SignIn
Kerala Kaumudi Online
Friday, 13 December 2024 5.26 PM IST

''എനിക്ക് ആദ്യമായി ഉപയോഗിക്കാൻ ഒരു സ്മാർട്ട് ഫോൺ മുതൽ ഇടാനുള്ള നല്ല വസ്ത്രങ്ങൾ വാങ്ങിത്തരുന്നതെല്ലാം മധുസാറായിരുന്നു''

Increase Font Size Decrease Font Size Print Page
chintha-with-madhu

നടൻ മധുവിന് വികാരനിർഭരമായ ജന്മദിനാശംസകൾ നേർന്ന് ചിന്ത ജോറോം. താൻ പിഎച്ച്ഡിക്ക് സിനിമ വിഷയമായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന് ചിന്ത പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പറഞ്ഞുതന്നത് മധുസാർ ആണ്. അങ്ങനെയാണ് ഗവേഷണത്തിലേക്ക് കടക്കുന്നത്. മാത്രമല്ല തനിക്ക് ആദ്യമായി ഉപയോഗിക്കാൻ ഒരു സ്മാർട്ട് ഫോൺ വാങ്ങി തന്നത് മുതൽ ഇടാനുള്ള നല്ല വസ്ത്രങ്ങൾ വാങ്ങിത്തന്നത് വരെ മധുസാർ ആയിരുന്നെന്നും ചിന്ത ജെറോം കുറിച്ചു.

ചിന്തയുടെ കുറിപ്പ്-

''മലയാളത്തിന്റെ നടന വിസ്മയം ശ്രീ മധു സാർ 91ാം വയസ്സിലേക്ക് കടക്കുകയാണ്. ലോക സിനിമയ്ക്ക് മുമ്പിലേക്ക് മലയാള സിനിമ എത്തിച്ച അതുല്യ കലാകാരൻ മധു സാർ ഓരോ മലയാളിക്കും അഭിമാനമാണ്. ഈ അതുല്യ കലാകാരന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുമ്പോൾ വ്യക്തിപരമായി എനിക്ക് ആരാണ് മധു സാർ എന്ന് കുറിക്കണമെന്ന് തോന്നുന്നു.


എനിക്ക് ആരാണ് മധുസാർ ;
ഞാൻ കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ആയിരിക്കുമ്പോൾ ( ഫാത്തിമ മാതാ നാഷണൽ കോളേജിലെ രണ്ടാംവർഷ ഡിഗ്രി ഇംഗ്ലീഷ് വിദ്യാർത്ഥിനി ) യൂണിവേഴ്സിറ്റി യൂണിയന്റെ യൂത്ത് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനത്തിന് ഞാനും ജനറൽ സെക്രട്ടറി അരുൺ വികെയും കണ്ണമ്മൂലയിലുള്ള മധു സാറിന്റെ വീട്ടിലെത്തി പരിപാടിക്ക് ക്ഷണിച്ചു. സിനിമയിൽ മാത്രം കണ്ടിട്ടുള്ള മഹാനടനെ നേരിട്ട് കണ്ട വിസ്മയത്തിലായിരുന്നു ഞങ്ങൾ രണ്ടു പേരും . വീട്ടിൽ എത്തിയപ്പോൾ വീടിന് പുറകിലുള്ള പറമ്പിൽ തൊഴിലാളികൾക്കൊപ്പം ജോലിയിൽ വ്യാപൃതനായി നിൽക്കുന്ന സിനിമാതാരം മധുവിനെയാണ് ഞങ്ങൾ കണ്ടത്. ഊഷ്മളമായി ഞങ്ങളെ സ്വീകരിച്ചു സ്വീകരണ മുറിയിൽ ഇരുത്തി.


'തങ്കം,കുട്ടികൾക്ക് ചായ എടുക്കൂ' എന്ന് ഭാര്യയോട് പറഞ്ഞു. മധുസാറിന്റെ പ്രിയപത്നി ഞങ്ങൾക്കരികിൽ വന്നു മധുരവും ചായയും എല്ലാം നൽകി. ഒരു സിനിമാനടന്റെ വീട്ടിൽ ഇത്ര വലിയ സ്വീകരണം രണ്ട് വിദ്യാർത്ഥികൾക്ക് നൽകിയത് ഞങ്ങൾ തിരികെ സ്റ്റുഡൻസ് സെന്ററിൽ എത്തും വരെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പരിപാടിക്ക് വരാമെന്ന് സമ്മതിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിൽ മനോഹരമായി ആ പരിപാടി നടന്നു.


പിന്നീടൊരു ദിവസം ഞാനെന്റെ വീട്ടിൽ കൊല്ലത്ത് നിൽക്കുമ്പോൾ എന്റെ ഫോണിൽ മധു സാറിന്റെ ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു.മോളുടെ നാട്ടിൽ ഞാനുണ്ട്. ഞാൻ പെട്ടെന്ന് ഫോണുമെടുത്ത് പപ്പയുടെ അടുത്ത് ചെന്നു. പപ്പാ,എനിക്ക് സിനിമാതാരം മധുസാർ മെസ്സേജ് അയച്ചിരിക്കുന്നു. കൊല്ലത്തുണ്ടെന്ന്.


പപ്പ ലേശം അത്ഭുതത്തോടു കൂടി ചോദിച്ചു 'ചെമ്മീനിലെ മധു സാറോ ..? ഞാൻ പറഞ്ഞു അതെ '
പപ്പ പറഞ്ഞു വീട്ടിലേക്ക് ക്ഷണിക്കൂ അദ്ദേഹം വരുമോ നമ്മുടെ വീട്ടിൽ ...? ഞാൻ പറഞ്ഞു
വീട്ടിൽ വരാം എന്ന സമ്മതത്തോടു കൂടിയുള്ള മെസ്സേജ് ആണ്. ഉടൻ തന്നെ ഞാൻ മധു സാറിനെ വിളിച്ചു. പരിപാടി കഴിഞ്ഞ് ഇവിടെ എത്തുമെന്ന് പറഞ്ഞു.കൊല്ലത്തെ പരിപാടി കഴിഞ്ഞു സംഘാടകർക്കൊപ്പം അദ്ദേഹം വീട്ടിൽ എത്തി. പപ്പയും മമ്മിയും
അക്ഷരാർത്ഥത്തിൽ ഞെട്ടി നിൽക്കുകയാണ്. അവരുടെ യൗവ്വന കാലത്തെ നായകൻ അവരുടെ വീട്ടിലേക്ക് എത്തുകയാണ്. സ്‌നേഹപൂർവ്വം ഇവിടെ വന്നു. രണ്ടു മൂന്ന് മണിക്കൂർ പപ്പയുമായി ചിലവഴിച്ചു. അവർ രണ്ടു പേരും വലിയ സൗഹൃദത്തിലായി. ഇടയ്ക്കിടയ്ക്ക് പപ്പ മധു സാറിനെ വിളിക്കും മധുസാർ കൊല്ലം വഴി പോകുന്ന സമയത്ത് സമയം ക്രമീകരിച്ചു വീട്ടിൽ വരും. ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ പോലും മധുസാർ പപ്പയുമായുള്ള സൗഹൃദം തുടർന്നു.


പപ്പയുടെ മരണം അറിഞ്ഞപ്പോൾ തിരക്കുകൾക്കിടയിൽ നിന്നാണ് മധുസാർ ഓടിയെത്തിയത്. ഏതോ സിനിമാ ചിത്രീകരണത്തിൽ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ചത് അദ്ദേഹം തിരക്കുകൾ ഒഴിഞ്ഞ ഒരു ദിവസം വീട്ടിലേക്ക് വരും എന്നാണ്. എന്നാൽ വിവരമറിഞ്ഞ് അദ്ദേഹം നിൽക്കുന്നിടത്തു നിന്നും യാത്ര ചെയ്തു എത്താൻ കഴിയുന്ന സമയം മാത്രം എടുത്ത് കൊണ്ട് വീട്ടിലെത്തി കൊല്ലത്തെ ഭാരതരാഞ്ജി പള്ളിയിൽ സെമിത്തേരിയിൽ പപ്പായെ അടക്കുന്നതു വരെയുള്ള എല്ലാ കർമ്മങ്ങളിലും അദ്ദേഹം ഒപ്പം നിന്നു.ഒപ്പം നിൽക്കുക മാത്രമല്ല ഒരു കുടുംബാംഗത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് എല്ലാ ചുമതലയും നിർവഹിച്ചത് അദ്ദേഹമായിരുന്നു. തിരിച്ചു മടങ്ങുമ്പോൾ കരഞ്ഞു തളർന്നിരിക്കുന്ന എന്നോട് പറഞ്ഞത് പപ്പ പോയത് മോൾക്ക് വലിയ നഷ്ടമാണ് അത്രയും പറഞ്ഞ് അദ്ദേഹം പോയി.


മരണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം വിളിച്ചു പഠനം നിന്നു പോകരുത് പിജി പഠനത്തിനുശേഷം തുടർ വിദ്യാഭ്യാസം ചെയ്യണം എല്ലാ ഉത്തരവാദിത്വങ്ങളും പപ്പയുടെ സ്ഥാനത്ത് നിന്ന് ചെയ്യാൻ ഞാൻ ഉണ്ടാകും എന്ന് പറഞ്ഞു. യഥാർത്ഥത്തിൽ പിഎച്ച്ഡിക്ക് സിനിമ വിഷയമായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു. മധുസാറിന്റെ മകൾ ഉമ ചേച്ചിയും സിനിമയിലാണ് പിഎച്ച്ഡി പൂർത്തീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അദ്ദേഹം പറഞ്ഞു തന്നു അങ്ങനെയാണ് ഗവേഷണത്തിലേക്ക് കടക്കുന്നത്. എനിക്ക് ആദ്യമായി ഉപയോഗിക്കാൻ ഒരു സ്മാർട്ട് ഫോൺ വാങ്ങി തന്നത് മുതൽ ഇടാനുള്ള നല്ല നല്ല വസ്ത്രങ്ങൾ വാങ്ങിത്തരുന്നത് എല്ലാം മധുസാറായിരുന്നു. ഉമ ചേച്ചിയെ പോലെ തന്നെ കൂടെ നിർത്തി പഠനവും മറ്റെല്ലാ പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടു പോകണമെന്ന് നിരന്തരമായി ഉപദേശിക്കുന്ന വഴികാട്ടിയായി മധുസാറുണ്ട്.

91ന്റെ നിറവിൽ എത്തിനിൽക്കുകയാണ് നമ്മുടെ അഭിമാനമായ മധു സാർ . അദ്ദേഹം കലാരംഗത്ത് നൽകുന്ന സംഭാവനകൾക്കൊപ്പം വ്യക്തിബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിലും വലുപ്പചെറുപ്പമില്ലാതെ എല്ലാ മനുഷ്യരെയും സ്‌നേഹിക്കുന്നതിലും ഒരുവട്ടം പരിചയപ്പെട്ട വ്യക്തിയുടെ പോലും ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി അവർക്ക് ഹൃദയത്തിൽ ഇടം കൊടുക്കുന്നതിലും അപൂർവമായ മാതൃക ആണ് . എനിക്കെന്റെ വിദ്യാർത്ഥി രാഷ്ട്രീയം സമ്മാനിച്ച അവസരങ്ങളിൽ അവർണ്ണനീയമായ ഒന്നായി മധു സാറിനെ പരിചയപ്പെട്ടതും അദ്ദേഹം തന്ന കരുതലും സ്‌നേഹവും നിലനിൽക്കുകയാണ്.


ഇനിയും ഒരുപാട് നാൾ മലയാളികളുടെ കലാ മേഖലയിൽ മധുസാർ നിറഞ്ഞു നിൽക്കട്ടെ. എല്ലാവിധ ആയുരാരോഗ്യവും ഐശ്വര്യവും മധുസാറിനും കുടുംബത്തിനും ഉണ്ടാകട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു.എന്റെ പ്രിയപ്പെട്ട മധുസാറിന് എന്റെയും മമ്മിയുടെയും ഒരായിരം പിറന്നാൾ ആശംസകൾ''.

TAGS: CHINTHA JEROME, ACTOR MADHU, BIRTHDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.