ശ്രീനഗർ: കനത്ത സുരക്ഷയിൽ ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 10 വർഷത്തിനുശേഷമാണ് ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. കേന്ദ്ര ഭരണ പ്രദേശമായി മാറിയതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. 23 ലക്ഷത്തിലധികം വോട്ടർമാരുള്ള ജമ്മുവിൽ 219 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ജമ്മുവിൽ എട്ടും കാശ്‌മീരിൽ 16ഉം ചേർന്ന് 24 നിയമസഭാ സീറ്റുകളിലേക്കായാണ് വോട്ടെടുപ്പ് നടക്കുന്നത്.
2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലേക്കാണ് ജമ്മു കടന്നിരിക്കുന്നത്. 11,76,462 പുരുഷൻമാരും 11,51,058 സ്ത്രീകളും 60 മൂന്നാം ലിംഗക്കാരും ഉൾപ്പെടെ 23,27,580 ഇലക്‌ടർമാർ ആദ്യഘട്ടത്തിൽ വോട്ട് ചെയ്യാൻ അർഹരാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. 3,276 പോളിംഗ് സ്റ്റേഷനുകളിലായി 14,000 പോളിംഗ് ജീവനക്കാർ വോട്ടെടുപ്പിന് മേൽനോട്ടം വഹിക്കും. വൈകിട്ട് ആറുമണിവരെയാണ് പോളിംഗ് നടക്കുന്നത്.
'ഇന്ത്യ' മുന്നണിയിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യത്തിലാണ്. ബി.ജെ.പി, പി.ഡി.പി കക്ഷികൾ ഒറ്റയ്‌ക്ക് മത്സരിക്കുന്നു. ദോഡ മണ്ഡലത്തിലടക്കം കോൺഗ്രസ്, നാഷണൽ കോൺഫറൻസ് സൗഹൃദ മത്സരമുണ്ട്.
മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി(ബിജ്ബിഹാര), സി.പി.എം നേതാവ് യൂസഫ് തരിഗാമി(കുൽഗാം), മുൻ എം.പിയായ ജസ്റ്റിസ് (റിട്ട) ഹസ്‌നൈൻ മസൂദി, മുൻ എം.എൽ.എ സഹൂർ അഹമ്മദ് മിർ(പാംപോർ), നാഷണൽ കോൺഫറൻസിന്റെ മുഹമ്മദ് റാഫി ഷെയ്ക് (ഷോപ്പിയാൻ), പി.ഡി.പിയുടെ ജസ്റ്റിസ് അബ്ദുൾ റാഷിദ് മാലിക്ക് (ദൂരു) എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |