SignIn
Kerala Kaumudi Online
Wednesday, 18 September 2024 10.43 PM IST

ചോരുന്ന ഫോണുകൾ

Increase Font Size Decrease Font Size Print Page
phone

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ നിയമവിരുദ്ധമായി പൊലീസ് ചോർത്തുന്നതായി വെളിപ്പെടുത്തിയത് ഭരണപക്ഷത്തെ എം.എൽ.എയായ പി.വി.അൻവറാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ക്രിമിനൽ പ്രവർത്തനങ്ങൾ തെളിയിക്കാൻ താനും ഫോൺ ചോർത്തിയെന്ന് അൻവർ വാർത്താസമ്മേളനത്തിൽ തുറന്നുപറയുകയും ചെയ്തു. നിയമവിരുദ്ധമായ ഫോൺ ചോർത്തലുകളിൽ സർക്കാർ എന്ത് നടപടിയെടുത്തെന്ന് ഉടനടി അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്തുനൽകിയിരിക്കുകയാണ്. ഇതോടെ ഫോൺ ചോർത്തൽ വൻ വിവാദമായി മാറിയിരിക്കുകയാണ്.

അനധികൃതമായി ഫോൺ ചോർത്തുന്ന പൊലീസ്, ചോർത്തുന്ന വിവരങ്ങൾ വേണ്ടെപ്പട്ടവർക്ക് പങ്കുവയ്ക്കുന്നതും ഗുരുതര ആശങ്കയാണ്. തനിക്കെതിരേ പരാതി നൽകിയവരുടെയും ജീവനക്കാരുടെയും ഫോൺ ചോർത്താൻ വ്യാജപുരാവസ്തു ഇടപാടുകാരൻ മോൻസൺ മാവുങ്കൽ ഐ.ജിയോട് പറയുന്ന വീഡിയോ പുറത്തായിരുന്നു. ഇപ്പോൾ ഫോൺ ചോർത്തൽ ഉന്നയിക്കുന്നത് ഭരണകക്ഷി എം.എൽ.എയായ പി.വി അൻവറാണ്. പൊലീസ് രഹസ്യമായി ഫോൺ ചോർത്തുന്നതായി ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ഡി.ജി.പിയായിരുന്ന ജേക്കബ് തോമസും വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് പേരൂർക്കടയിൽ വാടക വീടെടുത്ത് ഫോൺ ചോർത്താനുള്ള ഉപകരണങ്ങൾ പൊലീസ് സ്ഥാപിച്ചിരുന്നെന്നും താൻ ആഭ്യന്തരമന്ത്രിയായിരിക്കെ അത് പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയെന്നുമായിരുന്നു ചെന്നിത്തലയുടെ വെളിപ്പെടുത്തൽ. ഫോൺ ചോർത്തുന്നതായി മുൻ ഡി.ജി.പി ടി.പി.സെൻകുമാറും സമ്മതിച്ചിരുന്നു. ചോർത്തുന്ന ഫോൺ വിവരങ്ങൾ പുറത്തേക്കും നൽകുന്നതാണ് ഏറ്റവും ഗുരുതരം.

കടമ്പകളേറെ

നിയമാനുസൃതം ഫോൺ ചോർത്താൻ നിലവിൽ കടമ്പകളേറെയുണ്ട്. രാജ്യദ്രോഹം, കള്ളനോട്ട് കേസുകളുമായി ബന്ധമുള്ളവരുടെ ഫോൺ നിയമാനുസൃതം ചോർത്താം. അനുമതി നൽകുന്നത് പരിശോധിക്കാൻ ചീഫ് സെക്രട്ടറി, നിയമ-പൊതുഭരണ സെക്രട്ടറിമാരടങ്ങിയ ഉന്നതസമിതിയുണ്ട്. കാരണം വിശദീകരിച്ച് ഐ.ജി മുതലുള്ളവർക്ക് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടാം. രണ്ടു മാസത്തേക്കാണ് ആദ്യ അനുമതി. പിന്നീട് ഒരു മാസം നീട്ടാം. ചോർത്തലിന് മാസംതോറും പൊലീസ് നൂറിലേറെ അപേക്ഷ നൽകുമെങ്കിലും പത്തെണ്ണം പോലും അനുവദിക്കാറില്ല. അടിയന്തര സാഹചര്യത്തിൽ മുൻകൂർ അനുമതിയില്ലാതെയും ഏഴുദിവസം ഫോൺ ചോർത്താം. പിന്നീട് അംഗീകാരം നേടണം. പക്ഷേ, കാരണം യഥാർത്ഥമായിരിക്കണം. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ നൂറിൽതാഴെപ്പേരുടെ ഫോൺ സ്ഥിരമായി ചോർത്തുന്നുണ്ട്. മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയുമൊക്കെ ഫോൺ ചോർത്തുന്നുണ്ട്.

നടപടി കടുപ്പം

നിയമപ്രകാരം ഫോൺ ചോർത്തുന്നത് അത്ര എളുപ്പമല്ല. സേവനദാതാവും പൊലീസും കർശന നടപടിക്രമങ്ങൾ പാലിച്ചിരിക്കണം. 1885ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് സെക്ഷൻ 5(2), റൂൾ 419A എന്നിവയാണ് ഫോൺ ചോർത്തലിന് അധികാരം നൽകുന്നത്. ക്രിമിനൽ കേസുകളിൽ പ്രതിയായവരുടെ ഫോണുകൾ മാത്രമേ ചോർത്താവൂ. ഫോൺ ചോർത്തലിന് കേസുകളുടെ വിവരങ്ങളും പ്രതികളുടെ ഫോൺ നമ്പറുകളുമടക്കം വിശദമായ റിപ്പോർട്ട് നൽകേണ്ടതുണ്ട്. എന്നാൽ പ്രതികൾ അല്ലാത്തവരുടെ നമ്പറുകൾ നൽകിയാലും ആരും അറിയില്ലെന്നതാണ് വാസ്തവം. മൂന്നു മാസത്തിലൊരിക്കൽ ഈ നമ്പറുകൾ ഡി.ജി.പി തല സമിതി പരിശോധിക്കണമെന്നാണ് ചട്ടം. എന്നാൽ ഇതൊക്കെ പേരിനുമാത്രമാണ്. പൊലീസ് ആസ്ഥാനത്താണ് കേന്ദ്രീകൃത ചോർത്തൽ നടത്തുന്നത്. ഈ വിവരങ്ങൾ 20 പൊലീസ് ജില്ലകളിലെ എസ്.പിമാർക്കും ലഭിക്കും. ജില്ലാ പൊലീസിന്റെ സൈബർ സെല്ലുകൾ വഴിയാണ് രേഖകൾ എസ്.പിമാർക്ക് ലഭ്യമാക്കുക. ക്രൈംബ്രാഞ്ച് ആസ്ഥാനത്തും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിലും ഇന്റലിജൻസ് ആസ്ഥാനത്തും ഫോൺ ചോർത്തൽ സംവിധാനങ്ങളുണ്ട്.

കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥരാണ് ഫോൺ ചോർത്തൽ അനിവാര്യമാണെന്ന് ആദ്യം ആവശ്യപ്പെടേണ്ടത്. രഹസ്യമായ വിവരശേഖരണമാണ് ലക്ഷ്യം. അന്വേഷണ ഉദ്യോഗസ്ഥൻ ജില്ലാ പൊലീസ് മേധാവിക്കും അവിടെ നിന്ന് ആഭ്യന്തര സെക്രട്ടറിക്കും അപേക്ഷ നൽകണം. ആഭ്യന്തര സെക്രട്ടറി അംഗീകരിച്ച് സേവനദാതാവിന് നൽകണം. വിവരങ്ങൾ ഉടനടി ശേഖരിക്കേണ്ടതുണ്ടെന്ന അടിയന്തര സാഹചര്യത്തിൽ പൊലീസിന് സേവനദാതാവിന് കത്ത് നൽകി ചോർത്തൽ തുടങ്ങാം. 7ദിവസത്തിനകം ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിക്കണം. മുൻകാലത്ത് അന്വേഷണ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന മറ്റൊരു ഫോണിലേക്ക് വിളികൾ റൂട്ടു ചെയ്യുകയായിരുന്നു രീതി. എന്നാൽ ഇപ്പോൾ സംഭാഷണം കേന്ദ്രീകൃതമായി റെക്കോർഡ് ചെയ്യാം, ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് കൈമാറാം. 2010 ഫെബ്രുവരി മൂന്നുമുതൽ പേരൂർക്കടയിലെ വാടകവീട് കേന്ദ്രമാക്കി പൊലീസ് ഫോൺ ചോർത്തുന്നുണ്ട്. പിന്നീട് ഏറെക്കാലം ഇന്റലിജൻസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിച്ചത്. ടി.പി കേസിൽ പ്രതികളെ പിടിക്കാൻ പൊലീസിന് സഹായകമായത് ഫോൺ ചോർത്തലായിരുന്നു. അരിയിൽ ഷുക്കൂർ കൊലക്കേസിൽ ടി.വി രാജേഷ് എം.എൽ.എയുടെ ഫോൺ ചോർത്തിയെന്ന് ആരോപണമുയർന്നിരുന്നു.

കടുപ്പിച്ച് കേന്ദ്രം

അടിയന്തര സാഹചര്യങ്ങളിൽ അന്വേഷണ ഏജൻസികൾ ഫോൺ ചോർത്തുന്നത് കേന്ദ്ര, സംസ്ഥാന ആഭ്യന്തര സെക്രട്ടറി 7 ദിവസത്തിനുള്ളിൽ അംഗീകരിച്ചില്ലെങ്കിൽ ചോർത്തിയ വിവരങ്ങൾ 2 ദിവസത്തിനകം നശിപ്പിക്കണമെന്നാണ് പുതിയ ടെലികോം കരടുനയത്തിലുള്ളത്. കോടതിയിൽ തെളിവായി സമർപ്പിക്കുന്നതടക്കം ഒരു കാര്യത്തിനും 7 ദിവസത്തിനിടെ ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കാൻ പാടില്ല. പഴയ ടെലഗ്രാഫ് ചട്ടമനുസരിച്ച്, അംഗീകാരം ലഭിച്ചില്ലെങ്കിൽ 7 ദിവസം കഴിഞ്ഞ് ചോർത്തുന്നത് അവസാനിപ്പിക്കണം എന്നു മാത്രമാണുണ്ടായിരുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനോ ഐ.ജി റാങ്കിൽ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥനോ ആഭ്യന്തര സെക്രട്ടറിയെ മുൻകൂർ അറിയിക്കാതെ ഫോൺ ചോർത്തലിന് ഉത്തരവിടാമെന്ന വ്യവസ്ഥ പുതിയ ചട്ടത്തിലും നിലനിറുത്തിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിമാർക്ക് 60 ദിവസത്തേക്കു വരെ നിരീക്ഷണത്തിന് ഉത്തരവിടാം. വേണമെങ്കിൽ ഇത് നീട്ടാം. 180 ദിവസത്തിൽ കവിയാൻ പാടില്ല. 2023ലെ ടെലികോം നിയമം അനുസരിച്ച് സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാദ്ധ്യമപ്രവർത്തകരുടെ വാർത്താപരമായ സന്ദേശങ്ങൾ കേൾക്കുകയോ തടസപ്പെടുത്തുകയോ ചെയ്യരുത്. എന്നാൽ, ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ഇവരുടെ സന്ദേശങ്ങളും ഇന്റർസെപ്റ്റ് ചെയ്യാനും വിലക്കാനും കഴിയും.

ഗവർണറും ഞെട്ടി

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തിൽ ചോർത്തിയെന്ന പി.വി.അൻവർ എം.എൽ.എയുടെ ആരോപണം ഗൗരവമേറിയതാണെന്നാണ് ഗവർണർ പറയുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാൽ ഇതേക്കുറിച്ച് അന്വേഷിക്കണം. അൻവർ പുറത്തുവിട്ട എസ്.പി സുജിത്ത്ദാസുമായുള്ള ഫോൺ സംഭാഷണത്തിൽ പൊലീസുദ്യോഗസ്ഥരുടെ ക്രിമിനൽ ബന്ധം വ്യക്തമാവുന്നുണ്ട്. പൊലീസിന് ചോർത്താനാവുന്ന വിവരങ്ങൾ പുറമെയുള്ളവർക്ക് ലഭിക്കുന്നത് ആശങ്കാജനകമാണ്. ഫോൺ ചോർത്തൽ സുപ്രീംകോടതി ഉത്തരവുകൾക്കും കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾക്കും വിരുദ്ധമാണ്. സോഫ്‌റ്റ്‌വെയറുപയോഗിച്ച് ഫോൺ ചോർത്തിയെന്ന എം.എൽ.എയുടെ വെളിപ്പെടുത്തലും ഗൗരവമുള്ളതാണ്. അനധികൃതമായ ഫോൺ ചോർത്തൽ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കലാണ്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഗവർണർ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPNION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.