മാനന്തവാടി: പ്രസവശേഷം യുവതിയുടെ ശരീരത്തിൽ നിന്നും തുണി പുറത്തെത്തിയ സംഭവത്തിൽ പരാതിക്കാരിയിൽ നിന്നും വിദഗ്ദ്ധസംഘം തെളിവെടുപ്പ് നടത്തി. ആരോഗ്യവകുപ്പ് അസി. ഡയറക്ടർ ഡോ. വീണ സരോജി, ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സംസ്ഥാന നോഡൽ ഓഫീസർ ഡോ. ലിസി പോൾ, വയനാട് മെഡിക്കൽ കോളേജിലും കോഴിക്കോട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലും നിന്നുള്ള രണ്ട് വനിതാ ഡോക്ടർമാരടക്കമുളള നാലംഗ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ആരോഗ്യമന്ത്രി വീണജോർജിന്റെ നിർദ്ദേശപ്രകാരമാണ് തെളിവെടുപ്പ്.
രാവിലെ 9.50തോടെ യുവതിയും കുടുംബവും മെഡിക്കൽ കോളേജ് സ്‌ക്കിൽസ് ലാബിൽ ഹാജരായി. യുവതിയെ വിശദമായ പരിശോധനയ്ക്ക് വിധേയയാക്കുകയും രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ശരീരത്തിൽ നിന്നും പുറത്തേക്ക് വന്ന തുണി ആവശ്യപ്പെട്ടെങ്കിലും നൽകാൻ യുവതിയും കുടുംബവും വിസമ്മതിച്ചതിനാൽ തുണിയുടെ ഒരു കഷണം വിദഗ്ദ്ധസംഘം എടുക്കുകയായിരുന്നു. യുവതിയുടെ പ്രസവ സമയത്തും പിന്നീടും പരിചരണം നൽകിയ ഡോക്ടർമാരടങ്ങുന്ന ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നാലുമണിയോടെയാണ് പരാതിക്കാരി സ്‌കിൽസ് ലാബിൽ നിന്നിറങ്ങിയത്. റിപ്പോർട്ട് അടുത്തദിവസം ആരോഗ്യ മന്ത്രിക്കും ഹെൽത്ത് ഡയറക്ടർക്കും സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |