സിംഗപ്പൂർ: ഓസോണിനെ നശിപ്പിക്കുന്ന രാസവസ്തുക്കൾ ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് ലോക കാലാവസ്ഥാ സംഘടന. ദക്ഷിണ പസഫിക്കിൽ 2022ന്റെ തുടക്കത്തിൽ സംഭവിച്ച വിനാശകരമായ അഗ്നിപർവത സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് യു.എന്നിന്റെ കാലാവസ്ഥാ വിഭാഗത്തിന്റെ പ്രസ്താവന. ടോംഗക്ക് സമീപം കടലിനടിയിലുണ്ടായ അഗ്നിപർവ്വത സ്ഫോടനം കഴിഞ്ഞ വർഷം അന്റാർട്ടിക്കക്ക് മുകളിലുള്ള ഓസോണിന്റെ പെട്ടെന്നുള്ള ശോഷണത്തിന് കാരണമായിരുന്നു.
ടോംഗ-ഹംഗ ഹാപൈ എന്നറിയപ്പെടുന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോഴുണ്ടായ ജലസ്ഫോടനം വളരെ വലുതും അസാധാരണവുമായിരുന്നു. ഇത് ദശലക്ഷക്കണക്കിന് ടൺ ജലബാഷ്പത്തെ അന്തരീക്ഷത്തിലേക്ക് ഉയർത്തിയതായി സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പുറത്തുവിട്ടിരുന്നു. ആ ജലം അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്നും അടുത്ത ഏതാനും വർഷങ്ങളിൽ അത് ഭൂമിയുടെ ഉപരിതലത്തെ തണുപ്പിക്കുമോ എന്നും കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണ് ശാസ്ത്രജ്ഞർ. കടലിനടിയിലെ വലിയ സ്ഫോടനങ്ങൾ സാധാരണയായി ഗ്രഹത്തെ തണുപ്പിക്കുമെന്നും മിക്ക അഗ്നിപർവതങ്ങളും വലിയ അളവിൽ സൾഫറിനെ പുന്തള്ളുമെന്നും ഇത് കടുപ്പമേറിയ സൂര്യരശ്മികളെ തടയുമെന്നും ഗവേഷകർ പറയുന്നു.
ഈ സാഹചര്യത്തിലാണ് ഓസോൺ പാളിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള വീണ്ടെടുപ്പിലേക്കുള്ള പാതയിലാണ് ലോകമെന്നും നിലവിലെ സാഹചര്യത്തിൽ 2066ഓടെ അന്റാർട്ടിക്ക്, 2045 ഓടെ ആർട്ടിക്, 2040തോടെ ലോകത്തിന്റെ മറ്റു ഭാഗങ്ങൾ എന്ന നിലയിൽ 1980ലെ അവസ്ഥയിലേക്ക് പാളി പുനഃസ്ഥാപിക്കാനായേക്കുമെന്നും യു.എൻ പ്രതീക്ഷിക്കുന്നത്.
സൂര്യന്റെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതാണ് ഓസോൺ പാളി. ഇത് ചർമാർബുദമടക്കമുള്ള ആരോഗ്യ അപകടങ്ങളെ തടയുന്നതിന് സഹായിക്കുന്നു. 1989ൽ പ്രാബല്യത്തിൽ വന്ന ‘മോൺട്രിയൽ പ്രോട്ടോക്കോൾ’ അനുസരിച്ച് ഓസോണിന്റെ നാശം ത്വരിതമാക്കുന്ന ക്ലോറോഫ്ലൂറോകാർബണുകളും മറ്റ് പദാർത്ഥങ്ങളും ഘട്ടംഘട്ടമായി നിറുത്തലാക്കാനുള്ള കരാർ രൂപപ്പെടുത്തിയിരുന്നു. ബഹുമുഖ സഹകരണം ബുദ്ധിമുട്ടിലായ സമയത്തും അതിന്റെ സാദ്ധ്യത പ്രതീക്ഷയുടെ ശക്തമായ പ്രതീകമായി നിലകൊള്ളുന്നുവെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രസ്താവനയിൽ പറഞ്ഞു. പല രാജ്യങ്ങളും ഇപ്പോൾ മോൺട്രിയലിലുള്ള ‘2016 കിഗാലി’ ഭേദഗതി നടപ്പിലാക്കുന്നു. ഇത് ഭൂമിയുടെ ചൂടേറ്റുന്ന ഹൈഡ്രോ ഫ്ലൂറോകാർബണുകളുടെ (എച്ച്.എഫ്.സി) ഉത്പാദനം ഘട്ടംഘട്ടമായി കുറക്കുകയും 2100ഓടെ ഏതാണ്ട് 0.5 ഡിഗ്രി സെൽഷ്യസ് ചൂട് ഒഴിവാക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |