലും വളർച്ചാ ഘട്ടത്തിലും അവർക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ പോഷകഗുണം, അളവ് എന്നിവയാണ്. ഏകദേശം 20 വയസുവരെയാണ് ഒരാൾ പരമാവധി ഉയരത്തിൽ വളരുന്നത്.
വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ട് ഇന്റർനാഷണലിന്റെ പഠനമനുസരിച്ച്, 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പല രാജ്യങ്ങളിലും ആളുകളുടെ ഉയരം വർദ്ധിച്ചതായി ചൂണ്ടിക്കാട്ടുന്നു. ശുചിത്വം, പോഷകാഹാരം എന്നിവയിലുണ്ടായ വികാസമാണ് ഇത്തരത്തിൽ ഉയരത്തെയും സ്വാധീനിച്ചതെന്നാണ് പഠനത്തിൽ പറയുന്നത്. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും കുട്ടികളിൽ ഉയരം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.
ഉയരവും അർബുദവും തമ്മിലുള്ള ബന്ധം
ഒരു വ്യക്തി അയാളുടെ പരമാവധി ഉയരത്തിലെത്തിക്കഴിഞ്ഞാൽ പിന്നീട് ഉയരം വർദ്ധിപ്പിക്കുന്നത് അസാദ്ധ്യമാണ്. ഉയരത്തിൽ മാറ്റങ്ങൾ വരുത്തുക എന്നതും അസാദ്ധ്യമാണ്. ഉയരവും അർബുദ സാദ്ധ്യതയും വരുമാന നിലവാരം, വംശീയത, ജീനുകൾ എന്നിവയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.
ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ വ്യക്തികളുടെ ഉയരവും വണ്ണവും കൂടുതലാണെന്ന് പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ പെൺകുട്ടികളിൽ ആർത്തവം ആരംഭിക്കുന്നത് പല വികസിത രാജ്യങ്ങളിലും 15 വയസിൽ നിന്ന് 11 വയസിലേയ്ക്ക് എത്തി. വളർച്ചാ ഘട്ടത്തിൽ ലഭിക്കുന്ന പോഷകങ്ങളുടെ അളവും ഹോർമോൺ വ്യതിയാനങ്ങളുമാണ് ഇതിന് കാരണമായി പറയുന്നത്. വളർച്ചയെ സ്വാധീനിക്കുന്ന ഹോർമോണുകളും സെക്‌സ് ഹോർമോണുകളും ഇതിൽ ഉൾപ്പെടുന്നു.
ഈ ഹോർമോണുകൾ ആളുകളുടെ ഉയരം പോലുള്ള ദൃശ്യഘടനയെയും ശരീരത്തിനുള്ളിലെ കോശങ്ങളുടെ വളർച്ചയെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നു. അതിനാൽ ഉയരമുള്ള ആളുകൾക്ക് ഈ ആറ് ക്യാൻസറുകൾ വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ട് ഇന്റർനാഷണലിന്റെ പഠനത്തിൽ വ്യക്തമാക്കുന്നത്.
ജീവശാസ്ത്രപരമായ കാരണം
ഒരു കോശം വിഭജിച്ച് പുതിയ കോശങ്ങൾ സൃഷ്ടിക്കുമ്പോൾ സംഭവിക്കാവുന്ന ജീനുകളുടെ കേടുപാടുകൾ മൂലമാണ് അർബുദം ഉണ്ടാകുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കോശങ്ങളുടെ വിഭജനം കൂടുന്നതിനനുസരിച്ച് ജനിതക ക്ഷതം കൂടുന്നു. ഈ ക്ഷതം പുതിയ കോശങ്ങളെ ബാധിക്കുകയും ചെയ്യുന്നു.
ശരീരത്തിൽ കൂടുതൽ കോശങ്ങളുള്ള വ്യക്തിയിൽ കൂടുതൽ കോശവിഭജനം സംഭവിക്കുന്നു. ഇത് ക്യാൻസർ വരാനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. ഉയരം കൂടിയ ആളുകളിൽ കൂടുതൽ കോശങ്ങൾ ഉള്ളതാകാം അർബുദ സാദ്ധ്യത വർദ്ധിപ്പിക്കാൻ കാരണമെന്നാണ് വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ട് ഇന്റർനാഷണലിന്റെ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് ഉയരം കൂടുതലായതിനാലും കോശങ്ങൾ കൂടുതലുള്ളതിനാലും അർബുദ സാദ്ധ്യതയും പുരുഷന്മാർക്ക് കൂടുതലാണെന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
ശരീരത്തിലെ വളർച്ചാ ഹോർമോണുകളെ നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ഐജിഎഫ്-1. ഇതിന്റെ അളവ് ശരീരത്തിൽ വർദ്ധിക്കുന്നത് സ്താർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ പോലുള്ളവയ്ക്ക് കാരണമാകുമെന്ന് ചില പഠനങ്ങളിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |