കൊല്ലം: സ്ത്രീകളെയും പെൺകുട്ടികളെയും വലയിലാക്കുന്നത് മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് അജ്മലിന്റെ പ്രധാന ഹോബിയാണെന്ന് പ്രദേശവാസികൾ. കായംകുളം എം.എസ്.എം കോളേജിലെ ബിരുദ പഠനം പൂർത്തിയാക്കാതെ ഉപേക്ഷിച്ചു. ഇടക്കാലത്ത് സിനിമാ മോഹവുമായി എറണാകുളത്തേക്ക് പോയി. മാസങ്ങളോളം അവിടെ ചുറ്റിയടിച്ചശേഷം വാടകയ്ക്കെടുത്ത കാറുമായി മുങ്ങി. ചന്ദനമരം മോഷ്ടിച്ച കേസിലും പ്രതിയാണ്.
കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയപ്പോഴാണ് കാഷ്വാലിറ്റിയിൽ നൈറ്റ് ഡ്യൂട്ടി നോക്കിയിരുന്ന ഡോ. ശ്രീക്കുട്ടിയെ പരിചയപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്റെ മകനെന്നാണ് പരിചയപ്പെടുത്തിയത്. തന്റെ പക്കൽനിന്ന് സ്വർണത്തിന് പുറമേ എട്ട് ലക്ഷം രൂപ അജ്മൽ കൈയ്ക്കലാക്കിയതായി ഡോ. ശ്രീക്കുട്ടി മൊഴി നൽകിയിട്ടുണ്ട്.
അടുത്തിടെ വിദേശത്ത് നിന്ന് എത്തിയ ഇടക്കുളങ്ങരയിലെ സുഹൃത്തായ ശംഭുവിന്റെ വീട്ടിലെത്തി സംഭവദിവസം ഇരുവരും ഭക്ഷണം കഴിച്ചു. ശംഭുവിന്റെ കാറിൽ കരുനാഗപ്പള്ളിയിലേക്ക് പോകുംവഴിയാണ്
തിരുവോണ ദിവസം വൈകിട്ട് 5.47ന് മൈനാഗപ്പള്ളി ആനൂർക്കാവിൽ വച്ച് സ്‌കൂട്ടർ യാത്രക്കാരായ കുഞ്ഞുമോളെയും ഫാത്തിമയെയും ഇടിച്ചിട്ടത്. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടർ ഓടിച്ചിരുന്ന ഭർത്തൃസഹോദരന്റെ ഭാര്യ ഫാത്തിമ പരിക്കുകളോടെ ചികിത്സയിലാണ്.
പ്രതികൾ രാസ ലഹരി ഉപയോഗിച്ചെന്ന് സംശയം
മുഹമ്മദ് അജ്മലും ഡോ. ശ്രീക്കുട്ടിയും രാസലഹരി ഉപയോഗിച്ചെന്നും സംശയമുണ്ട്. രക്തസാമ്പിൾ ക്ലിനിക്കൽ പരിശോധനയ്ക്ക് അയക്കുമെന്ന് ശാസ്താംകോട്ട ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ അറിയിച്ചു. അജ്മലിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന് കൊല്ലം ആർ.ടി.ഒ എൻ.സി. അജിത്കുമാർ പറഞ്ഞു.
അജ്മൽ കൊല്ലം ജില്ലാ ജയിലിലും ഡോ. ശ്രീക്കുട്ടി അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാൻഡിലാണ്.
കസ്റ്റഡിക്കായി ശാസ്താംകോട്ട പൊലീസ് ഇന്ന് അപേക്ഷ നൽകും. കസ്റ്റഡിയിൽ കിട്ടിയാൽ പ്രതികൾ മദ്യപിച്ച മൈനാഗപ്പള്ളിയിലെ മൈതാനം, അപകടമുണ്ടായ ആനൂർക്കാവ് ജംഗ്ഷൻ, രക്ഷപ്പെട്ട ശാസ്താംകോട്ട - കരുനാഗപ്പള്ളി റോഡ്, കാറുപേക്ഷിച്ച് പ്രതികൾ ഓടിക്കയറിയ കരുനാഗപ്പള്ളി കോടതിക്കു സമീപത്തെ വീട്, അജ്മൽ ഒളിവിലായിരുന്ന ശൂരനാട് പതാരത്തെ സുഹൃത്തിന്റെ വീട് എന്നിവിടങ്ങളിലെത്തിച്ച് നാളെ തെളിവെടുക്കും. അജ്മലിന്റെ ഫോണിനായുള്ള തെരച്ചിലും ആരംഭിച്ചു.
അജ്മലിനെ മർദ്ദിച്ച 5പേർക്കെതിരെ കേസ്
കരുനാഗപ്പള്ളി കോടതിക്ക് സമീപത്തെ വീടിന്റെ മതിലിൽ കാറിടിച്ചു നിറുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അജ്മലിനെ മർദ്ദിച്ച കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. അനൂർക്കാവിൽ നിന്ന് ബൈക്കുകളിലും കാറിലുമായി പിന്തുടർന്ന് എത്തിയവരാണിവർ. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അജ്മൽ ശാസ്താംകോട്ട പൊലീസിന് നൽകിയ മൊഴിയുടെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് കേസ്. മർദ്ദനമേറ്റതോടെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ അജ്മലിനെ ഉടമസ്ഥൻ ഇറക്കിവിട്ടിരുന്നു. തുടർന്ന് മതിൽചാടിയാണ് രക്ഷപ്പെട്ടത്. ഇതേ വീട്ടിലേക്ക് ഓടിക്കയറിയ ശ്രീക്കുട്ടിയെ ശാസ്താംകോട്ട പൊലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |